കടലിലെ ദൃശ്യങ്ങള്‍ ഷൂട്ട് ചെയ്തത് വലിയ ടാങ്കില്‍ സെറ്റിട്ട്; മരയ്ക്കാറിലെ ചിത്രീകരണ രഹസ്യങ്ങള്‍ തുറന്നുപറഞ്ഞ് സാബു സിറില്‍
Malayalam Cinema
കടലിലെ ദൃശ്യങ്ങള്‍ ഷൂട്ട് ചെയ്തത് വലിയ ടാങ്കില്‍ സെറ്റിട്ട്; മരയ്ക്കാറിലെ ചിത്രീകരണ രഹസ്യങ്ങള്‍ തുറന്നുപറഞ്ഞ് സാബു സിറില്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 24th November 2019, 6:46 pm

ഗോവ:മലയാളത്തിലെ ഏറ്റവും ചിലവേറിയ ചിത്രമായി അണിയറയില്‍ ഒരുങ്ങുന്ന സിനിമയാണ് മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം. മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ചിത്രം അടുത്ത വര്‍ഷം തിയേറ്ററില്‍ എത്തും.

ചിത്രീകരണത്തിനിടെയുള്ള മരയ്ക്കാറിലെ ചില ചിത്രങ്ങളും ലൊക്കേഷന്‍ വീഡിയോകളും വൈറലായിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ സ്വപ്‌നതുല്ല്യമായ സെറ്റുകള്‍ ഒരുക്കിയതിന് പിന്നിലെ ചില രഹസ്യങ്ങള്‍ തുറന്നുപറഞ്ഞിരിക്കുകയാണ് ചിത്രത്തിന്റെ കലാസംവിധായകനായ സാബു സിറില്‍.

ഗോവയില്‍ നടക്കുന്ന അന്തര്‍ദേശീയ ചലച്ചിത്ര മേളയില്‍ ആയിരുന്നു സാബു സിറില്‍ ചിത്രത്തിന് വേണ്ടി ഉപയോഗിച്ച ആര്‍ട്ട് വര്‍ക്കുകളെ പറ്റി തുറന്നുപറഞ്ഞത്.

മറ്റ് ബിഗ് ബഡ്ജറ്റ് ചിത്രങ്ങള്‍ പോലെയല്ലായിരുന്നു മരയ്ക്കാര്‍, ബഡ്ജറ്റിന്റെ പരിമിതികള്‍ ഈ ചിത്രത്തിന് ഉണ്ടായിരുന്നു. അത്‌കൊണ്ട് തന്നെ ചിത്രത്തിന് വേണ്ടി പലതരത്തിലുള്ള പുതിയ ഐഡിയകളും പരീക്ഷിക്കേണ്ടിവന്നെന്ന് സാബു പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ചിത്രത്തിലെ വേണ്ടി കടല്‍ ദൃശ്യങ്ങള്‍ ഒരുക്കിയത് ഒരു വലിയ ടാങ്കിനുള്ളില്‍ സെറ്റിട്ടാണ്. തിരമാല ഒരുക്കിയതും ഇതേപോലെ ബഡ്ജറ്റ് കുറഞ്ഞ രീതിയിലും എന്നാല്‍ വളരെ ഫലപ്രദമായ രീതിയിലാണെന്നും അദ്ദേഹം പറഞ്ഞു. ബാഹുബലിയിലെയും റാ വണിലെയും കലാസംവിധാനത്തെ കുറിച്ചും അദ്ദേഹം മനസുതുറന്നു.

2020 മാര്‍ച്ച് 19 നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. കുഞ്ഞാലി മരയ്ക്കാരായി മോഹന്‍ലാല്‍ എത്തുന്ന ചിത്രം ആരാധകര്‍ ഏറെ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്.

മലയാള സിനിമയില്‍ ഇന്നേവരെ കണ്ടിട്ടില്ലാത്ത സാങ്കേതികവിദ്യകളുടെ അകമ്പടിയോടെയാണ് ചിത്രം ഒരുക്കുന്നതെന്ന് നേരത്തെ മോഹന്‍ലാല്‍ തന്നെ വ്യക്തമാക്കിയിരുന്നു.

മലയാളത്തിലെ ഏറ്റവും ചിലവേറിയ ചിത്രമെന്ന വിശേഷണത്തോടെയാണ് മരയ്ക്കാര്‍ എത്തുന്നത്. 100 കോടി രൂപയാണ് ബജറ്റ്. വാഗമണ്‍, ഹൈദരാബാദ്, ബാദ്മി, രാമേശ്വരം എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.

നെടുമുടി വേണു, മഞ്ജു വാര്യര്‍, പ്രണവ് മോഹന്‍ലാല്‍, സുനില്‍ ഷെട്ടി തുടങ്ങിയ താരങ്ങളുടെ നീണ്ട നിര തന്നെ ചിത്രത്തിലുണ്ട്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ