എഡിറ്റര്‍
എഡിറ്റര്‍
മുഖ്യമന്ത്രിയുടെ വിവാദ ഗണ്‍മാന്‍ സലീം രാജിന് സസ്‌പെന്‍ഷന്‍
എഡിറ്റര്‍
Tuesday 25th June 2013 6:24pm

Salim Raj, Chief ministers gunman

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മുന്‍ഗണ്‍മാന്‍ സലീംരാജിനെ സര്‍വ്വീസില്‍ നിന്ന് സസ്‌പെന്റ് ചെയുതു. എ.ഡി.ജി.പി ഹേമചന്ദ്രന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് സലീംരാജിനെ  സസ്‌പെന്റ് ചെയ്തത്. സോളര്‍ കേസ്സിലെ പ്രതികളുമായി സലീംരാജ് ബന്ധപ്പെട്ടിരുന്നുവെന്ന് തെളിഞ്ഞിട്ടും നടപടി വൈകിയത് വന്‍വിവാദങ്ങള്‍ക്ക് കാരണമായിരുന്നു.
Ads By Google

എ.ഡി.ജി.പി ഹേമചന്ദ്രന്റെ ഓഫീസില്‍ സലീം രാജിനെ വിളിച്ചു വരുത്തി ചോദ്യം ചെയ്തപ്പോഴാണ് സോളാര്‍ കേസിലെ മുഖ്യപ്രതികളുമായി സലീം രാജ് ഫോണില്‍ ബന്ധപ്പെട്ടിരുന്നതായി വെളിപ്പെടുത്തിയത്. സലീം രാജ് സോളാര്‍ തട്ടിപ്പിലെ മുഖ്യപ്രതി സരിത എസ് നായരുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നുവെന്ന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് പേഴ്‌സണല്‍ സ്റ്റാഫില്‍ നിന്നും മുഖ്യമന്ത്രിക്ക് ഒഴിവാക്കേണ്ടി വന്നിരുന്നു.

മുഖ്യമന്ത്രി സഹായിയായ സലീം രാജിനെ രക്ഷിക്കാന്‍ വ്യഗ്രത കാട്ടുന്നതിനെ കുറിച്ച് സഭയില്‍ ഉന്നയിച്ചപ്പോള്‍ വന്‍ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. വി.എസ് സഭയില്‍ വിഷയം അവതരിപ്പിക്കുന്നതിനടെ മുഖ്യമന്ത്രിയുടെ മകളുടെ വിവാഹമോചനക്കാര്യം പരാമര്‍ശിച്ചതിനെത്തുടര്‍ന്ന് സ്പീക്കര്‍ മൈക്ക് ഓഫ് ചെയ്തിരുന്നു.

സ്പീക്കറുടെ നടപടി ജനാധിപത്യ വിരുദ്ധമാണ്. മുഖ്യമന്ത്രിയുടെ മരുമകനായിരുന്ന ആളുടെ പരാതി സഭയില്‍ പറയാനാണ് താന്‍ ശ്രമിച്ചതെന്ന് പിന്നീട് വി.എസ് പറഞ്ഞു.

മുഖ്യമന്ത്രിയുടെ മൂത്ത മകളുടെ ഭര്‍ത്താവായിരുന്ന ആള്‍ തിരുവനന്തപുരം കുടുംബ കോടതിയില്‍ വിവാഹമോചന ഹരജിക്കൊപ്പം കൊടുത്ത സത്യവാങ്മൂലത്തില്‍ സലീം രാജ് സ്വഭാവ ദൂഷ്യമുള്ള ആളാണെന്ന് പറഞ്ഞിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ വീട്ടിലെ താമസം സലീം രാജ് ഒഴിവാക്കണമെന്നും ഇയാള്‍ സ്ത്രീലമ്പടനായ വ്യക്തിയാണെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു.

എന്നാല്‍ ഇയാള്‍ക്കെതിരെ നടപടിയെടുക്കാനോ സര്‍വീസില്‍ നിന്ന് പുറത്താക്കാനോ മുഖ്യമന്ത്രി തയ്യാറായില്ല. സരിതയുമായി ബന്ധമുള്ള സലിം രാജിനെ സംരക്ഷിക്കാനുള്ള മുഖ്യമന്ത്രിയുടെ നടപടി ദുരൂഹമാണ്.

എല്ലാ കാര്യത്തിലും സുതാര്യതയെന്ന് അവകാശപ്പെടുന്ന മുഖ്യമന്ത്രിയുടെ സുതാര്യതയാണ് ഇപ്പോള്‍ കാണുന്നത്. ഇക്കാര്യം സഭയില്‍ പറഞ്ഞ് തുടങ്ങുന്നതിന് മുന്‍പ് തന്നെ സ്പീക്കര്‍ ജനാധിപത്യ വിരുദ്ധമായി മൈക്ക് ഓഫ് ചെയ്തു.

സഭ നടത്തിക്കൊണ്ടു പോകാന്‍ കഴിയാത്ത വിധം പ്രക്ഷുബ്ദമായെന്നും അസാധാരണമായ കാര്യങ്ങള്‍ സഭയില്‍ നടക്കുന്നെന്നും പറഞ്ഞാണ് സഭ പിരിച്ചു വിട്ടത്.

ഞാന്‍ ഈ പറഞ്ഞതില്‍ എന്താണ് അസാധാരണമായി ഉള്ളത്. ഇതിനൊന്നും കൃത്യമായ മറുപടി പറയാന്‍ ഇല്ലാത്തതുകൊണ്ടാണ് സ്പീക്കര്‍ മൈക്ക് ഓഫ് ചെയ്ത് ഭരണപക്ഷത്തെ സഹായിക്കുന്നതെന്നും വി.എസ് പിന്നീട് വിശദീകരിച്ചിരുന്നു.

Advertisement