ശബരിമല ലോങ് മാര്‍ച്ച് ഉദ്ഘാടക സാധ്വി സരസ്വതി വര്‍ഗീയ വിഷം തുപ്പുന്ന പ്രസംഗങ്ങളുടെ പേരില്‍ കുപ്രസിദ്ധ; വിദ്വേഷ പ്രസംഗം നടത്തിയതിന് പ്രതിഷേധിച്ച കേരളീയരെ വെല്ലുവിളിച്ചു പോയ വി.എച്ച്.പി നേതാവ്
kERALA NEWS
ശബരിമല ലോങ് മാര്‍ച്ച് ഉദ്ഘാടക സാധ്വി സരസ്വതി വര്‍ഗീയ വിഷം തുപ്പുന്ന പ്രസംഗങ്ങളുടെ പേരില്‍ കുപ്രസിദ്ധ; വിദ്വേഷ പ്രസംഗം നടത്തിയതിന് പ്രതിഷേധിച്ച കേരളീയരെ വെല്ലുവിളിച്ചു പോയ വി.എച്ച്.പി നേതാവ്
ന്യൂസ് ഡെസ്‌ക്
Thursday, 11th October 2018, 12:29 pm

പത്തനംതിട്ട: ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിയ്‌ക്കെതിരെ വിശ്വാസികള്‍ സംഘടിപ്പിച്ച ലോങ്മാര്‍ച്ചിന്റെ ഉദ്ഘാടകയായെത്തിയ സാധ്വി ബാലികാ സരസ്വതി വര്‍ഗീയ വിഷം തുപ്പുന്ന പ്രസംഗങ്ങളുടെ പേരില്‍ കുപ്രസിദ്ധി നേടിയയാള്‍. വിശ്വ ഹിന്ദു പരിഷത്ത് നേതാവായ ഇവര്‍ നേരത്തെ കേരളത്തിലെത്തിയവേളയില്‍ പശുവിനെ കൊല്ലുന്നവരെ വെട്ടാന്‍ ആഹ്വാനം ചെയ്തതിരുന്നു.

കഴിഞ്ഞ ഏപ്രിലില്‍ കാസര്‍കോട് നടന്ന വിശ്വഹിന്ദു പരിഷത്തിന്റെ സമ്മേളന വേദനിയിലായിരുന്നു ഇവര്‍ വര്‍ഗീയ പ്രസംഗം നടത്തിയത്. ഇത് വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കുകയും ചെയ്തിരുന്നു. ഇതിന്റെ പേരില്‍ പരാതി ഉയര്‍ന്നതോടെ ബദിയടുക്ക പൊലീസ് ഇവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പില്‍ കേസെടുക്കുകയും ചെയ്തിരുന്നു.

കേരളത്തില്‍ രാമരാജ്യം സ്ഥാപിക്കാന്‍ തിരിച്ചുവരുമെന്ന് വെല്ലുവിളിച്ചുകൊണ്ടാണ് അന്ന് സാധ്വി സരസ്വതി പ്രതിഷേധങ്ങളെ നേരിട്ടത്. ഇനിയും താന്‍ ഇത്തരം കാര്യങ്ങള്‍ പറയുമെന്നും കേരളത്തിലെത്തുമ്പോള്‍ ആര്‍ക്കാണ് തന്നെ തടുക്കാന്‍ കഴിയുകയെന്ന് അറിയിക്കണമെന്നും ഇവര്‍ വെല്ലുവിളിച്ചിരുന്നു.

Also Read:“അതിലും നീണ്ടതൊന്നുണ്ട്, അതാണ് എന്റെ മറുപടിയും” നെടുനീളന്‍ ഇംഗ്ലീഷ് വാക്ക് ചര്‍ച്ചയായവര്‍ക്ക് തരൂരിന്റെ കിടിലന്‍ മറുപടി

“പശുവിനെ കൊല്ലുന്നവര്‍ക്ക് ഇന്ത്യയില്‍ താമസിക്കാന്‍ അവകാശമില്ല. കേരളത്തില്‍ പശുവിനെ കൊല്ലുന്നവരെ വെട്ടാന്‍ തയ്യാറാവണം. ഇന്ത്യയില്‍ താമസിക്കണമെങ്കില്‍ ഭാരത് മാതാകി ജയ് എന്ന് പറയണം. അയോധ്യയില്‍ എന്നല്ല ഇന്ത്യയില്‍ ഒരിടത്തും ബാബറിന്റെ പേരില്‍ പള്ളി നിര്‍മ്മിക്കാന്‍ അനുവദിക്കില്ല. ” എന്നായിരുന്നു സാധ്വി സരസ്വതിയുടെ പ്രസംഗം.

അതിനു മുമ്പ് ഗോവയില്‍ ഒരു പൊതുപരിപാടിയില്‍ സംസാരിക്കവെ ബീഫ് കഴിക്കുന്നവരെ പൊതുമധ്യത്തില്‍ തൂക്കിക്കൊല്ലാന്‍ താന്‍ കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അവര്‍ പറഞ്ഞിരുന്നു. കൂടാതെ ഹിന്ദു പെണ്‍കുട്ടികളെ ലൗ ജിഹാദില്‍ നിന്ന് രക്ഷിക്കുന്നതിനായി വീട്ടില്‍ ആയുധങ്ങള്‍ സൂക്ഷിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടിരുന്നു. വീടുകളില്‍ ആയുധങ്ങള്‍ സൂക്ഷിച്ചില്ലെങ്കില്‍ ഭാവിയില്‍ ഇന്ത്യയില്‍ ഹിന്ദുക്കള്‍ ഇല്ലാതാക്കപ്പെടുമെന്നും അവര്‍ പറഞ്ഞിരുന്നു.

മതേതര വാദികളുടെ പിടിയില്‍ ഹിന്ദുക്കള്‍ അകപ്പെട്ടിരിക്കുകയാണെന്നും ഹിന്ദുക്കളെ ഹിന്ദുക്കളാക്കി മാറ്റുന്നതിലാണ് ഏറ്റവും വലിയ വെല്ലുവിളി നേരിടുന്നതെന്ന് പറഞ്ഞ സാധ്വി, ആദ്യം ആക്രമിക്കേണ്ടത് ഈ മതേതര വാദികളെയാണെന്നും പറഞ്ഞിരുന്നു.