ക്രിസ്മസ് ആശംസ ഇസ്‌ലാമിക വിരുദ്ധമാണെന്ന് ആവര്‍ത്തിച്ച് സാക്കിര്‍ നായിക്ക്; ആശംസാ പ്രവാഹവുമായി സോഷ്യല്‍ മീഡിയ
national news
ക്രിസ്മസ് ആശംസ ഇസ്‌ലാമിക വിരുദ്ധമാണെന്ന് ആവര്‍ത്തിച്ച് സാക്കിര്‍ നായിക്ക്; ആശംസാ പ്രവാഹവുമായി സോഷ്യല്‍ മീഡിയ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 24th December 2022, 5:21 pm

ക്വാലാലംപൂര്‍: മുസ്‌ലിങ്ങളല്ലാത്തവരുടെ ആഘോഷങ്ങളില്‍ പങ്കെടുക്കരുതെന്നും സമ്മാനങ്ങള്‍ സ്വീകരിക്കാന്‍ പാടില്ലെന്നുമുള്ള പ്രസ്താവന ആവര്‍ത്തിച്ച് സലഫി പ്രഭാഷകന്‍ സാക്കിര്‍ നായിക്ക്.

ഖുര്‍ആന്‍ സൂക്തങ്ങളെ ഉദ്ധരിച്ച് ക്രിസ്മസ് ആഘോഷങ്ങളുടെ പശ്ചാത്തലിത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. മുസ്‌ലിങ്ങളല്ലാത്തവരുടെ ആഘോഷങ്ങളില്‍ പങ്കുചേരുന്നത് ഇസ്‌ലാമിക വിരുദ്ധമാണെന്നാണ് അദ്ദേഹം സ്ഥാപിക്കുന്നത്. ഇതുസംബന്ധിച്ച് നിരവധി പോസ്റ്റുകളാണ് അദ്ദേഹത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ വന്നിട്ടുള്ളത്.

‘അമുസ്‌ലിങ്ങളുടെ ആഘോഷങ്ങള്‍ ഏതെങ്കിലും വിധത്തില്‍ അനുകരിക്കുന്നത് ഇസ്‌ലാമില്‍ അനുവദനീയമല്ല. ആഹാരം, വസ്ത്രം, തിരിതെളിക്കല്‍ എന്നിവയും സാധാരണയായുള്ള ആരാധനാക്രമത്തില്‍ മാറ്റം വരുത്തുന്നതൊന്നും അനുവദനീയമല്ല.

ആഘോഷങ്ങളുടെ ഭാഗമായി വിരുന്ന് നല്‍കുന്നതോ സമ്മാനങ്ങള്‍ കൊടുക്കുന്നതോ വാങ്ങുന്നതോ അനുവദനീയമല്ല,’ സാക്കിര്‍ നായിക്ക് പറഞ്ഞു.

ഇതിന് മുമ്പും അമുസ്‌ലിങ്ങളുടെ ആഘോഷങ്ങളില്‍ പങ്കെടുക്കരുതെന്ന പ്രസ്താവന പറഞ്ഞിരുന്നു. എന്നാല്‍ സക്കീര്‍ നായിക്കിന്റെ പോസ്റ്റിനെതിരെ വിമര്‍ശനവുമായി നിരവധി പേര്‍ രംഗത്തുവരുന്നുണ്ട്.

ആഘോഷ വേളകളില്‍ വ്യത്യസ്ത മതങ്ങളിലെ ആളുകള്‍ ആശംസകള്‍ കൈമാറുന്നത് സങ്കുചിത താല്‍പര്യമുള്ളവര്‍ക്ക് മാത്രമെ എതിര്‍ക്കാന്‍ കഴിയൂ എന്നാണ് ആളുകള്‍ പറയുന്നത്. ഇത്തരം ഒത്തുകൂടല്‍ സംസ്‌കാരത്തിന്റെ ഭാഗമാണെന്നും ചിലര്‍ പറയുന്നു. സാക്കിര്‍ നായിക്കിന് ക്രിസ്തുമസ് ആശംസകള്‍ നേര്‍ന്നാണ് ചിലര്‍ ഇതിനെ പ്രതിരോധിച്ചത്.

വിദ്വേഷ പ്രസംഗം, കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങിയ കേസുകളില്‍ ഇന്ത്യയില്‍ ആരോപണങ്ങള്‍ നേരിടുന്നയാളാണ് സാക്കിര്‍ നായിക്ക്. തുടര്‍ന്ന് രാജ്യംവിട്ട ഇദ്ദേഹം 2017 മുതല്‍ മലേഷ്യയിലാണ് താമസിച്ചുവരുന്നത്.

Content Highlight: Salafi preacher Zakir Naik  reiterated his statement that he should not participate in the celebrations of non-Muslims and should not accept gifts