ഒരു ദിവസം മുമ്പേ സര്‍പ്രൈസ് റിലീസ്; അരവിന്ദ് കരുണാകരന്‍ ത്രില്ലടിപ്പിച്ചോ? സല്യൂട്ടിന്റെ പ്രേക്ഷക പ്രതികരണം
Film News
ഒരു ദിവസം മുമ്പേ സര്‍പ്രൈസ് റിലീസ്; അരവിന്ദ് കരുണാകരന്‍ ത്രില്ലടിപ്പിച്ചോ? സല്യൂട്ടിന്റെ പ്രേക്ഷക പ്രതികരണം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 18th March 2022, 9:38 am

റിലീസ് പ്രഖ്യാപിച്ചതിലും ഒരു ദിവസം മുമ്പേ ദുല്‍ഖര്‍ സല്‍മാന്റെ സല്യൂട്ട് സോണി ലിവില്‍ റിലീസ് ചെയ്തിരിക്കുകയാണ്. മാര്‍ച്ച് 18 ന് സോണി ലിവില്‍ റിലീസ് ചെയ്യുമെന്ന് പറഞ്ഞിരുന്നുവെങ്കിലും 17 ന് തന്നെ സ്ട്രീമിംഗ് തുടങ്ങുകയായിരുന്നു. ചിത്രം റിലീസായതിന് പിന്നാലെ സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്.

ആവറേജ് ചിത്രമെന്നാണ് പലരും സല്യൂട്ടിനെ വിശേഷിപ്പിച്ചത്. എന്നാല്‍ പതിവ് ത്രില്ലര്‍ സിനിമകളില്‍ നിന്നും വ്യത്യസ്തമായ റൂട്ട് പിടിച്ച ചിത്രമാണെന്നും സിനിമ മികച്ച് നിന്നെന്നും പറയുന്ന പ്രേക്ഷകരുമുണ്ട്.

അതേസമയം ബോബി സഞ്ജയ് ടീമിന്റെ തിരക്കഥയില്‍ പലരും നിരാശ പ്രകടിപ്പിച്ചു. മുംബൈ പൊലീസിന്റെ തിരക്കഥാകൃത്തുക്കളില്‍ നിന്നും കുറച്ച് കൂടി മികച്ച കഥ പ്രതീക്ഷിച്ചിരുന്നു എന്ന് പലരും അഭിപ്രായപ്പെട്ടു. ദുല്‍ഖറിന്റെ പ്രകടനത്തിന് അഭിനന്ദനങ്ങളും വിമര്‍ശനങ്ങളുമുയര്‍ന്നു.

അതേസമയം മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച മനോജ് കെ. ജയന്റെ പ്രകടനം നന്നായി എന്നും പ്രേക്ഷകര്‍ പറയുന്നു. ജേക്‌സ് ബിജോയിയുടെ ബാക്ക്ഗ്രൗണ്ട് സ്‌കോറിനും അഭിനന്ദനങ്ങള്‍ ലഭിക്കുന്നുണ്ട്.

ഫേസ്ബുക്ക് പേജായ സിനിഫൈലിലെ പോസ്റ്റില്‍ അരുണ്‍ ആന്റണി കുറിച്ചത്.

‘സിനിമയുടെ ഒരു രീതി പറയുകാണെങ്കില്‍ ഒരു സ്ലോ പേസില്‍ ആണ് കഥ പറഞ്ഞു പോകുന്നത്. ശേഷം ഒരു ത്രില്ലിംഗിലേക്ക് കൊണ്ടുവരാന്‍ സാധിച്ചിട്ടുണ്ട്. ബോളിവുഡില്‍ നിന്നും വന്ന ഡയാന പെന്റിയുടെ ആവശ്യം ഇല്ലായിരുന്നു. മനോജ് കെ. ജയന്‍ അത്യാവശ്യം നല്ല വെടിപ്പ് ആയി ചെയ്തു,’

രാഹുല്‍ മാധവന്‍ സി.പി എഴുതിയ കുറുപ്പ് ഇങ്ങനെ

‘സത്യത്തില്‍ കുറുപ്പിനെക്കാള്‍ പ്രതീക്ഷ ഉണ്ടായിരുന്നതാണ് ഇതിന്, കാരണം റോഷന്‍ -ബോബി-സഞ്ജയ് ത്രയം തന്നെ. പോരാത്തതിന് ആദ്യം സംഗീതം സന്തോഷ് നാരായണന്‍ ആയിരുന്നു. പിന്നീട് അത് മാറി ജേക്‌സ് ബിജോയ് ആയി അപ്പോഴും ഒന്നും കുറവില്ലായിരുന്നു.

പക്ഷേ ഇവിടെ പെട്ടെന്ന് ദഹിക്കുന്ന രീതിയിലുള്ള ട്രീറ്റ്‌മെന്റില്‍ അല്ല പടം പറഞ്ഞിരിക്കുന്നത്. ഒരു പക്ഷെ അനേകം കുറ്റന്വേഷണ ചിത്രങ്ങള്‍ക്കിടയില്‍ ഈ പടത്തിനു ഒരു പറ്റം പ്രേക്ഷകര്‍ നല്ല പോയിന്റ് കണ്ടെത്താനിടയുണ്ട്, കാരണം നമ്മള്‍ കൊറിയന്‍ ചിത്രങ്ങള്‍ക്കും ഒരുപോലെ കൈയടിക്കുന്നവരാണ് എന്നത് തന്നെ. ദുല്‍ഖര്‍ തന്റെ റോള്‍ നന്നാക്കിയിട്ടുണ്ട്’.

എന്തായാലും സോഷ്യല്‍ മീഡിയയിലെല്ലാം സജീവമായി തന്നെ സല്യൂട്ട് ചര്‍ച്ചയിലുണ്ട്. അലന്‍സിയര്‍, ബിനു പപ്പു, വിജയകുമാര്‍, ലക്ഷ്മി ഗോപാലസ്വാമി, സാനിയ ഇയ്യപ്പന്‍ തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങള്‍.

തിയേറ്ററുകള്‍ക്ക് നല്‍കുമെന്ന് പറഞ്ഞ ചിത്രം ഡയറക്ട് ഒ.ടി.ടി റിലീസില്‍ പ്രതിഷേധിച്ച് തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക് ദുല്‍ഖറിനും അദ്ദേഹത്തിന്റെ നിര്‍മാണ കമ്പനിയായ വേഫേറര്‍ ഫിലിംസിനും വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.

ധാരണകളും വ്യവസ്ഥകളും ലംഘിച്ചാണ് സല്യൂട്ട് സിനിമ ഒ.ടി.ടിക്ക് നല്‍കിയതെന്നാണ് ഫിയോക് ആരോപിച്ചത്. ജനുവരി 14 ന് സല്യൂട്ട് തിയേറ്ററില്‍ റിലീസ് ചെയ്യുമെന്ന് എഗ്രിമെന്റ് ഉണ്ടായിരുന്നു. പോസ്റ്ററും അടിച്ചിരുന്നു. ഈ ധാരണ ലംഘിച്ചാണ് സിനിമ ഒ.ടി.ടിയില്‍ എത്തിക്കുന്നതെന്നും ഫിയോക് ആരോപിച്ചിരുന്നു.


Content Highlight: salute audience response