ഇതില്‍ ആരാണ് ഞാന്‍ ?; തന്റെ പേരിലെ വ്യാജ പ്രചരണങ്ങള്‍ക്കെതിരെ സലീംകുമാര്‍
Fact Check
ഇതില്‍ ആരാണ് ഞാന്‍ ?; തന്റെ പേരിലെ വ്യാജ പ്രചരണങ്ങള്‍ക്കെതിരെ സലീംകുമാര്‍
ന്യൂസ് ഡെസ്‌ക്
Monday, 11th March 2019, 7:59 pm

കൊച്ചി: സോഷ്യല്‍മീഡയയില്‍ തന്റെ ഫോട്ടോ വെച്ച് പ്രചരിക്കുന്ന വ്യാജപ്രചരണത്തിനെതിരെ നടന്‍ സലീംകുമാര്‍. വടകരയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പി ജയരാജനെ അനുകൂലിച്ചും എതിര്‍ത്തുമുള്ള പോസ്റ്ററുകള്‍ക്കെതിരെയാണ് നടന്‍ സലീംകുമാര്‍ രംഗത്തെത്തിയത്. ഫേസ്ബുക്കിലൂടെയാണ് സലീംകുമാറിന്റെ പ്രതികരണം.

“എന്റെ ചോദ്യം ഇതാണ്. ഇതില്‍ ആരാണ് ഞാന്‍ ?” എന്ന് ചോദിച്ച് കൊണ്ട് രണ്ട് വിഭാഗക്കാര്‍ പ്രചരിപ്പിക്കുന്ന ചിത്രങ്ങളും സലീംകുമാര്‍ പങ്ക് വെച്ചിട്ടുണ്ട്.

ഒരു പോസ്റ്റര്‍ “പോരാളി ഷാജി” എന്ന പേരിലും മറ്റൊന്നില്‍ പേരൊന്നും വെക്കാതെയുമാണുള്ളത്.

ഒന്നാമത്തെ പോസ്റ്റില്‍ പറയുന്നത് സലിംകുമാര്‍ ഒരു ഇടതുപക്ഷ അനുഭാവിയാണെന്നാണ്. പോസ്റ്റ് ഇങ്ങനെ- “ഞാനൊരു ഇടതുപക്ഷ അനുഭാവിയാണ്…എന്നിരുന്നാലും പറയുകയാണ്… ജയരാജനെ പോലെയുള്ള കൊലയാളികളെ മത്സരിപ്പിക്കുന്നത് സിപിഎമ്മിന് ദോഷം ചെയ്യും… എന്റെയും കുടുംബത്തിന്റെയും വോട്ട് ഇപ്രാവശ്യം യുഡിഎഫിനാണ്. ഒരു കാരണവശാലും ബിജെപി അധികാരത്തില്‍ വരരുത്…. രണ്ട് മൂന്ന് എംപിമാരെയും കൊണ്ട് കേന്ദ്രത്തില്‍ പോയിട്ട് സിപിഎമ്മിന് പ്രത്യേകിച്ചൊന്നും ചെയ്യാനില്ല”.

പോരാളി ഷാജിയുടെ പേരിലുള്ള രണ്ടാമത്തെ പോസ്റ്ററില്‍ പറയുന്നത് ഇങ്ങനെ–യാണ് ” ഞാനൊരു കോണ്‍ഗ്രസുകാരനാണ് എന്നിരുന്നാലും പറയുക, പി ജയരാജനെ പോലെയുള്ള രാഷ്ട്രീയക്കാരാണ് രാഷ്ട്രീയ രംഗത്ത് ആവശ്യം- സലിംകുമാര്‍”. ഇത് കണ്ട സലിംകുമാര്‍ സിനിമാ സ്‌റ്റൈലില്‍ തന്നെ ചോദിക്കുകയാണ്- അപ്പോള്‍ സത്യത്തില്‍ ഇതില്‍ ഏതാണ് ശരിക്കും ഞാന്‍.