Administrator
Administrator
വിശുദ്ധ അല്‍ഫോണ്‍സാമ്മയുടെ ജന്മഗൃഹത്തിലേക്ക് വെര്‍ച്ച്വല്‍ ടൂര്‍ പോകാം
Administrator
Sunday 24th July 2011 1:01pm

യാത്ര / ജാനറ്റ്

കോട്ടയം നഗരത്തില്‍ നിന്നും ആറ് കിലോമീറ്ററുകള്‍ക്കപ്പുറമുള്ള കുടമാളൂര്‍ ഗ്രാമത്തിലാണ് വിശുദ്ധ അല്‍ഫോണ്‍സാമ്മയുടെ ജന്മഗൃഹം. കുടമാളൂരിലെ മുട്ടത്ത്പാടത്താണ് അന്നക്കുട്ടിയെന്ന അല്‍ഫോണ്‍സാമ്മ പിറന്നുവീണത്.

അന്നക്കുട്ടിയുടെ പഴയ വീട് അതേ പടി പരിപാലിച്ച്‌കൊണ്ട് ഭക്തര്‍ക്കായി സൂക്ഷിച്ചിരിക്കുന്നു. ഓരോവര്‍ഷവും ലക്ഷക്കണക്കിനാളുകളാണ് അമ്മയുടെ മണമുള്ള ഈ മണ്ണ് തേടിയെത്തുന്നത്. പഴയ നാലു മുറി വീട്. അകത്തളത്തിലേക്കിറങ്ങി വലത്തേക്ക് തിരിഞ്ഞാല്‍ ആദ്യം കാണുന്നത് അന്നക്കുട്ടിയുടെ പിതാവ് ജോസഫ് കിടന്നിരുന്ന മുറി. അതിന് തൊട്ടടുത്ത് തന്നെ അന്നക്കുട്ടിയുടെ മുറി. അതിനുള്ളില്‍ വിശുദ്ധ പിറന്നു വീണ കട്ടില്‍. അകത്തെ ചുറ്റുഭിത്തിയില്‍ അല്‍ഫോണ്‍സാമ്മയുടെ ജീവിതത്തിന്റെ കലാവിഷ്‌കാരങ്ങള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. വീട് സംരക്ഷിക്കുന്നതിനായി ചുറ്റും കൂത്തമ്പലത്തിന്റെ മാതൃകയില്‍ സംരക്ഷണവലയും തീര്‍ത്തിരിക്കുന്നു. ഇതിനോട് ചേര്‍ന്ന് ഒരു ചാപ്പലുമുണ്ട്. അല്‍ഫോണ്‍സാമ്മയെ കാണാന്‍ ഇവിടെയെത്തുന്ന എല്ലാവരും ഈ ചാപ്പലില്‍ പ്രാര്‍ത്ഥനകള്‍ നടത്താറുണ്ട്.

ജന്മഗേഹത്തില്‍ നിന്ന് ഏതാണ്ട് ഒരു കിലോമീറ്റര്‍ യാത്രചെയ്താല്‍ കുടമാളൂര്‍ പള്ളിയിലെത്തും. പഴമയുടെ എല്ലാ പ്രൗഢിയുമുള്ള ഈ പള്ളി പോര്‍ച്ചുഗീസ് ശൈലിയിലാണ് പണിതത്. ഇവിടെയാണ് അല്‍ഫോന്‍സാമ്മയുടെ ജ്ഞാനസ്‌നാനം നടന്നത്. പള്ളിയിലേക്ക് പ്രവേശിക്കുമ്പോള്‍ തന്നെ വലതുവശത്തായി അല്‍ഫോണ്‍സാമ്മ ജ്ഞാനസ്‌നാനം സ്വീകരിച്ച മാമോദീസതൊട്ടി ചില്ലുകൂടില്‍ സംരക്ഷിച്ചിരിക്കുന്നതായി കാണാം.

അന്നക്കുട്ടിക്ക് വെറും 90ദിവസം പ്രായമുണ്ടായിരുന്നപ്പോഴാണ് അമ്മ മറിയം ഇഹലോകവാസം വെടിഞ്ഞത്. അമ്മയുടെ സഹോദരിയായ അന്നമ്മയുടെ സംരക്ഷണയിലാണ് അന്നക്കുട്ടിവളര്‍ന്നത്. മുട്ടുച്ചിറ കവലയില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലയെയാണ് മറിയത്തിന്റെ സഹോദരി അന്നമ്മയുടെ മുരിക്കല്‍ തടവാട്. മരച്ചുവരുകളും നെടുനീളന്‍ വരാന്തയുമുള്ള ഓടുപാകിയ വീട്. ഉള്ളിലേക്ക് പ്രവേശിച്ചാല്‍ അല്‍പം വിശാലമായ ഒരു മുറിയാണാദ്യം കാണുക. അവിടെ അല്‍ഫോണ്‍സാമ്മ ഉപയോഗിച്ചിരുന്ന കട്ടില്‍ കാണാം. തൂവെള്ള തുണി വിരിച്ച കട്ടിലില്‍ അല്‍ഫോണ്‍സാമ്മയുടെ ചിത്രവും വലിയൊരു ജപമാലയും സൂക്ഷിച്ചിട്ടുണ്ട്. മുറിയുടെ മൂലയ്ക്ക് സാക്ഷയടഞ്ഞ വാതിലിനരികില്‍ നിറം മങ്ങിയ തൂക്ക് വിളക്ക്. അതിന് മുകളിലുള്ള തട്ടില്‍ ഒരു മരത്തൊട്ടില്‍ കാണാം. അന്നക്കുട്ടി കുഞ്ഞുനാളിലുറങ്ങിയ തൊട്ടിലാണിത്.

അവിടെ നിന്നും നോക്കിയാല്‍ മരച്ചുവരില്‍ പത്തായപ്പുരയുടെ വാതില്‍ കാണാം. ഇതിന് തൊട്ടടുത്തുള്ള മുറിയിലാണ് അന്നക്കുട്ടി പ്രാര്‍ത്ഥിച്ചിരുന്നത്. ഈ മുറി ഇപ്പോള്‍ അള്‍ത്താരയാണ്. അല്‍ഫോണ്‍സാമ്മയുടെ പഴയ ചിത്രം ഈ മുറിയിലുണ്ട്. ചട്ടയും മുണ്ടുമാണ് വേഷം. യുവതിയായ അന്നക്കുട്ടി ജപമാല കയ്യില്‍ മുറുകെ പിടിച്ചിരിക്കുന്നു. മേക്കാത് കുത്തി കുണുക്കിട്ടിട്ടുണ്ട്.

വീടിന് പുറത്ത് ഇടതുഭാഗത്തായാണ് അന്നക്കുട്ടി കാല്‍പൊള്ളിച്ച ചാരക്കുഴിയുള്ളത്.വിവാഹാലോചനയില്‍ നിന്നൊഴിവാകാനായി ഈ കുഴിയിലേക്കാണ് അന്നക്കുട്ടി കാല്‍താഴ്ത്തിയത്. ഈ സംഭവത്തിനുശേഷമാണ് കന്യാസ്ത്രീയാവാനായി ക്ലാരമഠത്തിലേക്ക് പോകുന്നത്. ഭരണങ്ങാനം പള്ളിയുടെ എതിര്‍വശത്താണ് ക്ലാരമഠം. ഭരണങ്ങാനം പള്ളിയുടെ എതിര്‍ശത്തുള്ള പഴയ ക്ലാര മഠത്തില്‍ നിന്നാണ് അന്നക്കുട്ടിയുടെ സന്ന്യാസജീവിതം ആരംഭിച്ചത്. മഠത്തിന്റെ ഗേറ്റ് കടന്നാല്‍ വലതുവശത്ത് അല്‍ഫോണ്‍സാമ്മ ദിവസവും പ്രാര്‍ത്ഥിച്ചിരുന്ന ചാപ്പല്‍ കാണാം. ഇതിന് എതിര്‍വശത്താണ് അല്‍ഫോന്‍സാമ്മ താമസിച്ചിരുന്ന പഴയ കെട്ടിടം. ഈ കെട്ടിടം അതേ പടി ഇന്നും സൂക്ഷിച്ചിരിക്കുകയാണ്.

അല്‍ഫോണ്‍സാമ്മയുടെ മനോഹരമായ കയ്യക്ഷരത്തിലുള്ള എഴുത്തുകള്‍, ഉപയോഗിച്ചിരുന്ന വസ്തുക്കള്‍, അപൂര്‍വ ചിത്രങ്ങള്‍, പുസ്തകങ്ങള്‍ എന്നിവ ഈ കെട്ടിടത്തില്‍ സൂക്ഷിച്ചിട്ടുണ്ട്. നൂറ്റാണ്ടുകളോളം പഴക്കമുള്ള ഭരണങ്ങാനം പള്ളി കഴിഞ്ഞുവേണം അല്‍ഫോന്‍സാമ്മയുടെ കബറിടമൂള്ള പള്ളിയിലേക്കെത്താന്‍. ചെറിയൊരു കുന്നിന്‍ മുകളിലാണ് പള്ളി.

Advertisement