മണിയമ്മയോട് പൊറുക്കുക, പക്ഷെ ആ വിഷജീവികളോട് മലയാളികള്‍ പൊറുക്കരുത്
FB Notification
മണിയമ്മയോട് പൊറുക്കുക, പക്ഷെ ആ വിഷജീവികളോട് മലയാളികള്‍ പൊറുക്കരുത്
ന്യൂസ് ഡെസ്‌ക്
Friday, 12th October 2018, 11:09 am

മുഖ്യമന്ത്രിയെ ജാതിപ്പേര് വിളിച്ചാക്ഷേപിച്ച വല്യമ്മയെ ഞാന്‍ കുറേ നേരം നോക്കിയിരുന്നു. നോക്കും തോറും അവര്‍ ചിരപരിചിതയായി തോന്നി… കാരണം ആ മുഖഭാവമുള്ള സ്ത്രീകളെ ഞാന്‍ കണ്ടിട്ടുണ്ട്, കേട്ടിട്ടുണ്ട്, പലയിടങ്ങളില്‍, പല രൂപങ്ങളില്‍,  വേഷങ്ങളില്‍… പക്ഷെ ഒരേ ഭാവത്തില്‍. ആ വല്യമ്മയുടെ മുഖഭാവം ശ്രദ്ധിച്ചോ??

അന്യമതസ്ഥരോടും അന്യജാതിക്കാരോടുമുള്ള അവജ്ഞയും പുച്ഛവും പരിഹാസവും കൊണ്ട് വക്രിച്ച ആ മുഖത്ത് പക്ഷെ അറിവില്ലായ്മയുടേയും നിലപാടില്ലായ്മയുടേയും നിസ്സഹായതയുണ്ട്. ഒപ്പം. സവര്‍ണ്ണമേല്‍ക്കോയ്മയുടേയും ജാതി രാഷ്ട്രീയത്തിന്റെയും അഹങ്കാരമുണ്ട്.  ആവേശമുണ്ട്. ആ ആവേശത്തള്ളിച്ചയില്‍ “ജാതിപ്പേരു വിളിച്ചുള്ള അധിക്ഷേപം കുറ്റകരമാണെന്ന ” നിയമ വ്യവസ്ഥയോ.  ഇന്ത്യ ഒരു “മതേതരത്വ ജനാധിപത്യ റിപ്പബ്ലിക് ” ആണെന്ന ഭരണഘടന വ്യവസ്ഥയോ വല്യമ്മ ഓര്‍ത്തിരിക്കാനിടയില്ല.

അഥവാ അവരെ ഈ സമരത്തിലേക്ക് തള്ളിവിട്ടവരും അത് അറിഞ്ഞവരോ അംഗീകരിച്ചവരോ അല്ല.
ചുരുക്കത്തില്‍ ഇന്ത്യ മഹാരാജ്യത്ത് ഒരു ഭരണഘടനയുണ്ടെന്നും ഒരു നീതിന്യായ വ്യവസ്ഥയുണ്ടെന്നും എല്ലാ പൗരന്മാര്‍ക്കും തുല്യനീതി ഉറപ്പു വരുത്തുന്ന ജനാധിപത്യ വ്യവസ്ഥയിലാണ് താനടക്കമുള്ളവര്‍ പുലരുന്നതെന്നും ഉള്ള അറിവില്ലായ്മയുടെ ഒരു ഭൂരിപക്ഷ സ്ത്രീ പ്രതിനിധിയാണ് മണിയമ്മ ശിവന്‍പിള്ള. അവര്‍ ഉപകരണമാണ്
മതവര്‍ഗ്ഗീയതയുടെ. ജാതി രാഷ്ട്രീയത്തിന്റെ ഭരണഘടന വിരുദ്ധതയുടെ. മതേതരത്വ അജ്ഞതയുടെ നിസ്സഹായമായ ഉപകരണം.


Read Also : നവദമ്പതികളടക്കം പതിനെട്ടാം പടികയറി ശബരിമലയിലെത്തിയതിന് തെളിവുകള്‍ പുറത്ത്


ഇത്തരക്കാരെ ഞാന്‍ കണ്ടിട്ടുള്ളത്. അധികവും കുട്ടിക്കാലത്താണ്. തികച്ചും യഥാസ്ഥിതികമായ തറവാട്ടില്‍ ആചാര വിശ്വാസ ബന്ധിതമായ ഒരന്തരീക്ഷത്തിലായിരുന്നു എന്റെ കുട്ടിക്കാലം. കുടുംബത്തിലെ ബന്ധുജനങ്ങളായവരില്‍ പലരും സവര്‍ണ്ണ ജാത്യാഭിമാനത്തിന്റെ വക്താക്കളായിരുന്നു. അന്യ മതസ്ഥരേയും അവര്‍ണ്ണരേയും കുറിച്ച് പരാമര്‍ശിക്കുമ്പോള്‍ പരിഹാസവും പുച്ഛവും കൊണ്ട് വികൃതമാവുന്ന ആ മുഖങ്ങള്‍ കുട്ടിക്കാലത്ത് അത്ഭുതവും വളര്‍ന്നപ്പോള്‍ അവജ്ഞയും എന്നിലുണ്ടാക്കി. അതിനു കാരണം അച്ഛന്‍ പഠിപ്പിച്ച പുരോഗമനാശയങ്ങള്‍ ആവാം. അവരുടെ ആ വക്രിച്ച മുഖഭാവം കണ്ട് ഉള്ളില്‍ കുമിഞ്ഞ വെറുപ്പായിരിക്കണം ഇന്നത്തെ എന്നെ സൃഷ്ടിച്ചത്.

വിവാഹ വേളകളില്‍.. കടുംബയോഗങ്ങളില്‍. പിറന്നാളാഘോഷങ്ങളില്‍. ക്ഷേത്ര ഉത്സവങ്ങളില്‍. ഭക്തജന യോഗങ്ങളില്‍. എന്തിന് ഔദ്യോഗിക മീറ്റിങ്ങിലും പൊതു പരിപാടികളിലും സഹപ്രവര്‍ത്തകര്‍ക്കിടയിലും എല്ലാം ഇത്തരം ജാതിക്കോമരങ്ങളായ സ്ത്രീകളെ ഞാന്‍ പിന്നീട് കണ്ടിട്ടുണ്ട്.. ഇതൊരു ശരാശരി സവര്‍ണ്ണ ഹിന്ദു സ്ത്രീയുടെ മുഖഭാവമാണ്.


Read Also: ശബരിമല ലോങ് മാര്‍ച്ച് ഉദ്ഘാടക സാധ്വി സരസ്വതി വര്‍ഗീയ വിഷം തുപ്പുന്ന പ്രസംഗങ്ങളുടെ പേരില്‍ കുപ്രസിദ്ധ; വിദ്വേഷ പ്രസംഗം നടത്തിയതിന് പ്രതിഷേധിച്ച കേരളീയരെ വെല്ലുവിളിച്ചു പോയ വി.എച്ച്.പി നേതാവ്


 

“ഇത്തറവാടിത്ത ഘോഷണം പോലെ വൃത്തികെട്ട മറ്റൊന്നുമില്ലൂഴിയില്‍ ” എന്ന് മഹാകവി ഇടശ്ശേരി പറഞ്ഞതു പോലെ തറവാട്ടു മഹിമയും ആഢ്യത്വ പ്രസംഗവും സവര്‍ണ്ണമേല്‍ക്കോയ്മയും ജാതി അധിക്ഷേപവും പിന്നെ ആഡംബര അലങ്കാര ഭ്രമവും മാത്രമാണ് ജീവിതം എന്ന കരുതുന്ന “പാവം” പെണ്ണുങ്ങളാണ് ആ ഘോഷയാത്രയിലെ ഭൂരിപക്ഷവും.. നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ ആ ഘോഷയാത്രയിലെ സ്ത്രീകള്‍ ഒരൊറ്റ മനസ്സോടെയാണ് നടന്നതെന്ന്??അല്ല..എനിക്കുറപ്പുണ്ട്.

പരസ്പരം തട്ടാതെയും മുട്ടാതെയും “ശുദ്ധി” കാത്തു കൊണ്ടാവും അവര്‍ നടന്നിട്ടുണ്ടാവുക. മാത്രമോ??
അയ്യപ്പനാമ ജപത്തിനിടയില്‍ കല്യാണ്‍ സില്‍ക്ക് സിനെ കുറിച്ചും ഭീമ ജ്വല്ലറിയിലെ പുതിയ ആഭരണ ഡിസൈന്‍സിനെ കുറിച്ചും പുതിയ സീരിയലിനെ കുറിച്ചും ഭര്‍ത്താവിന്റെ പ്രമോഷനെ കുറിച്ചും മക്കളുടെ മിടുക്കിനെ പറ്റിയുംവീട്ടില്‍ വാങ്ങിയ പുതിയ ഉപകരണങ്ങളെകുറിച്ചും അവര്‍ സംസാരിച്ചിട്ടുണ്ടാവും..

എന്നാല്‍ എനിക്കുറപ്പുണ്ട്…അവര്‍ കേരളം അഭിമുഖീകരിച്ച പ്രളയ ദുരന്തത്തെ കുറിച്ച് സംസാരിച്ചിട്ടുണ്ടാവില്ല.
അന്ന് ഒത്തൊരുമിച്ച് കൈകോര്‍ത്ത കേരള ജനതയെ കുറിച്ചോ. ജാതി മത ഭേദം കൂടാതെ രക്ഷാപ്രവര്‍ത്തകരായ മനുഷ്യരെ കുറിച്ചോ. ജീവന്‍ പണയപ്പെടുത്തി ആളുകളെ സഹായിച്ച മത്സ്യത്തൊഴിലാളികളെ കുറിച്ചോ അവര്‍ സംസാരിച്ചിട്ടുണ്ടാവില്ല.

കാരണം അവര്‍ക്ക് മനുഷ്യനെന്നാല്‍ ഹിന്ദുവും ദൈവമെന്നാല്‍ ബ്രാഹ്മണനുമാണ് ജാതി രാഷ്ട്രീയം കളിച്ച് വര്‍ഗ്ഗീയ വിഷം ചീറ്റുന്നവരുടെ കൈകളിലെ ഉപകരണങ്ങളാവുകയാണ് തങ്ങള്‍ എന്ന് ചിന്തിക്കാനുള്ള അവബോധം പോലുമില്ലാത്ത ഭൂരിപക്ഷ സ്ത്രീത്വത്തെ കൃത്യമായി അടയാളപ്പെടുത്തുന്നു മണിയമ്മ ശിവന്‍പിള്ള.

Ingnorance is not a crime,..it”s only a state of mind എന്നു പറയുന്നതു പോലെ അവജ്ഞയും പുച്ഛവും വെറുപ്പും പരിഹാസവുമെല്ലാം അജ്ഞതയുടെ മനോനിലയാണ്.. പരിഹാരം അറിവും ബോധവും ഉണ്ടാക്കുക എന്നതാണ്. ഇത്തരക്കാരെ ബോധവത്ക്കരിക്കാനുള്ള ശ്രമം തന്നെ പരിഹാസ്യമാണ്.

അതു കൊണ്ട് പിണറായി വിജയന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയാണ് എന്നറിയാത്ത, ഇത് മതേതര ജനാധിപത്യ ഇന്ത്യയാണ് എന്നറിയാത്ത, ഇവിടൊരു ഭരണഘടനയും തെരെഞ്ഞെടുക്കപ്പെട്ട ഗവണ്‍മെന്റും ഉണ്ടന്നറിയാത്ത,
പിണറായി വിജയന്‍ അല്ല സുപ്രീം കോടതി ജഡ്ജി എന്നറിയാത്ത, മണിയമ്മയോട് പൊറുക്കുക.
കാരണം വിവരക്കേട് ഒരു കുറ്റമല്ല.

പക്ഷെ.. മണിയമ്മയെ ഇതൊന്നും പഠിപ്പിക്കാതെ പറഞ്ഞു കൊടുക്കാതെ തെരുവിലിറക്കി മുഖ്യമന്ത്രിയെ തെറി വിളിപ്പിച്ച വര്‍ഗ്ഗീയ വിഷം ചീറ്റുന്ന വിഷജീവികളോട് വിവരമുള്ളവര്‍ പൊറുക്കരുത്”.അവരെ ജനാധിപത്യവിശ്വാസികള്‍ ചിലതെല്ലാം പഠിപ്പിക്കേണ്ടതുണ്ട് അവര്‍ക്ക് മതേതര വിശ്വാസികളില്‍ നിന്ന് ചിലത് പഠിക്കാനുമുണ്ട്…അവര്‍ അതിനു തയ്യാറല്ലെങ്കിലും അതു പൗരബോധമുള്ള മലയാളിയുടെ കടമയാണ്.