Administrator
Administrator
തൂവല്‍ ചിറകിലൊരു ഒളിപിക് സ്വപ്നം
Administrator
Wednesday 26th October 2011 8:08am

വിബീഷ് വിക്രം

2011ലെ പത്ത് മാസങ്ങള്‍ കഴിഞ്ഞ് പോയി. പത്ത് മാസങ്ങളിലായി പന്ത്രണ്ട് ടൂര്‍ണമെന്‍ിലോളം ഇന്ത്യയുടെ ഒന്നാം നമ്പര്‍ വനിതാ ബാഡ്മിന്റണ്‍താരമായ സൈന നേഹ് വാള്‍ പങ്കെടുത്തു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വിലയിരുത്തുമ്പോള്‍ സൈനയുടെ പ്രകടനം അത്രമെച്ചപ്പെട്ടതൊന്നുമല്ല. ലോകറാങ്കിങ്ങില്‍ നിലവില്‍ നാലാം സ്ഥാനത്തുള്ള ഇന്ത്യന്‍ താരത്തിന് സ്വിസ്സ് ഓപ്പണ്‍ കിരീടം മാത്രമാണ് ഇത്തവണ നേടാനായത്.

കഴിഞ്ഞ വര്‍ഷം സൈനയെ സംബന്ധിച്ചിടത്തോളം നേട്ടങ്ങളുടേതായിരുന്നു. തുടര്‍ച്ചയായി മൂന്ന് കിരീടങ്ങളാണ് സൈന കരസ്ഥമാക്കിയത്. മൂന്നാഴ്ചക്കിടെ ഇന്ത്യന്‍ ഗ്രാന്‍പ്രി, ഇന്ത്യോനേഷ്യന്‍, സിംഗപ്പൂര്‍ സൂപ്പര്‍ സീരീസ് കിരീടങ്ങളാണ് സൈന സ്വന്തം ഷോക്കേസിലെത്തിച്ചത്. (ടെന്നീസിലെ ഗ്രാന്‍സ്ലാമിന് തുല്യമാണ് ബാഡ്മിന്റണ്‍ സൂപ്പര്‍ സീരീസ് കിരീടം). കൂടാതെ ഹോങ്കോംഗ് സൂപ്പര്‍ സിരീസ് കിരീടവും കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണമെഡലും കഴിഞ്ഞ വര്‍ഷം സൈന നേടി. കിരീട നേട്ടങ്ങള്‍ കഴിഞ്ഞവര്‍ഷം സൈനയുടെ റാങ്കിംങും ഉയര്‍ത്തി. ഇരുപതാം വയസ്സില്‍ ലോക രണ്ടാം റാങ്കുകാരിയായി സൈന ഉയര്‍ന്നു.

എന്നാലീ വര്‍ഷം ഇത് വരെയുള്ള പ്രകടനങ്ങള്‍ അത്ര മെച്ചമല്ല. ഈ വര്‍ഷം പങ്കെടുത്ത വിവിധ ടൂര്‍ണമെന്റുകളില്‍  ഒന്നില്‍ മാത്രമാണ് കിരീടമുയര്‍ത്താന്‍ സൈനക്ക് സാധിച്ചത്. വിവിധ ടൂര്‍ണമെന്റുകളിലായി ഒന്‍പത് വ്യത്യസ്ത എതിരാളികളില്‍ നിന്ന് തോല്‍വി ഏറ്റ് വാങ്ങിയാണ് സൈന പുറത്തായത്. ഇതില്‍ തന്നെ മൂന്ന് പേര്‍ മാത്രമാണ് ചൈനീസ് താരങ്ങള്‍. ചൈനീസ് താരങ്ങള്‍ക്കെതിരെയുള്ള വിജയം പ്രയാസമേറിയതാണെന്നും എളുപ്പമല്ലെന്നുമുള്ള കാര്യം യാഥാര്‍ത്യമാണ്. എന്നാല്‍ മറ്റ് ആറ് തവണ തോല്‍വി പിണഞ്ഞത് ചൈനീസ് താരങ്ങളോടെല്ല എന്ന് മാത്രമല്ല അത്രത്തോളം അറിയപ്പെടാത്തവരും റാങ്കിങ്ങില്‍ തന്നെക്കാള്‍ ഏറെ പിറകിലുള്ള താരങ്ങളോടായിരുന്നു.  ഇക്കാര്യം പരിശോധിക്കേണ്ടതാണ്.

പുതിയ 21 പോയന്റുള്ള സ്‌കോറിംഗ് സമ്പ്രദായത്തില്‍ ജയാപരാജയങ്ങള്‍ പ്രവചനാതീതമാണെന്നത് അംഗീകരിക്കുമ്പോള്‍ തന്നെ മത്സരത്തിലെ ചെറിയ പിഴവുകള്‍ പോലും തോല്‍വിയിലേക്ക് വഴിവച്ചേക്കുമെന്നതാണ് വസ്തുത. ഇക്കൊല്ലം പരിക്കും സൈനയെ വലച്ചിരുന്നു. വര്‍ഷാരംഭത്തില്‍ കാലിലെ ആംഗിളിനും മദ്ധ്യത്തോടെ ട്രേഡ് മില്ലില്‍ പരിശീലനം നടത്തുമ്പോള്‍ കാലിന്റ ഉപ്പൂറ്റിക്കും സൈനക്ക് പരിക്കേറ്റിരുന്നു. കോച്ച് ഗോപീചന്ദുമായി അഭിപ്രായ വ്യത്യാസത്തിലാണെന്ന വാര്‍ത്തകളും കോര്‍ട്ടില്‍ യഥാര്‍ത്ഥ താളം കണ്ടെത്തുന്നതില്‍ നിന്നും സൈനയെ വലച്ചിരിക്കാം.

വ്യത്യസ്തരായ എതിരാളികളില്‍ നിന്നും തുടര്‍ച്ചയായ തോല്‍വികള്‍ സംഭവിക്കുന്നത് വെളിപ്പെടുത്തുന്നത് നിങ്ങളുടെ ഗെയിം സ്റ്റ്രാറ്റജി എതിരാളി മനസ്സിലാക്കി എന്ന് തന്നെയാണ്. ഒരു കളിക്കാരനെ അല്ലെങ്കില്‍ കളിക്കാരിയെ സംബന്ധിച്ചിടത്തോളം ഏറ്റവും ആപല്‍ക്കരമായ അവസ്ഥയാണത്. അത് കൊണ്ട് തന്നെ തന്റെ മത്സരത്തെ കുറിച്ചും കൈക്കൊള്ളേണ്ട തന്ത്രങ്ങളെകുറിച്ചും സൈന മാറ്റിചിന്തിച്ച് തുടങ്ങേണ്ടിയിരിക്കുന്നു. ഇതിന് വേണ്ട ശ്രമങ്ങള്‍ സൈന ആരംഭിച്ച് കഴിഞ്ഞു എന്നുള്ളത് ശുഭസൂചനയാണ്.

അടുത്തവര്‍ഷം ജൂലൈ-ആഗസ്റ്റ് മാസങ്ങളിലായാണ് ലണ്ടന്‍ ഒളിപിക്‌സ് മത്സരങ്ങള്‍ നടക്കുന്നത്. സൈനയുടെ അത്യന്തിക ലക്ഷ്യം ഒളിപിക്‌സ് സ്വര്‍ണമെഡലായിരിക്കണം. പങ്കെടുക്കുന്ന ടൂര്‍ണമെന്റുകള്‍ ഈ ലക്ഷ്യത്തിലേക്കുള്ള ചവിട്ട് പടികള്‍ മാത്രമായി ഉപയോഗപ്പെടുത്തണം . കൂടാതെ ഇനി കളിക്കുന്ന ടൂര്‍ണമെന്റുകളില്‍ മികച്ച പ്രകടനം നടത്തുന്നത് ആദ്യ നാല് റാങ്കില്‍ സ്ഥാനം നിലനിര്‍ത്താനും സഹായകരമാവും . ഇത് ഒളിപിക്‌സ മതസരങ്ങളിലും മുന്നേറാന്‍ സൈനയെ സഹായിക്കും. നിലവില്‍ ആദ്യ നാല് റാങ്കിങില്‍ ആദ്യ മൂന്ന് പേരും ചൈനീസ് താരങ്ങളാണ്.

ആദ്യ നാല് റാങ്കിങിലൊന്നില്‍ സ്ഥാനം നിലനിര്‍ത്താന്‍ സാധിച്ചാല്‍ ഒളിപിക്‌സില്‍ സെമി ഫൈനലിന് മുമ്പ് ഈ താരങ്ങളുമായുള്ള ഏറ്റ്മുട്ടല്‍ ഒഴിവാക്കാന്‍ സാധിക്കും. ഒളിപിക്‌സ് സ്വര്‍ണമെന്ന് സ്വപ്‌നത്തിലേക്ക് വ്യക്തമായ ലക്ഷ്യബോധമാവശ്യമാണ്. സൂപ്പര്‍ സിരീസ് മത്സരങ്ങളിലെ തോല്‍വി ആ ലക്ഷ്യത്തിന് ഒരിക്കലും പ്രതികൂലമായി ബാധിക്കരുത്. തോല്‍വികളിലേക്ക് നയിച്ച പിഴവുകള്‍ കണ്ടെത്തുകയും അത് എത്രയും പെട്ടെന്ന് തിരുത്താന്‍ ശ്രമിക്കുകയുമാണ് ചെയ്യേണ്ടത്. വരുന്ന ഒന്‍പത് മാസത്തിലുള്ള ടൂര്‍ണമെന്റുകള്‍ ആ വലിയ സ്വപന -ഒളിപിക്‌സ് സ്വര്‍ണം -സാക്ഷാത്കാരത്തിലേക്കുള്ള  ചവിട്ട് പടികളായി ഉപയോഗപ്പെടുത്തണം

ഇതിന് ഫോം നിലനിര്‍ത്തുന്നതോടൊപ്പം മാനസികമായും ശാരീരികമായുമുള്ള ഫിറ്റ്‌നെസും നിലനിര്‍ത്തേണ്ടത് അത്യാന്താപേക്ഷിതമാണ്. ഏതൊക്കൊ ടൂര്‍ണമെന്റുകളില്‍ കളിക്കണം ഏതെല്ലാം ഒഴിവാക്കണം എന്നതും പ്രധാനപ്പെട്ട കാര്യമാണ്. പരിക്കുകള്‍ക്ക് പിടികൊടുക്കാതെ കളിക്കുക എന്നതും പ്രധാനം തന്നെ. ഒളിപിക്‌സിന് മുന്നോടിയായുള്ള ഒന്‍പത് മാസങ്ങള്‍ അപ്രതീകഷിതവും രഹസ്യവുമായ പുതിയ തന്ത്രങ്ങളും ടെക്‌നിക്കുകളും കണ്ടെത്താനും കളിക്കളത്തില്‍ പ്രയോഗിച്ച് ഉപയോഗപ്രദമാണെന്ന് ഉറപ്പ് വരുത്താനും സൈശ്രമിക്കണം. ഇത്തരത്തിലുള്ള അപ്രതീക്ഷിത തന്ത്രങ്ങള്‍ എത്ര കടുത്ത എതിരാളിയെയും കോര്‍ട്ടില്‍ കീഴ്‌പെടുത്താന്‍ സൈനയെ സഹായിക്കും.

2000ത്തിലെ സിഡ്‌നി ഒളിപിക്‌സിന്റെ ബാഡ്മിന്റണ്‍ മത്സര വേദി. പുരുഷന്മാരുടെ സിംഗിള്‍സ് വിഭാഗത്തില്‍ പങ്കെടുത്ത ഇന്ത്യയുടെ പി.ഗോപീചന്ദ് പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ തോറ്റ് പുറത്തായി. അത്യന്തം നിരാശനായി കാണപെട്ട ഗോപി വനിതാവിഭാഗം സിംഗിള്‍സില്‍ പങ്കെടുത്ത അപര്‍ണ പോപ്പട്ടിനോടായി പറഞ്ഞു. ”ഒരു ഒളിപിക് മെഡല്‍ എന്നത് എന്റെ സ്വപ്‌നമാണ്. അടുത്ത ഒളിപിക്‌സില്‍ മത്സരരംഗത്തുണ്ടാവുമോ എന്നെനിക്കറിയിയില്ല. കളിച്ച് നേടാന്‍ കഴിയാത്ത കാര്യം പരിശീലകനെന്ന് നിലയിലെങ്കിലും ഞാനൊരിക്കള്‍ സ്വന്തമാക്കും”. ഇതാ സ്വപനങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാനൂള്ള സമയം ആഗതമായിക്കൊണ്ടിരിക്കുന്നു. സൈനയുടെ സ്വപ്നം, ഗോപീചന്ദിന്റെ സ്വപ്നം, നൂറ്റി ഇരുപതി കോടിയും കടന്ന് കുതിക്കുന്ന് എല്ലാ ഇന്ത്യക്കാരുടെയും സ്വപ്‌നം…. ആ സ്വപ്‌നം ഇത്തവണ യാഥാര്‍ത്ഥ്യമാകുമെന്നു തന്നെ പ്രതീക്ഷിക്കാം…

Advertisement