'ഇത് രണ്ട് വര്‍ഷം മുമ്പ് മരണപ്പെട്ട എന്റെ അമ്മയാ'; നാമജപയാത്രയില്‍ ഈഴവരെന്ന സംഘപരിവാറിന്റെ വ്യാജപ്രചരണം പൊളിഞ്ഞു
Sabarimala women entry
'ഇത് രണ്ട് വര്‍ഷം മുമ്പ് മരണപ്പെട്ട എന്റെ അമ്മയാ'; നാമജപയാത്രയില്‍ ഈഴവരെന്ന സംഘപരിവാറിന്റെ വ്യാജപ്രചരണം പൊളിഞ്ഞു
ന്യൂസ് ഡെസ്‌ക്
Thursday, 11th October 2018, 12:42 pm

കോഴിക്കോട്: ശബരിമല കോടതിവിധിയ്‌ക്കെതിരായി ഭക്തരുടെ പിന്തുണ കിട്ടാന്‍ സംഘപരിവാര്‍ നടത്തുന്ന ഒരു വ്യാജ പ്രചരണം കൂടി പൊളിഞ്ഞു. സ്ത്രീപ്രവേശനത്തിനെതിരെ എന്‍.എസ്.എസ് നടത്തുന്ന നാമജപയാത്രയില്‍ പങ്കെടുത്തുവെന്ന പേരില്‍ രണ്ടുവര്‍ഷം മുമ്പ് മരിച്ച ഒരു സ്ത്രീയുടെ ചിത്രമാണ് പ്രചരിപ്പിക്കുന്നത്. എന്നാല്‍ ചിത്രത്തിന്റെ യാഥാര്‍ത്ഥ്യം തുറന്നു പറഞ്ഞ് ഇവരുടെ മകന്‍ തന്നെ രംഗത്ത് വന്നിരിക്കുകയാണ്.

മഞ്ഞസാരിയുടുത്ത് നില്‍ക്കുന്ന സ്ത്രീകളുടെ ചിത്രമാണ് പ്രചരിക്കുന്നത്. ചിത്രത്തില്‍ ഉള്‍പ്പെട്ടിരിക്കുന്ന സ്ത്രീകളില്‍ ഒരാള്‍ രണ്ട് വര്‍ഷം മുമ്പ് മരിച്ച തന്റെ അമ്മയാണെന്ന് ബാബു പി.എസ് എന്നയാളാണ് വെളിപ്പെടുത്തിയിരിക്കുന്നത്. രണ്ടു വര്‍ഷം മുമ്പ് മരിച്ചു പോയതാണ് തന്റെ അമ്മയെന്നും പിന്നെ എപ്പോഴാണ് നാമജപ ഘോഷ യാത്രയ്ക്ക് പോയതെന്നും ചിത്രം പോസ്റ്റ് ചെയ്തവനെ ഊളംപാറയ്ക്ക് കൊണ്ടു പോകണമെന്നും ബാബു ഫേസബുക്കില്‍ പറഞ്ഞു.

ഇത് രണ്ട് വര്‍ഷം മുന്‍പ് മരണപ്പെട്ട എന്റെ അമ്മയാ എന്റെ അമ്മ എപ്പോഴാടാ നാമ ജപ ഘോഷയാത്രയ്ക്ക് പോയത് ഇതു പോസ്റ്റ് ചെയ്തവനെ ശബരിമലക്കല്ല ഊളം പാറക്കാ കൊണ്ടു പോകേണ്ടത്

“വെള്ളാപ്പള്ളിയെ തള്ളി ഈഴവ സമുദായം അയ്യപ്പസ്വാമിയുടെ നാമജപ ഘോഷയാത്രയില്‍ അണിചേര്‍ന്ന് കഴിഞ്ഞു. ഞങ്ങള്‍ക്ക് വലുത് അയ്യപ്പ സ്വാമിയെന്ന് ശ്രീനാരയണീയര്‍” എന്ന ക്യാപ്ഷനോടെ വെള്ളാപ്പള്ളിയുടെ നിലപാടിനെതിരെ ഈഴവ സമുദായം സമരത്തിനിറങ്ങി എന്ന് സ്ഥാപിക്കാനായി ശംഖൊലി എന്ന സംഘപരിവാര്‍ ഫേസ്ബുക്ക് പേജാണ് ചിത്രം പ്രചരിപ്പിച്ചത്.

ഹിന്ദുത്വം പറഞ്ഞ് കലാപമുണ്ടാക്കരുതെന്ന് അഭ്യര്‍ത്ഥിച്ച വെള്ളാപ്പള്ളി എന്‍എസ്എസ് രണ്ടാംവിമോചനസമരത്തിന് ശ്രമിക്കുകയാണെന്നും കുറ്റപ്പെടുത്തിയിരുന്നു.

എന്‍എസ്എസിനെ പ്രതിരോധിക്കും. മുഖ്യമന്ത്രി വിളിച്ചിട്ടും ചര്‍ച്ചയ്ക്ക് പോകാതിരുന്ന തന്ത്രി കുടുംബത്തിന്റെ നിലപാട് മര്യാദയല്ല. ഹിന്ദുസംഘടനകളെ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിക്കണം. വിധിയെ കര്‍മം കൊണ്ടാണ് മറികടക്കേണ്ടത്. ഇതിന് സ്ത്രീകള്‍ ശബരിമലയില്‍ പോവാതിരിക്കുകയാണ് വേണ്ടത്. നിലപാടും നിലവാരവുമില്ലാത്ത ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് രാജിവയ്ക്കണമെന്നും വെള്ളാപ്പള്ളി നടേശന്‍ ആവശ്യപ്പെട്ടു. രണ്ടു വള്ളത്തിലും കാലുവയ്ക്കുന്ന എ. പത്മകുമാര്‍ രാജിവയ്ക്കണം. ദേവസ്വം പ്രസിഡന്റ് എന്‍എസ്എസിന്റെ ആളാണോ പാര്‍ട്ടിയുടെ ആളാണോ എന്ന് ഇപ്പോള്‍ പറയുന്നില്ല. എസ്.എന്‍.ഡി.പിയിലെ പെണ്ണുങ്ങള്‍ ശബരിമലയ്ക്കു പോകില്ല. പോകരുതെന്നാവശ്യപ്പെട്ട് സര്‍ക്കുലര്‍ ഇറക്കേണ്ട കാര്യമില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ സര്‍ക്കാര്‍ നിരപരാധിത്വം വ്യക്തമാക്കി കഴിഞ്ഞു. തന്ത്രിയും തന്ത്രികുടുംബവും മാത്രമടങ്ങുന്നതല്ല ഹിന്ദു സമൂഹം. ഹിന്ദു സംഘടനകളെ സര്‍ക്കാര്‍ ചര്‍ച്ചയ്ക്കു വിളിക്കണം. അയ്യപ്പഭക്തരുടെ പ്രതിഷേധത്തിന് എസ്എന്‍ഡിപി യോഗത്തിന്റെ പിന്തുണയില്ല. കോടതിവിധിക്കെതിരെ പ്രതിഷേധവുമായി തെരുവില്‍ ഇറങ്ങിയതു ശരിയായില്ല. സമരം തുടര്‍ന്നാല്‍ സമാന്തരപ്രതിരോധ സമരത്തെ കുറിച്ച് എസ്എന്‍ഡിപി ആലോചിക്കും. ഇപ്പോള്‍ നടക്കുന്ന സമരം സര്‍ക്കാരിനെ താഴെ ഇറക്കാനുള്ള ഗൂഢാലോചനയാണ്. ശബരിമല സ്ത്രീപ്രവേശനത്തില്‍ സുപ്രീംകോടതി വിധി അംഗീകരിക്കണം. എന്നായിരുന്നു വെള്ളാപ്പള്ളിയുടെ പ്രതികരണം.

ഇതാദ്യമായല്ല ശബരിമലയുടെ പേരില്‍ സംഘപരിവാര്‍ വ്യാജചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നത്. നാമജപ യാത്രയില്‍ പങ്കെടുത്ത എണ്‍പതുകാരനെ പൊലീസ് തല്ലിച്ചതയ്ക്കുന്നുവെന്ന തരത്തില്‍ വ്യാജഫോട്ടോ പ്രചരണം നടത്തിയത് സോഷ്യല്‍മീഡിയ പൊളിച്ചടുക്കിയിരുന്നു. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ഹര്‍ത്താല്‍ നടത്തിയ സി.പി.ഐ.എം പ്രവര്‍ത്തകര്‍ക്ക് നേരെ ആലുവ ഡി.വൈ.എസ്.പിയായിരുന്ന യതീഷ് ചന്ദ്ര നടത്തിയ ലാത്തി ചാര്‍ജിന്റെ ചിത്രമെടുത്തായിരുന്നു ഈ പ്രചരണം.

കൊച്ചിയില്‍ സണ്ണി ലിയോണിയെ കണാനെത്തിയ ആള്‍ക്കൂട്ടത്തിന്റെ ഫോട്ടോ വെച്ച്, കണ്ണൂരിലെ ശബരിമല പ്രതിഷേധക്കാരെന്ന രീതിയിലുള്ള പ്രചരണവും സ്ത്രീപ്രവേശനത്തെ എതിര്‍ക്കുന്നവര്‍ നടത്തിയിരുന്നു.

സുപ്രീം കോടതിയെ വിധിയെതുടര്‍ന്ന് വര്‍ഗീയ മുതലെടുപ്പ് ലക്ഷ്യംവെച്ചുള്ള വ്യാജപ്രചരണങ്ങള്‍ക്കെതിരെ കര്‍ശനനടപടിയെടുക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത് നിലനില്‍ക്കെയാണ് നിരന്തരം വ്യാജവാര്‍ത്തകള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്.