സച്ചിന് ഇന്ന് 48ാം പിറന്നാള്‍; ആശംസകളുമായി ആരാധകര്‍
Sports News
സച്ചിന് ഇന്ന് 48ാം പിറന്നാള്‍; ആശംസകളുമായി ആരാധകര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 24th April 2021, 11:43 am

മുംബൈ: ക്രിക്കറ്റ് ഇതിഹസം സച്ചിന്‍ രമേശ് ടെന്‍ഡുല്‍ക്കറിന് ഇന്ന് 48ാം പിറന്നാള്‍. 1973 ഏപ്രില്‍ 24ന് മുംബൈയിലാണ് ക്രിക്കറ്റിന്റെ ദൈവം എന്നറിയപ്പെടുന്ന സച്ചിന്‍ പിറവിയെടുക്കുന്നത്. സമൂഹ്യ മാധ്യമങ്ങളില്‍ നിരവധി പേരാണ് ഇന്ത്യയുടെ മാസ്റ്റര്‍ ബ്ലാസ്റ്ററിന് ആശംസകളുമായി എത്തിയത്. ഹാപ്പി ബെര്‍ത്തിഡെ സച്ചിന്‍ എന്ന ഹാഷ് ടാഗ് ഇതിനകം ട്വിറ്ററില്‍ ട്രെന്‍ഡിങ്ങാണ്.

ഇതിഹാസം മാസ്റ്റര്‍ ബ്ലാസ്റ്റര്‍ക്ക് പിറന്നാള്‍ ആശംസിക്കുന്നു, നിങ്ങളെ വീണ്ടും സൗഖ്യത്തോടെ കണ്ടതില്‍ സന്തോഷം എന്ന അടിക്കുറിപ്പോടെയാണ് മുന്‍ ഇന്ത്യ താരം യുവരാജ് സിങ് ട്വീറ്റ് ചെയ്തത്. ഈ അടുത്താണ് സച്ചിന്‍ കൊവിഡില്‍ നിന്ന് മുക്തനായത്.

നിങ്ങളോടൊപ്പം കളിച്ചത് ഒരുപാട് നല്ല ഓര്‍മ്മകള്‍ സമ്മാനിക്കുന്നതാണെന്ന് ദിനേഷ് കാര്‍ത്തിക് ട്വീറ്റ് ചെയ്തു. സച്ചിനുമായി ബന്ധപ്പെട്ട നിരവധി മെയ്ക്കിങ് വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

രാജ്യത്തെ ഏറ്റവും വലിയ കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേല്‍ രത്ന അവാര്‍ഡ് നേടിയ ആദ്യ ക്രിക്കറ്ററാണ് സച്ചിന്‍. രണ്ടാമത്തെ വലിയ സിവിലിയന്‍ ബഹുമതിയായ പത്മ വിഭൂഷണ്‍ നേടിയ ആദ്യത്തെ കായിക താരം എന്ന ബഹുമതി വിശ്വനാഥന്‍ ആനന്ദിനൊപ്പം 2008ല്‍ സച്ചിന്‍ നേടിയിരുന്നു.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നൂറു ശതകങ്ങള്‍ തികച്ച ആദ്യത്തെ കളിക്കാരനും സച്ചിനാണ്. 2012 മാര്‍ച്ച് 16ന് ധാക്കയില്‍ ബംഗ്ലാദേശിനെതിരെ നടന്ന ഏഷ്യാ കപ്പ് ഗ്രൂപ്പ് ഏകദിന മത്സരത്തിലാണ് സച്ചിന്‍ തന്റെ നൂറാം സെഞ്ച്വറി തികച്ചത്. ടെസ്റ്റിലും ഏകദിനത്തിലും ഏറ്റവും കൂടുതല്‍ സെഞ്ച്വറികള്‍ എന്ന റെക്കോര്‍ഡും സച്ചിന്റെ പേരിലാണ്.

ഏകദിന മത്സരങ്ങളിലായി 18,426 റണ്‍സ് നേടിയ അദ്ദേഹം ടെസ്റ്റില്‍ 15,921 റണ്‍സ് നേടിയിട്ടുണ്ട്. 2012 ഡിസംബര്‍ 23ന് അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച സച്ചിന്‍ ഏകദിന ക്രിക്കറ്റില്‍ ഏറ്റവുമധികം റണ്‍സ്, സെഞ്ച്വറികള്‍, അര്‍ധ സെഞ്ച്വറികള്‍, കൂടുതല്‍ മത്സരങ്ങള്‍ കളിച്ച വ്യക്തി എന്നീ റെക്കോര്‍ഡുകളെല്ലാം തന്റെ പേരിലാക്കിയിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights:  Sachin Tendulkar turns 48 today; fans wish Happy Birthday