എഡിറ്റര്‍
എഡിറ്റര്‍
‘സച്ചിന്റെ പത്താം നമ്പര്‍ ജേഴ്‌സി വിരമിച്ചതായി തീരുമാനിച്ചിട്ടില്ല’; പ്രതീക്ഷയും ആശങ്കയും പങ്കുവെച്ച് ബി.സി.സി.ഐ വൃത്തങ്ങള്‍
എഡിറ്റര്‍
Wednesday 29th November 2017 5:51pm

മുംബൈ: ക്രിക്കറ്റിന് ഇന്ത്യന്‍ സമ്മാനിച്ച ഏറ്റവും വലിയ താരം, ക്രിക്കറ്റ് ദൈവം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. സച്ചിനെന്ന താരത്തോളം തന്നെ പ്രശസ്തമാണ് സച്ചിന്റെ പത്താം നമ്പര്‍ ജേഴ്‌സിയും. ഏറെ കാലം ഇന്ത്യന്‍ ക്രിക്കറ്റിന്റെ പര്യായമായ ജേഴ്‌സിയണിഞ്ഞ് സച്ചിന്‍ നേടിയ നേട്ടങ്ങള്‍ അനവധിയാണ്.

സച്ചിന്റെ ഐക്കോണിക്കായ പത്താം നമ്പര്‍ ജേഴ്‌സിയണിഞ്ഞ് മറ്റൊരു താരത്തേയും നാമിതുവരെ കണ്ടിട്ടില്ല. 2013ലായിരുന്നു സച്ചിന്‍ പത്താം നമ്പര്‍ ജേഴ്‌സിയെ കളിയാരാധകരുടെ മനസിലെ വിങ്ങലാക്കി അവസാനിപ്പിച്ച് കളിക്കളത്തോട് വിട പറഞ്ഞത്. പിന്നീട് ആ ജേഴ്‌സിയില്‍ മറ്റാരേയും നാം കണ്ടിട്ടില്ല. കുറച്ച് നാളുകള്‍ക്ക് മുമ്പ് പേസര്‍ ശാര്‍ദുള്‍ ഠാക്കൂര്‍ തന്റെ അരങ്ങേറ്റം കുറിക്കുന്നതുവരെ.

ശാര്‍ദുല്‍ സച്ചിന്റെ പത്താം നമ്പര്‍ ജേഴ്‌സിയണിഞ്ഞതിനെതിരെ ആരാധകര്‍ രംഗത്തെത്തിയിരുന്നു. സോഷ്യല്‍ മീഡിയ ട്രോളുകളും മറ്റുമായി താരത്തെ പരിഹസിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് താന്‍ പത്താം നമ്പര്‍ ജേഴ്‌സി തെരഞ്ഞെടുത്തതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ശാര്‍ദുള്‍ തന്നെ രംഗത്ത് വരികയും ചെയ്തു. ഇപ്പോഴിതാ പ്രതികരണവുമായി ഐ.സി.സി തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

‘ അതെല്ലാം വ്യക്തിപരമായ ചോയ്‌സ് ആണ്. താരങ്ങള്‍ക്ക് ഏതെങ്കിലും പ്രത്യേക നമ്പര്‍ അണിയണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ അതിനെ എതിര്‍ക്കാന്‍ കഴിയില്ല. ഐ.സി.സിയ്ക്ക് ഒരു ടീമിനോട് ഒരു പ്രത്യേക നമ്പര്‍ വിരമിച്ചതായി പ്രഖ്യാപിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞേക്കാം. എന്നാല്‍ ഒരു നമ്പര്‍ അണിഞ്ഞേ തീരു എന്നും പറയാന്‍ സാധിക്കില്ല.’ ബി.സി.സി.ഐ വൃത്തങ്ങള്‍ പറയുന്നു.

‘പത്താം നമ്പര്‍ ജേഴ്‌സി വിരമിച്ചതായി ബി.സി.സി.ഐ ഒഫീഷ്യലായി തീരുമാനിച്ചിട്ടില്ല. താരങ്ങള്‍ക്കിടയില്‍ തികച്ചും ഇന്‍ഫോര്‍മലായ കാര്യമാണിത്. അതേസമയം, ശാര്‍ദുളിനെ പോലെ താരങ്ങള്‍ അപമാനിക്കപ്പെടുകയുമരുത്. ‘ ബി.സി.സി.ഐയുടെ പ്രതിനിധി പറഞ്ഞു. സച്ചിനോടുള്ള ആദരസൂചകമായി പത്താം നമ്പര്‍ ജേഴ്‌സിയെ വിരമിപ്പിക്കാനായിരിക്കും ബി.സി.സി.ഐയുടെ തീരുമാനമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

നേരത്തെ സച്ചിന്റെ ഐ.പി.എല്‍ ടീമായിരുന്നു മുംബൈ ഇന്ത്യന്‍സ് പത്താം നമ്പര്‍ ജേഴ്‌സിയെ വിരമിപ്പിച്ചിരുന്നു.

Advertisement