പുറത്താക്കിയതിന് പിന്നില്‍ മന്ത്രി ഗണേഷ്‌കുമാര്‍; മുഖ്യമന്ത്രിക്ക് സജിത മഠത്തിലിന്റെ കത്ത്
Daily News
പുറത്താക്കിയതിന് പിന്നില്‍ മന്ത്രി ഗണേഷ്‌കുമാര്‍; മുഖ്യമന്ത്രിക്ക് സജിത മഠത്തിലിന്റെ കത്ത്
ന്യൂസ് ഡെസ്‌ക്
Friday, 9th March 2012, 9:43 am

മൂന്ന് വര്‍ഷമായി കേരള ചലച്ചിത്ര അക്കാദമി ഡെപ്യൂട്ടി ഡയരക്ടറായിരുന്ന സജിത മഠത്തിലിനെ കാരണമൊന്നും അറിയിക്കാതെ പിരിച്ചുവിട്ടിരിക്കയാണ്. കൊല്‍ക്കത്തയിലെ രബീന്ദ്ര ഭാരതി സര്‍വകലാശാലയില്‍നിന്ന് നാടകത്തില്‍ എം.എ ബിരുദം നേടിയ ശേഷം കോട്ടയത്ത്  മഹാത്മാഗാന്ധി സര്‍വകലാശാലയില്‍നിന്ന് എം.ഫിലും കരസ്ഥമാക്കിയ സജിത ഇപ്പോള്‍ ദല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ ഗവേഷണം നടത്തുകയാണ്. മന്ത്രി ഗണേഷ്‌കുമാറാണ് തന്റെ പുറത്താക്കലിന് പുറത്താക്കല്‍ നടപടിയെ തുടര്‍ന്ന് സജിത മുഖ്യമന്ത്രിക്കയച്ച കത്ത് താഴെ പ്രസിദ്ധീകരിക്കുന്നു…

ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ ഉമ്മന്‍ ചാണ്ടി,

ന്റെ പേര് സജിത മഠത്തില്‍. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയില്‍ ഡെപ്യൂട്ടി ഡയറക്ടറായി ജോലി ചെയ്തു വരികയായിരുന്നു. ചലച്ചിത്ര രംഗത്തും നാടകരംഗത്തും പ്രവര്‍ത്തിക്കുന്ന ഒരാളാണ് ഞാന്‍. മലയാള നാടകരംഗത്തിന് എന്റേതായ എളിയ സംഭാവനകള്‍ നല്കിയിട്ടുണ്ടെന്നാണ് ഞാന്‍ കരുതുന്നത്. കൊല്‍ക്കൊത്തയിലെ രബീന്ദ്ര ഭാരതി സര്‍വകലാശാലയില്‍ നിന്നു നാടകത്തില്‍ എം എ ബിരുദം നേടിയശേഷം കോട്ടയത്ത് മഹാത്മ ഗാന്ധി സര്‍വകലാശാലയില്‍ നിന്ന് എം ഫിലും നേടി. ഇപ്പോള്‍ ഡെല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ പിഎഛ്ഡിക്കായുള്ള ഗവേഷണം നടത്തുന്നു. നിരവധി നാടകങ്ങള്‍ ഇന്ത്യയില്‍ പലയിടത്തും ഇന്ത്യക്കു പുറത്തും അവതരിപ്പിച്ചിട്ടുണ്ട്. ഞാനെഴുതിയ മലയാള നാടകസ്ത്രീചരിത്രം എന്ന പുസ്തകത്തിന് കേരള സംഗീത നാടക അക്കാദമിയുടെ മികച്ച പുസ്തകത്തിനുള്ള പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ശ്രീ അടൂര്‍ ഗോപാലകൃഷ്ണന്‍ മുതലുള്ള നിരവധി സംവിധായകരുടെ സിനിമകളില്‍ ഞാന്‍ അഭിനയിച്ചിട്ടുണ്ട്. നിരവധി ടെലിവിഷന്‍ പരിപാടികളും സംവിധാനം ചെയ്തിട്ടുണ്ട്. ചലച്ചിത്ര അക്കാദമിയില്‍ ജോലിക്കു ചേരും മുമ്പ് ഡെല്‍ഹിയില്‍ സംഗീത നാടക അക്കാദമിയുടെ ഡെപ്യൂട്ടി സെക്രട്ടറി ആയിരുന്നു ഞാന്‍.

2008 ആഗസ്റ്റ് മാസം മുതലാണ് ഞാന്‍ ചലച്ചിത്ര അക്കാദമിയില്‍ ജോലി ചെയ്യാനാരംഭിച്ചത്. എല്ലാ നടപടിക്രമങ്ങളും അനുസരിച്ച് പത്രത്തില്‍ കണ്ടതനുസരിച്ച് അപേക്ഷിച്ച എനിക്ക് അഭിമുഖത്തില്‍ ഒന്നാമതെത്തിയതുകൊണ്ടാണ് ജോലി ലഭിച്ചത്. 2011 ആഗസ്റ്റ് വരെ ആയിരുന്നു ആദ്യത്തെ കരാര്‍ നിയമനം. പിന്നീടത് 2012 ആഗസ്റ്റ് വരെ നീട്ടി ഉത്തരവായി. എന്റെ കഴിവിന്റെ പരമാവധി ആത്മാര്‍ത്ഥമായി ഞാന്‍ അക്കാദമിയിലെ ജോലി ചെയ്തിട്ടുണ്ട്. അക്കാദമിയുടെ ഭാരവാഹികളില്‍ നിന്ന് ഇതു വരേക്കും നല്ല അഭിപ്രായമല്ലാതെ എനിക്കെന്തെങ്കിലും വീഴ്ച ഉണ്ടായതായ പരാതി ഉണ്ടായിട്ടില്ല, രേഖാമൂലമോ വാക്കാലോ. എന്നാല്‍ പൊടുന്നനെ എന്നെ ഈ ജോലിയില്‍ നിന്ന് പിരിച്ചു വിട്ടിരിക്കുകയാണ്. വ്യക്തിപരമായും ഒരു കലാകാരി എന്നനിലയിലും ഈ അസാധാരണ തീരുമാനം ഉണ്ടാക്കിയ വിഷമതകള്‍ അങ്ങയുടെ ശ്രദ്ധയില്‍ കൊണ്ടു വരുന്നതിനാണ് ഈ കത്ത്.

മാര്‍ച്ച് നാലിന് എനിക്കു നല്‍കിയ ഒരു കത്തു പ്രകാരം രണ്ടു മാസത്തെ നോട്ടീസ് പിരീഡിന്റെ കാലത്തെ ശമ്പളം മുന്‍കൂറായി നല്‍കി ഫെബ്രുവരി 29 മുതല്‍ ഫലത്തില്‍ വരത്തക്കവിധം എന്നെ പിരിച്ചു വിടാന്‍ നിര്‍ദേശിക്കുന്ന ചെയര്‍മാന്‍ ശ്രീ പ്രിയദര്‍ശന്റെ ഉത്തരവിന്റെ ഒരു പകര്‍പ്പാണ് എനിക്കു നല്‍കിയത്. ഈ നടപടി തികച്ചും സ്വേച്ഛാധികാരപരവും അക്കാദമിയുടെ താല്‍പര്യം പരിഗണിക്കാത്തതുമാണ്. നാളെ മാര്‍ച്ച് 8, അന്താരാഷ്ട്ര വനിതാദിനം. ലോകമെമ്പാടുമുള്ള സ്ത്രീകള്‍ അവരുടെ ദിനമായി കൊണ്ടാടുന്ന ദിവസം. ഈ ഒരു ദിനം ഒരു കലാകാരിയെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടുകൊണ്ട് അങ്ങയുടെ സര്‍ക്കാര്‍ ആചരിക്കരിക്കരുതെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.

ചലച്ചിത്ര അക്കാദമിയുടെ ചുമതലയുള്ള മന്ത്രി ആയ ശ്രീ കെ ബി ഗണേഷ്‌കുമാറിന്റെ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍ക്കനുസരിച്ചാണ് ഈ പിരിച്ചുവിടല്‍ എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. അക്കാദമി പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ അദ്ദേഹം പലതവണ എന്നോട് വളരെ ക്ഷുഭിതനായും മോശമായും എന്നോടു പെരുമാറിയിട്ടുണ്ട്. യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ അക്കാദമിയില്‍ അദ്ദേഹം നിയമിച്ച ഇഷ്ടക്കാരുടെ ചൊല്‍പ്പടിക്ക് ഞാന്‍ നില്ലാത്തതാണ് എന്നെ പിരിച്ചു വിടുന്നതിലേക്ക് അദ്ദേഹത്തെ എത്തിച്ചത്. തിരുവനന്തപുരം ചലച്ചിത്രമേളയില്‍ മത്സരവിഭാഗത്തില്‍ പ്രദര്‍ശനത്തിനായി തെരഞ്ഞെടുക്കപ്പെട്ട ആദിമധ്യാന്തം എന്ന ഞാന്‍! അഭിനയിച്ച സിനിമ ചലച്ചിത്ര മേളയില്‍ നിന്നൊഴിവാക്കാന്‍ മന്ത്രി ശ്രമിച്ചു. ഇത് തിരഞ്ഞെടുക്കപ്പെടുന്നതില്‍ എന്റെ പ്രേരണ ഉണ്ടെന്നാണ് അദ്ദേഹം ധരിച്ചിരിക്കുന്നത്. എന്നാല്‍ ഈ സിനിമ അതിന്റെ കലാമൂല്യം കൊണ്ടു മാത്രമാണ് മത്സരവിഭാഗത്തിലേക്കു തെരഞ്ഞെടുക്കപ്പെട്ടതെന്ന് ഇന്നു പ്രഖ്യാപിച്ച ദേശീയ പുരസ്‌കാരങ്ങളോടെ കൂടുതല്‍ വ്യക്തമായി. ആദിമധ്യാന്തത്തിന് നവാഗതസംവിധായകനുള്ള പ്രത്യേക ജൂറി പുരസ്‌കാരം ലഭിച്ചിരിക്കുന്നു. അതേ നാള്‍ തന്നെ ആ സിനിമയിലഭിനയിച്ച ഞാന്‍ ജോലിയില്‍ നിന്നും പുറത്തും.

ഇക്കാര്യത്തില്‍ അങ്ങ് വ്യക്തിപരമായി ഇടപെടണമെന്നും ചലച്ചിത്ര അക്കാദമി പോലുള്ള ഒരു പ്രധാന സ്ഥാപനം കെടുകാര്യസ്ഥതയിലേക്കാണ്ടു പോകുന്നത് തടയണമെന്നും അഭ്യര്‍ത്ഥിക്കുന്നു. എന്നെ പിരിച്ചു വിട്ട നടപടി പുനപരിശോധിച്ച് കരാര്‍ കാലം കഴിയുന്നതുവരെയെങ്കിലും എന്നെ ജോലിയില്‍ തുടരാനനുവദിക്കണമെന്നും അപേക്ഷിക്കുന്നു.

അങ്ങേക്ക് എന്റെ ആത്മാര്‍ത്ഥമായ വനിതാദിനാശംസകള്‍,

ആദരപൂര്‍വം,

സജിത മഠത്തില്‍

Malayalam news

Kerala news in English