എഡിറ്റര്‍
എഡിറ്റര്‍
സ്വിസ് ഓപ്പണില്‍ വീണ്ടും മുത്തമിട്ട് സൈന
എഡിറ്റര്‍
Monday 19th March 2012 12:28pm

ബാസല്‍: സ്വിസ് ഓപ്പണ്‍ ബാഡ്മിന്റണ്‍ കിരീടം ഇന്ത്യയുടെ സൈന നെഹ്‌വാള്‍ നിലനിര്‍ത്തി. കിരീടപ്പോരാട്ടത്തില്‍ ലോക മൂന്നാം നമ്പര്‍താരം ചൈനയുടെ സിക്‌സിയാന്‍ വാങ്ങിനെ നേരിട്ടുള്ള സെറ്റുകളില്‍ കീഴടക്കിയാണ് ലോക റാങ്കിംഗില്‍ അഞ്ചാം സ്ഥാനക്കാരിയായ സൈന തുടര്‍ച്ചയായ രണ്ടാം തവണയും സ്വിസ് ഓപ്പണ്‍ കിരീടത്തില്‍ മുത്തമിട്ടത്.

സ്‌കോര്‍: 21-19, 21-16. 48 മിനിട്ട് മാത്രമേ പോരാട്ടം നീണ്ടു നിന്നുള്ളു. കിരീട നേട്ടത്തിലൂടെ 63 ലക്ഷം രൂപ സമ്മാനത്തുകയായി സൈനയ്ക്ക് ലഭിക്കും. ഈ വര്‍ഷം സൈന നേടുന്ന പ്രധാന കിരീടമാണിത്. വിജയം തന്റെ കോച്ച് പി.ഗോപിചന്ദിനും പിതാവ് ഹവീന്ദര്‍ സിംഗിനും സമര്‍പ്പിക്കുന്നതായി സൈന പറഞ്ഞു. സെന്റ് ജേക്കബ് ഹാലെയില്‍ നടന്ന ഫൈനല്‍ പോരാട്ടത്തില്‍ മലയാളികളുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ആരാധകരുടെ പിന്തുണയും സൈനയ്ക്കുണ്ടായിരുന്നു.

63 ലക്ഷം രൂപയാണ് ടൂര്‍ണമെന്റിലെ ആകെ സമ്മാനത്തുക. ശനിയാഴ്ച 23ാം പിറന്നാള്‍ ആഘോഷിച്ച സൈനയ്ക്കുള്ള പിറന്നാള്‍ സമ്മാനം കൂടിയായി സ്വിസ് ഓപ്പണിലെ വിജയം. ഏപ്രിലില്‍ നടക്കുന്ന ഏഷ്യന്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിനും ലണ്ടന്‍ ഒളിമ്പിക്‌സിനും മുന്നോടിയായി നേടിയ ജയം സൈനയ്ക്ക് വരാനുള്ള ടൂര്‍ണമെന്റുകളില്‍ കൂടുതല്‍ ആത്മവിശ്വാസം നല്‍കും.

മലയാളി താരങ്ങളായ സനേവ് തോമസും രൂപേഷ് കുമാറും പുരുഷ ഡബിള്‍സിലും വി.ഡിജു മിക്‌സഡ് ഡബിള്‍സിലും മത്സരിച്ചിരുന്നെങ്കിലും ക്വാര്‍ട്ടറില്‍
പുറത്തായിരുന്നു. 11 താരങ്ങളും നാലു സപ്പോര്‍ട്ട് സ്റ്റാഫുമടക്കം 15 പേരാണ് ടൂര്‍ണമെന്റിനായി എത്തിയിരുന്നത്. മുന്‍ ജൂനിയര്‍ ചാമ്പ്യനും 17കാരിയുമായ പി.വി.സിന്ധുവായിരുന്നു ടീമിലെ പ്രായം കുറഞ്ഞ താരം. മുരളീധരനാണ് ഇന്ത്യന്‍ ടീം മാനേജരും കോച്ചും.

Advertisement