ഇതൊന്ന് പരീക്ഷിച്ചുനോക്കൂ, ചിലപ്പോള്‍ നന്നായാലോ; ഗാംഗുലിയ്ക്ക് പിന്നാലെ ക്രിക്കറ്റിനെ അടിമുടി മാറ്റാന്‍ സച്ചിന്റെ നിര്‍ദ്ദേശങ്ങള്‍
സ്പോര്‍ട്സ് ഡെസ്‌ക്

ആധുനിക ക്രിക്കറ്റില്‍ ശക്തമായ മാറ്റങ്ങള്‍ക്കു വഴിമരുന്നിടുന്ന നിര്‍ദേശങ്ങളുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍. സമകാലികനായ സൗരവ് ഗാംഗുലി ബിസിസിഐ പ്രസിഡന്റെന്ന നിലയില്‍ ആഭ്യന്തര ക്രിക്കറ്റിന് മുന്‍തൂക്കം നല്‍കി സമൂല പരിഷ്‌കരണത്തിന് തയാറെടുക്കുമ്പോഴാണ് ക്രിക്കറ്റിന്റെ ജനപ്രീതി വര്‍ധിപ്പിക്കാന്‍ ഒരുപിടി നിര്‍ദ്ദേശങ്ങളുമായി സച്ചിന്റെ വരവ്.

ടി-20 യുടെ വരവോടെ ജനപ്രീതി ഇടിയുന്ന ഏകദിന ക്രിക്കറ്റിനെ തിരിച്ചുകൊണ്ടുവരാനുതകുന്ന മാര്‍ഗങ്ങളാണ് സച്ചിന്റെ നിര്‍ദ്ദേശങ്ങളിലേറെയും.

ഇന്നിങ്‌സ് ബ്രേക്ക്

ഏകദിനത്തില്‍ ഒരു ടീം 50 ഓവര്‍ ബാറ്റുചെയ്തതിനു ശേഷം അടുത്ത ടീം ബാറ്റിങ്ങിന് ഇറങ്ങുന്ന ശൈലി മാറ്റുക. മത്സരത്തെ 25 ഓവര്‍ വീതമുള്ള 4 ഇന്നിങ്‌സുകളായി തിരിക്കാം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അതായത് ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലാണ് മത്സരമെന്ന് കരുതുക. ഇന്ത്യ 25 ഓവര്‍ ബാറ്റുചെയ്തതിനു ശേഷം ഓസ്േ്രടലിയ 25 ഓവര്‍ ബാറ്റുചെയ്യണം. ഇതിനു ശേഷം പഴയ സ്‌കോര്‍നിലയില്‍നിന്ന് ഇന്ത്യ പിന്നീടുള്ള 25 ഓവറില്‍ ബാറ്റിങ് തുടരും, ഓസ്‌ട്രേലിയയും അങ്ങനെതന്നെ. ഇന്ത്യയുടെ ഇന്നിങ്‌സ് 25 ഓവറിനുള്ളില്‍ അവസാനിച്ചാല്‍ ഓസ്‌ട്രേലിയയ്ക്ക് ബാറ്റുചെയ്യാന്‍ 50 ഓവറുകള്‍ ലഭിക്കും (ഇന്നിങ്‌സ് ബ്രേക്കിനു മുന്‍പും ശേഷവുമുള്ള 25 ഓവറുകള്‍)

ഗുണം: മഞ്ഞുവീഴ്ചയുള്ള മത്സരങ്ങളില്‍ രണ്ടാമതു ബാറ്റുചെയ്യുന്ന ടീമിന്റെ മേല്‍ക്കൈ ഇതോടെ നഷ്ടമാകും. പുതിയ രീതി പരീക്ഷിക്കുമ്പോള്‍ ആദ്യം ബാറ്റുചെയ്യുന്ന ടീമിനും മത്സരത്തിലേക്കു മടങ്ങിയെത്താന്‍ അവസരമുണ്ട്. കാലാവസ്ഥയ്ക്ക് അനുയോജ്യമായ രീതിയില്‍ ഇന്നിങ്‌സ് പാകപ്പെടുത്താനും രണ്ടു ടീമുകള്‍ക്കും അവസരം ലഭിക്കും. മഴ സാധ്യതയുള്ള മത്സരങ്ങളില്‍ ടീം തന്ത്രങ്ങള്‍ മാറ്റിപ്പിടിക്കാനും മാറ്റത്തിലൂടെ സാധിക്കും.

ആര്‍ക്കും മനസിലാകാത്ത ഡക്ക് വര്‍ത്ത് ലൂയിസ് എന്ന നിയമം ഇതുവഴി ഇല്ലാതാക്കാമെന്നാണ് സച്ചിന്റെ പക്ഷം

പവര്‍പ്ലേ ഓവറുകള്‍

ഇന്നിങ്‌സ് ബ്രേക്കിന് അനുയോജ്യമായ രീതിയില്‍ നിര്‍ബന്ധിത പവര്‍പ്ലേ ഓവറുകളുടെ ക്രമത്തിലും മാറ്റം വരും. 10 ഓവര്‍ പവര്‍പ്ലേയിലെ ആദ്യ 5 ഓവറുകള്‍ രണ്ടു ടീമിന്റെയും ആദ്യ ഇന്നിങ്‌സില്‍ നിര്‍ബന്ധമാക്കണം. ശേഷിക്കുന്ന 5 ഓവറുകളില്‍ രണ്ടെണ്ണം ബാറ്റിങ് ടീമിനും മൂന്നെണ്ണം ബോളിങ് ടീമിനും എപ്പോള്‍ വേണമെങ്കിലും ഉപയോഗിക്കാം. 25 ഓവറിനുശേഷം ഇതേ രീതി ആവര്‍ത്തിക്കാം.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഗുണം: പിഞ്ച് ഹിറ്റര്‍മാരെ ബാറ്റിങ് ടീമിന് പവര്‍പ്ലേ ഓവറുകളില്‍നിന്ന് അകറ്റി നിര്‍ത്താം. ഈ രീതിയനുസരിച്ച് ബോളിങ് പവര്‍പ്ലേയില്‍ ലഭിക്കുന്ന ആറ് അധിക പന്തുകള്‍ ബാറ്റും പന്തും തമ്മില്‍ സന്തുലനം കൊണ്ടുവരും. ടീമുകള്‍ അടിക്കടി തന്ത്രങ്ങള്‍ പരിഷ്‌കരിക്കുമെന്നതിനാല്‍ കാണികള്‍ക്കും മത്സരം കൂടുതല്‍ ആസ്വാദ്യകരമാകും.

മാത്രമല്ല, മത്സരം ബ്രോഡ്കാസ്റ്റ് ചെയ്യുന്നവര്‍ക്കും ഈ രീതി ഗുണപ്രദമാണ്. കാരണം, മത്സരത്തിനിടെ 45 മിനിറ്റുള്ള നീണ്ട വിരസമായ ഇടവേളയ്ക്കു പകരം 15 മിനിറ്റു വീതമുള്ള മൂന്ന് രസകരമായ ഇടവേളകള്‍ ലഭിക്കും (നാല് ഇന്നിങ്‌സുകള്‍ക്കിടെ മൂന്ന് ഇടവേളകള്‍). ഈ സമയത്ത് ഫലപ്രദമായ കൂടുതല്‍ ചര്‍ച്ചകള്‍ സംഘടിപ്പിക്കാം.

ആഭ്യന്തര ക്രിക്കറ്റ്

ദുലീപ് ട്രോഫി പുനരാവിഷ്‌കരിക്കണം. രഞ്ജി ട്രോഫി സെമിഫൈനലിസ്റ്റുകളായ 4 ടീമുകള്‍ക്ക് ദുലീപ് ട്രോഫി യോഗ്യത ലഭിക്കണം. കൂടാതെ ആഭ്യന്തര ക്രിക്കറ്റില്‍ മികവുതെളിയിച്ച താരങ്ങളെ ഉള്‍പ്പെടുത്തി രണ്ട് ടീമുകളെക്കൂടി വിന്യസിക്കണം. അണ്ടര്‍ 19, അണ്ടര്‍ 23 താരങ്ങളെയും ഈ ടീമുകളില്‍ ഉള്‍പ്പെടുത്തണം. രഞ്ജി ട്രോഫി, വിജയ് ഹസാരെ ട്രോഫി, ഐപിഎല്‍, ചാലഞ്ചര്‍ ട്രോഫി, മുഷ്താഖ് അലി ട്രോഫി തുടങ്ങിയവയിലെല്ലാം സമൂല പരിഷ്‌കരണം കൊണ്ടുവരണം.

ഗുണം: കൂടുതല്‍ യുവതാരങ്ങള്‍ക്ക് അവസരം ലഭിക്കും