സച്ചിന്‍ പൈലറ്റോ? എ.കെ ആന്റണിയോ?; പുതിയ കോണ്‍ഗ്രസ് അദ്ധ്യക്ഷനു വേണ്ടിയുള്ള ചര്‍ച്ച സജീവം
national news
സച്ചിന്‍ പൈലറ്റോ? എ.കെ ആന്റണിയോ?; പുതിയ കോണ്‍ഗ്രസ് അദ്ധ്യക്ഷനു വേണ്ടിയുള്ള ചര്‍ച്ച സജീവം
ന്യൂസ് ഡെസ്‌ക്
Monday, 27th May 2019, 11:55 pm

ന്യൂദല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേരിട്ട കനത്ത പരാജയത്തെതുടര്‍ന്ന് അദ്ധ്യക്ഷ സ്ഥാനം രാജിവെയ്ക്കാനൊരുങ്ങുന്ന രാഹുല്‍ ഗാന്ധിയുടെ തീരുമാനത്തിന് പിന്നാലെ പുതിയ അദ്ധ്യക്ഷനെ കണ്ടെത്താനുള്ള ചര്‍ച്ചയുമായി കോണ്‍ഗ്രസ് നേതൃത്വം.

രാജി തീരുമാനത്തില്‍ നിന്ന് രാഹുലിനെ പിന്‍മാറ്റാന്‍ സോണിയ ഗാന്ധിയും സഹോദരി പ്രിയങ്കയുമടക്കം നടത്തിയ ശ്രമങ്ങളും ഫലം കാണാത്തതിനെതുടര്‍ന്നാണ് പുതിയ നീക്കങ്ങള്‍. സാധാരണ പാര്‍ട്ടി പ്രവര്‍ത്തകനായി തുടരാനാണ് രാഹുലിന് താല്‍പ്പര്യമെന്നാണ് റിപ്പോര്‍ട്ടുകള്‍.

രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റിന്റെ പേരാണ് അദ്ധ്യക്ഷ സ്ഥാനത്തേയ്ക്കുള്ള ചര്‍ച്ചകളില്‍ ഉയര്‍ന്നു കേള്‍ക്കുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അംഗവും മുതിര്‍ന്ന നേതാവുമായ എ.കെ ആന്റണിയുടെ പേരും പരിഗണനയിലുണ്ട്. ഇവരുടെ കാര്യത്തില്‍ തര്‍ക്കമുണ്ടായാല്‍ സമവായ സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ പൃഥ്വിരാജ് ചവാനേയും ജ്യോതിരാദിത്യ സിന്ധ്യയേയും പരിഗണിക്കുന്നുണ്ട്.

എന്നാല്‍ സംഘടനാപാടവത്തില്‍ മികവ് തെളിയിച്ചിട്ടുള്ള സച്ചിന്‍ പൈലറ്റിന്റെ പേരിനാണ് ചര്‍ച്ചകളില്‍ മുന്‍ഗണ ലഭിക്കുന്നത്. സച്ചിന്‍ പൈലറ്റിന്റെ നേതൃത്വത്തിലായിരുന്നു രാജസ്ഥാനില്‍ കോണ്‍ഗ്രസ് ഭരണം പിടിച്ചെടുത്തത്.

സച്ചിന്‍ പൈലറ്റിന് മുഖ്യമന്ത്രി സ്ഥാനം നല്‍കാത്തതില്‍ സംസ്ഥാനത്ത് കടുത്ത അമര്‍ഷം ഉടലെടുത്തിരുന്നു. സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രി ആക്കിയിരുന്നെങ്കില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിലും രാജസ്ഥാനില്‍ കോണ്‍ഗ്രസിന് മികച്ച വിജയം നേടാനാകുമെന്നായിരുന്നു വിലയിരുത്തല്‍.

തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്ന ഉടന്‍ തന്നെ രാജി സന്നദ്ധ രാഹുല്‍ സോണിയയെ അറിയിച്ചിരുന്നു. പിന്നീട് പലവിധ ചര്‍ച്ചകള്‍ക്കൊടുവില്‍ രാജി തീരുമാനത്തില്‍ മാറ്റമില്ലെന്ന് മുതിര്‍ന്ന നേതാക്കളായ അഹമ്മദ് പട്ടേല്‍, കെ.സി വേണുഗോപാല്‍ എന്നിവരെ രാഹുല്‍ അറിയിച്ചിരുന്നു.

പുതുതായി തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളെ കാണാന്‍ വിസമ്മതിച്ച രാഹുല്‍ തന്റെ എല്ലാ യോഗങ്ങളും കൂടിക്കാഴ്ചകളും റദ്ദുചെയ്യാനും നിര്‍ദേശിച്ചിരുന്നു.

ജവഹര്‍ലാല്‍ നെഹ്റുവിന്റെ ചരമവാര്‍ഷികമായ ഇന്ന് അദ്ദേഹത്തിന് ആദരാജ്ഞലികള്‍ അര്‍പ്പിച്ച് രാഹുല്‍ ചെയ്ത ട്വീറ്റില്‍ അദ്ദേഹത്തിന്റെ നിരാശ പ്രകടമായിരുന്നു. ‘ഇന്ത്യ പോലുള്ള പല ജനാധിപത്യ രാജ്യങ്ങളും ഇന്ന് ഏകാധിപത്യ ഭരണത്തിലേക്ക് അധപതിക്കുകയാണ്. നെഹ്റുവിന്റെ ചരമദിനമായ ഇന്ന്, കഴിഞ്ഞ 70 വര്‍ഷം ഒരു ജനാധിപത്യ രാജ്യമായി തുടരാന്‍ അദ്ദേഹം നല്‍കിയ ശക്തവും സ്വതന്ത്രവും ആധുനികവുമായ സംഭാവനകള്‍ ഓര്‍ക്കുക’ എന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്.

അതേസമയം, കഴിഞ്ഞ ദിവസം നടന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ രാഹുല്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. പ്രതിസന്ധി ഘട്ടങ്ങളിലും ഇവര്‍ മക്കള്‍ക്കു സീറ്റ് ലഭിക്കുന്നതിനായി വാശിപിടിച്ചെന്നാണ് രാഹുല്‍ പറഞ്ഞത്.