| Monday, 7th March 2016, 8:35 am

ഐ.എന്‍.എസ് വിരാടില്‍ തീപ്പിടുത്തം: നാവികന്‍ മരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

പനാജി: രാജ്യത്തിന്റെ വ്യോമവാഹിനിക്കപ്പലായ ഐ.എന്‍.എസ് വിരാടിലുണ്ടായ തീപ്പിടുത്തത്തില്‍ നാവികന്‍ മരിച്ചു. പുക ശ്വസിച്ചതിനെ തുടര്‍ന്ന് ചീഫ് എന്‍ജിനീയറിംഗ് മെക്കാനിക്ക് ആഷു സിങ് ആണ് മരണപ്പെട്ടത്. ഗോവയിലെ നേവി ആശുപത്രിയിലാണ് നാവികന്‍ മരിച്ചത്. ഗോവ തീരത്താണ് കപ്പല്‍ ഉണ്ടായിരുന്നത്. തീയണയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ അപകടത്തിലല്‍പെട്ട മൂന്ന് നാവികര്‍ ഇപ്പോള്‍ ആശുപത്രിയിലാണ്. ഇവര്‍ അപകടനില തരണം ചെയ്തിട്ടുണ്ട്.

കപ്പലിന്റെ ബോയിലര്‍ റൂമിലാണ് തീപ്പിടുത്തമുണ്ടായത്. കപ്പലിലിലെ സംവിധാനം ഉപയോഗിച്ച് തീ ഉടന്‍ തന്നെ അണയ്ക്കാന്‍ സാധിച്ചതിനാലാണ് വന്‍ ദുരന്തം ഒഴിവായത്. അപകടത്തെ തുടര്‍ന്ന് കപ്പല്‍ മുംബൈയിലേക്ക് തിരിച്ചയച്ചു. അടുത്ത് തന്നെ ഡീക്കമ്മീഷന്‍ ചെയ്യാനിരിക്കെയാണ് കപ്പലില്‍ തീപ്പിടുത്തം ഉണ്ടായത്.

അറുപതോളം വര്‍ഷം പഴക്കമുള്ള കപ്പലാണ് ഐ.എന്‍എസ് വിരാട്. 1987 ലാണ് ഐ.എന്‍.എസ് വിരാട് ഇന്ത്യന്‍ നാവികസേനയുടെ ഭാഗമായത്.  1959 നവംബര്‍ 18ന് ബ്രിട്ടീഷ് റോയല്‍ നാവികസേനയുടെ ഭാഗമായിരുന്ന എച്ച്.എം.എസ്. ഹെംസ് എന്ന കപ്പല്‍ 1984ല്‍ സേവനം അവസാനിപ്പിച്ചതോടെ ഇന്ത്യ വാങ്ങുകയായിരുന്നു.ഹെലികോപ്ടര്‍ അടക്കം 26 യുദ്ധവിമാനങ്ങള്‍ക്ക് നില്‍ക്കാന്‍ കപ്പലില്‍ സ്ഥലമുണ്ട്. നൂറ്റമ്പതോളം ഓഫിസര്‍മാരും 1500ഓളം നാവികരുമാണ് വിരാടിലുള്ളത്.

We use cookies to give you the best possible experience. Learn more