ഐ.എസും ഹിന്ദുത്വവും ഒന്നാണെന്ന് ഞാന്‍ പറഞ്ഞിട്ടില്ല, സമാനമാണെന്ന് പറഞ്ഞിരുന്നു; വിവാദത്തിനിടെ സല്‍മാന്‍ ഖുര്‍ഷിദ്
national news
ഐ.എസും ഹിന്ദുത്വവും ഒന്നാണെന്ന് ഞാന്‍ പറഞ്ഞിട്ടില്ല, സമാനമാണെന്ന് പറഞ്ഞിരുന്നു; വിവാദത്തിനിടെ സല്‍മാന്‍ ഖുര്‍ഷിദ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 14th November 2021, 8:40 am

ന്യൂദല്‍ഹി: ഹിന്ദുത്വവും ഐ.എസ്.ഐ.എസും ഒന്നാണെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദ്. എന്നാല്‍ രണ്ടും സമാനമാണെന്നാണ് താന്‍ പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

അയോധ്യയെക്കുറിച്ചുള്ള ഖുര്‍ഷിദിന്റെ സണ്‍റൈസ് ഓവര്‍ അയോധ്യ; നാഷന്‍ഹുഡ് ഇന്‍ അവര്‍ ടൈംസ് എന്ന പുതിയ പുസ്തകത്തിലെ പരാമര്‍ശം വിവാദമായതിന് പിന്നാലെയാണ് സല്‍മാന്‍ ഖുര്‍ഷിദിന്റെ പ്രതികരണം.

”ഐ.എസും ബോക്കോ ഹറാമും ഇസ്‌ലാമിനെ അപകീര്‍ത്തിപ്പെടുത്തുന്നു, എന്നാല്‍ ഒരു ഇസ്‌ലാമിക അനുയായികളും അതിനെ എതിര്‍ത്തിട്ടില്ല. ഐ.എസും ഹിന്ദുത്വവും ഒന്നാണെന്ന് ഞാന്‍ പറഞ്ഞിട്ടില്ല, അവ സമാനമാണെന്ന് ഞാന്‍ പറഞ്ഞിരുന്നു,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹിന്ദുത്വത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ചിലര്‍ ശ്രമിക്കുന്നു. അവര്‍ ഹിന്ദുമതത്തിന്റെ ശത്രുക്കളാണ്, അവര്‍ സത്യം പുറത്തുവരുമെന്ന് ഭയപ്പെടുന്നു, അവരുടെ സത്യം വെളിപ്പെടുത്തുന്ന ഏത് പുസ്തകവും അവര്‍ നിരോധിക്കും, അദ്ദേഹം പറഞ്ഞു.

താന്‍ കല്‍ക്കിധാം സന്ദര്‍ശിക്കുകയാണെന്നും ഏതെങ്കിലും മതവുമായി എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ താന്‍ ഇവിടെ വരുമായിരുന്നില്ലെന്നും ഖുര്‍ഷിദ് പറഞ്ഞു. ഹിന്ദുമതം ലോകത്ത് സമാധാനം പ്രചരിപ്പിക്കുമെന്ന് താന്‍ വിശ്വസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സല്‍മാന്‍ ഖുര്‍ഷിദിന്റെ പുസ്തകത്തില്‍ ഹിന്ദുത്വത്തെ ഐ.എസുമായി താരതമ്യപ്പെടുത്തിയെന്നാരോപിച്ച് ദല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു അഭിഭാഷകന്‍ ഖുര്‍ഷിദിനെതിരെ പരാതി നല്‍കിയിരിന്നു.

ഹിന്ദുത്വ, അതിന്റെ പൊളിറ്റിക്കല്‍ വേര്‍ഷനില്‍ ജിഹാദിസ്റ്റ് ഇസ്ലാം ഗ്രൂപ്പുകളായ ഐ.എസ്.ഐ.എസ്, ബൊക്കോ ഹറാം എന്നിവയുമായി സാമ്യമുള്ളതാണ് എന്നാണ് ഖുര്‍ഷിദ് പുസ്തകത്തില്‍ പറഞ്ഞിരിക്കുന്നത്.

പുസ്തകത്തിന്റെ പ്രകാശനത്തിന് പിന്നാലെ ബി.ജെ.പിയും ഖുര്‍ഷിദിനെതിരെ രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസില്‍ നിന്നും ഖുര്‍ഷിദിനെ പുറത്താക്കണമെന്നും ഹിന്ദുക്കളെ ബഹുമാനിക്കുന്നുണ്ടെങ്കില്‍ സോണിയ ഗാന്ധി പരാമര്‍ശത്തിന് വിശദീകരണം നല്‍കണമെന്നുമാണ് ബി.ജെ.പി ആവശ്യപ്പെടുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Salman Khurshid says Hindutva and ISIS not same, but similar amid book row