വെറുതേയല്ല, ഇതൊക്കെ കൊണ്ടാണ് ഇന്ത്യയെ ആളുകള്‍ ഫേവറീറ്റായി കാണുന്നത്: സല്‍മാന്‍ ബട്ട്
Sports News
വെറുതേയല്ല, ഇതൊക്കെ കൊണ്ടാണ് ഇന്ത്യയെ ആളുകള്‍ ഫേവറീറ്റായി കാണുന്നത്: സല്‍മാന്‍ ബട്ട്
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 15th August 2022, 9:20 pm

ഏഷ്യാകപ്പില്‍ കിരീടം നേടാന്‍ ഏറ്റവും സാധ്യതയുള്ള ടീം ഇന്ത്യയാണെന്ന് മുന്‍ പാകിസ്ഥാന്‍ ക്യാപ്റ്റന്‍ സല്‍മാന്‍ ബട്ട്. പ്ലേയേഴ്‌സിന്റെ വലിയ ഒരു പൂള്‍ തന്നെ ഇന്ത്യക്കുണ്ടെന്നും അതാണ് ഏഷ്യാകപ്പില്‍ അവര്‍ക്ക് കിരീടം നേടാനുള്ള ഏറ്റവും വലിയ സാധ്യത ഒരുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

‘ഇന്ത്യക്ക് ഏഷ്യാ കപ്പ് നേടാനാവും. അവര്‍ കളിക്കുന്ന രീതി, അവര്‍ക്കുള്ള പ്ലേയേഴ്‌സിന്റെ പൂള്‍, ഇതെല്ലാം കൊണ്ട് ആളുകള്‍ അവരെ ഫേവറീറ്റായി കാണും,’ തന്റെ യൂട്യൂബ് ചാനലില്‍ അപ്‌ലോഡ് ചെയ്ത വീഡിയോയില്‍ ബട്ട് പറഞ്ഞു.

എന്നാല്‍ പാകിസ്ഥാനും ഏത് ടീമിനേയും പരാജയപ്പെടുത്താനുള്ള കഴിവുണ്ടെന്നും അഫ്ഗാനിസ്ഥാന്‍ ഈ ഏഷ്യാകപ്പിലെ കറുത്ത കുതിരകളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘പാകിസ്ഥാന് ഏത് ടീമിനേയും പരാജയപ്പെടുത്താനുള്ള കഴിവുണ്ട്. അഫ്ഗാനിസ്ഥാന്‍ കറുത്ത കുതിരകളാണ്, കാരണം മറ്റ് ടീമുകള്‍ക്ക് അവരെ പരാജയപ്പെടുത്താന്‍ എളുപ്പമാണ്, എന്നാല്‍ അതേ കാര്യം മറ്റ് ടീമുകളോട് ചെയ്യാനുള്ള കഴിവ് അഫ്ഗാനിസ്ഥാനുണ്ട്,’ ബട്ട് പറഞ്ഞു.

നേരത്തെ ഇന്ത്യയെ പിന്തുണച്ച് ഓസ്‌ട്രേലിയന്‍ ഇതിഹാസം റിക്കി പോണ്ടിങ്ങും രംഗത്തെത്തിയിരുന്നു. വരുന്ന ടൂര്‍ണമെന്റില്‍ പാകിസ്ഥാന് മേല്‍ മേല്‍കൈ നേടാനുള്ള കഴിവ് ഇന്ത്യക്കുണ്ടെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

ഏത് ടൂര്‍ണമെന്റിലും ഇന്ത്യയെ മറികടന്നു പോകുന്നത് പ്രയാസമുള്ള കാര്യമാണ്. അത് ഏഷ്യാ കപ്പില്‍ മാത്രമല്ല. വരാനിരിക്കുന്ന ടി20 വേള്‍ഡ് കപ്പിനെ പറ്റി എപ്പോള്‍ സംസാരിച്ചാലും അവിടെയൊക്കെ ഇന്ത്യയും കാണും. മറ്റ് ടീമുകളെക്കാളും ഏറ്റവും ഡെപ്ത്ത് ഉള്ള ടീം ഇന്ത്യയാണ്. ഇത്തവണത്തെ ഏഷ്യാകപ്പ് ഇന്ത്യ തന്നെ നേടുമെന്നും പോണ്ടിങ് പറഞ്ഞു.

ഓഗസ്റ്റ് 27നാണ് യു.എ.ഇയില്‍ ഏഷ്യാകപ്പ് ആരംഭിക്കുന്നത്. ശ്രീലങ്കയില്‍ നടക്കേണ്ടിയിരുന്ന ഏഷ്യാകപ്പ് അവിടെ നടക്കുന്ന സാമ്പത്തിക പ്രതിസന്ധികളെ തുടര്‍ന്ന് മാറ്റിവെക്കുകയായിരുന്നു. ആറ് ടീമുകളായി തിരിച്ച് രണ്ട് ഗ്രൂപ്പുകളായാണ് ടൂര്‍ണമെന്റ് നടക്കുന്നത്. പാകിസ്ഥാന്‍ കൂടി ഉള്‍പ്പെട്ടിട്ടുള്ള ഗ്രൂപ്പ് എയിലാണ് ടീം ഇന്ത്യ. ടി20 ഫോര്‍മാറ്റിലാകും ഏഷ്യാകപ്പ് നടക്കുക.

Content Highlight: salman bhutt said that India has a huge pool of players and that gives them the best chance of winning the title in the Asia Cup