ഒരു ഇന്‍സ്ട്രിയില്‍ നില്‍ക്കുമ്പോള്‍ അതിന്റെ നിയമാവലിക്ക് അനുസരിച്ച് പ്രവര്‍ത്തിക്കണം, എങ്കില്‍ മാത്രമെ സിനിമ രക്ഷപ്പെടൂ: സജി ചെറിയാന്‍
Entertainment news
ഒരു ഇന്‍സ്ട്രിയില്‍ നില്‍ക്കുമ്പോള്‍ അതിന്റെ നിയമാവലിക്ക് അനുസരിച്ച് പ്രവര്‍ത്തിക്കണം, എങ്കില്‍ മാത്രമെ സിനിമ രക്ഷപ്പെടൂ: സജി ചെറിയാന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 26th April 2023, 10:17 am

ഒരു സംഘടനക്ക് അകത്ത് പ്രവര്‍ത്തിക്കുമ്പോള്‍ അത് മുന്നോട്ട് വെക്കുന്ന നിയമങ്ങള്‍ എല്ലാവരും അനുസരിക്കണമെന്ന് സംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. എങ്കില്‍ മാത്രമെ ഇന്‍ഡസ്ട്രി രക്ഷപ്പെടുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. സിനിമാ സംഘടനകളുടെ ഭാഗത്ത് നിന്നും പരാതി ലഭിക്കുകയാണെങ്കില്‍ ആ വിഷയത്തില്‍ അന്വേഷണം നടത്തുമെന്നും നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ശ്രീനാഥ് ഭാസിയോടും ഷെയ്ന്‍ നിഗത്തിനോടും സഹകരിക്കാന്‍ തയ്യാറല്ലെന്ന് അമ്മ ഉള്‍പ്പെടെയുള്ള സംയുക്ത സിനിമാ സംഘടനകള്‍ വാര്‍ത്താ സമ്മേളനം നടത്തി അറിയിച്ചിരുന്നു. ആ വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘അവര്‍ക്കെതിരെ കുറേ ആക്ഷേപങ്ങള്‍ വന്നിട്ടുണ്ട്. അതുകൊണ്ടാണ് അങ്ങനെയൊരു നടപടിയെടുത്തത്. മുന്നോട്ട് പോകട്ടെ എങ്ങനെ വരുമെന്ന് നമുക്ക് നോക്കാം. അവര്‍ പരിശോധിച്ച് തെളിവ് സഹിതമാണല്ലോ പറഞ്ഞത്. അല്ലാതെ ആരെങ്കിലും മയക്ക് മരുന്ന് ഉപയോഗിക്കുമെന്ന് വെറുതെ പറഞ്ഞിട്ട് കാര്യമില്ലല്ലോ. അവര്‍ക്ക് അതിനെ സംബന്ധിച്ച് വ്യക്തയുണ്ടെന്നും അതിനെ സംബന്ധിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്നുമാണ് അവര്‍ അറിയിച്ചത്.

അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കില്‍ അന്വേഷണം നടത്തും. അക്കാര്യത്തില്‍ നടപടിയും സ്വീകരിക്കും. ആ കാര്യത്തില്‍ ഒരു വിട്ടുവീഴ്ച്ചയും ചെയ്യില്ല. സിനിമയില്‍ അഭിനയിക്കുന്നവര്‍ക്കും ടെക്‌നീഷ്യന്മാര്‍ക്കും എല്ലാം സംഘടനയുണ്ട്. അങ്ങനെ സംഘടനകള്‍ ഉണ്ടാക്കി വെച്ചിരിക്കുന്നത് അതിന്റെ നിയമങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ വേണ്ടിയല്ലേ.

ആ നിയമത്തിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കാത്തവരെ നമുക്കെന്ത് ചെയ്യാന്‍ കഴിയും. ഒരു ഇന്‍ഡസ്ട്രിയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ അത് മുന്നോട്ട് വെക്കുന്ന നിയമാവലിക്ക് അനുസൃതമായി പ്രവര്‍ത്തിക്കണം. അത് നമ്മുടെ പൊതു നിയമത്തിന്റെ ഭാഗം കൂടിയാണല്ലോ. അതിന് വിധേയമാണ് എല്ലാവരും. അതിന് വിധേയമായി നിന്നാല്‍ മാത്രമേ ആ ഇന്ഡസ്ട്രി രക്ഷപെടുകയുള്ളു. ഇപ്പോള്‍ ഉന്നയിക്കപ്പെടുന്ന തരത്തിലുള്ള പരാതികള്‍ മുമ്പ് ഉണ്ടായിട്ടില്ല. ഒര കൂട്ടായ്മയുടെ കുറവ് സിനിമയില്‍ കാണുന്നുണ്ട്,’ സജി ചെറിയാന്‍ പറഞ്ഞു.

മയക്കുമരുന്നിന് അടിമകളായ നടന്മാരുമായി സഹകരിക്കില്ലെന്നും ശ്രീനാഥ് ഭാസിയും ഷെയ്‌നും പെരുമാറുന്നത് പലപ്പോഴും ബോധമില്ലാതെയാണെന്നും സ്ഥിരമായി മയക്കുമരുന്നുപയോഗിക്കുന്നവരുടെ പേരുവിവരങ്ങള്‍ സര്‍ക്കാരിന് നല്‍കുമെന്നുംഇന്നലെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംഘടനകള്‍ അറിയിച്ചിരുന്നു.

 

content highlight: saji cherian reacts sreenath bhasi and shane nigam issue