തന്ത്രികുടുംബത്തിന്റെ നിലപാടു മാറ്റങ്ങള്‍ക്കു പിന്നില്‍ ശബരിമലയില്‍ കയ്യടക്കിവെച്ചിരിക്കുന്ന അധികാരം നഷ്ടപ്പെടുമെന്ന ഭീതിയോ?
Focus on Politics
തന്ത്രികുടുംബത്തിന്റെ നിലപാടു മാറ്റങ്ങള്‍ക്കു പിന്നില്‍ ശബരിമലയില്‍ കയ്യടക്കിവെച്ചിരിക്കുന്ന അധികാരം നഷ്ടപ്പെടുമെന്ന ഭീതിയോ?
ഹരികൃഷ്ണ ബി
Monday, 29th October 2018, 2:28 pm

ശബരിമലയ്ക്കുമേല്‍ അവകാശവാദവുമായി മലയരയ വിഭാഗം ശക്തമായി മുന്നോട്ടുപോകുകയാണ്. ശബരിമലയില്‍ കാലങ്ങളായി തങ്ങള്‍ക്കുണ്ടായിരുന്ന അവകാശങ്ങള്‍ തന്ത്രി കുടുംബം അപഹരിച്ചതാണെന്ന് ചൂണ്ടിക്കാട്ടി സുപ്രീം കോടതിയെ സമീപിക്കുമെന്ന് മലയരവിഭാഗം വ്യക്തമാക്കിയിരുന്നു. ഇവരുടെ വാദങ്ങള്‍ക്ക് പൊതുസമൂഹത്തില്‍ നിന്നുള്‍പ്പെടെ പിന്തുണ ലഭിച്ചുകൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് മുന്‍ നിലപാടുകളില്‍ പലതും മാറ്റി തന്ത്രി കുടുംബം രംഗത്തുവന്നിരിക്കുന്നത്.

ശബരിമലയില്‍ പത്തിനും 50നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ പ്രവേശിച്ചിട്ടില്ലയെന്നതായിരുന്നു തന്ത്രി കുടുംബം നേരത്തെ സ്വീകരിച്ച നിലപാട്. അത് ആചാരവിരുദ്ധമാണെന്നും ഇവര്‍ പറഞ്ഞിരുന്നു. യുവതികള്‍ ശബരിമലയില്‍ പ്രവേശിച്ചാല്‍ നടയടക്കുമെന്ന് തന്ത്രി ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ ദിവസങ്ങള്‍ക്കകം ഈ നിലപാട് തിരുത്തി തന്ത്രി കുടുംബം മുന്നോട്ടുവന്നു.

“1991ന് മുന്‍പ് ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിച്ചിരുന്നു. അന്ന് സ്ത്രീകളെ കര്‍ശനമായി തടഞ്ഞിരുന്നില്ല.” എന്നാണ് ശബരിമലതന്ത്രി കണ്ഠരര് രാജീവരര് പറഞ്ഞത്. സ്ത്രീകള്‍ വ്യാപകമായി ശബരിമലയിലേക്ക് എത്തിയിരുന്നില്ലെന്നും 1991ലെ ഹൈകോടതി വിധിക്ക് മുമ്പ് മാത്രമാണ് സ്ത്രീകള്‍ പ്രവേശിച്ചിരുന്നതെന്നുമാണ് തന്ത്രി പറഞ്ഞത്.

ALSO READ: സ്വാമി സന്ദീപാനന്ദ ഗിരി: എതിര്‍സ്വരങ്ങളെ മാനസികമായും കായികമായും നേരിടുന്ന സംഘപരിവാര്‍ അജണ്ടയുടെ ഒടുവിലത്തെ ഉദാഹരണം

ശബരിമല തന്ത്രിയെ വെല്ലുവിളിച്ചുകൊണ്ട് ക്ഷേത്ര ചരിത്രരചയിതാവായ ലക്ഷ്മി രാജീവ് രംഗത്ത് വന്നിരുന്നു. താന്‍ ശബരിമലയില്‍ പ്രവേശിച്ചിട്ടുണ്ടെന്നും കണ്ഠരര് രാജീവരരുടെ നിര്‍ദേശപ്രകാരമായിരുന്നു അതെന്നുമായിരുന്നു ലക്ഷ്മി പറഞ്ഞത്. തനിക്ക് കുട്ടികളുണ്ടാവാതെയിരുന്നപ്പോള്‍ അതിനു പരിഹാരമായി തന്ത്രി നിര്‍ദ്ദേശിച്ചത് ശബരിമല സന്ദര്‍ശനമായിരുന്നു എന്നാണ് ലക്ഷ്മി വെളിപ്പെടുത്തിയത്. ഇത്തരം വെളിപ്പെടുത്തലുകളും തന്ത്രിയുടെ നിലപാട് മാറ്റത്തിനു പിന്നിലുണ്ട്.

ദേവസ്വം ബോര്‍ഡുമായുള്ള വിഷയത്തിലും തന്ത്രി കുടുംബം നിലപാട് മാറ്റി മുന്നോട്ടുവന്നിട്ടുണ്ട്. ദേവസ്വം ബോര്‍ഡുമായി നല്ല ബന്ധമാണുള്ളതെന്നാണ് തന്ത്രി കഴിഞ്ഞദിവസം പറഞ്ഞത്. കൂടാതെ പ്രശ്ന പരിഹാരത്തിനായി ദേവസ്വം ബോര്‍ഡ് വിളിച്ചുചേര്‍ത്ത ചര്‍ച്ചയില്‍ പങ്കെടുക്കുമെന്നും തന്ത്രി കുടുംബം വ്യക്തമാക്കിയിട്ടുണ്ട്.

ഏറ്റവുമൊടുവിലായി താഴമണ്‍ തന്ത്രി കുടുംബാംഗം എന്ന അവകാശവാദത്തോടെ തുടക്കം മുതല്‍ ശബരിമലയുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ച രാഹുല്‍ ഈശ്വറിനെ തന്ത്രി കുടുംബം തള്ളിപ്പറഞ്ഞിരിക്കുകയാണ്. സുപ്രീം കോടതി വിധി വന്ന ദിനം മുതല്‍ കോടതിയ്ക്കെതിരെയും സര്‍ക്കാറിനെതിരെയും തന്ത്രി കുടുംബാംഗം എന്ന അവകാശവാദത്തോടെ പരസ്യമായി രംഗത്തുവന്ന രാഹുല്‍ ഈശ്വറിനെ ഈ വൈകിയ വേളയില്‍ മാത്രമാണ് തന്ത്രി കുടുംബം തള്ളിപ്പറഞ്ഞിരിക്കുന്നത്. രാഹുല്‍ ഈശ്വര്‍ ഉയര്‍ത്തിക്കൊണ്ടുന്ന പ്രതിഷേധങ്ങള്‍ ഒടുവില്‍ തങ്ങളുടെ അധികാരത്തെ തന്നെ ചോദ്യം ചെയ്യുന്നുവെന്ന ഘട്ടത്തിലെത്തിയപ്പോഴാണ് തന്ത്രി കുടുംബം ഇത്തരമൊരു നിലപാട് സ്വീകരിക്കാന്‍ നിര്‍ബന്ധിതരായത്.

ALSO READ: ഒരു വിധി, രണ്ടഭിപ്രായം; ശബരിമലവിധിയില്‍ എസ്.എന്‍.ഡി.പിയും ബി.ഡി.ജെ.എസും രണ്ടുതട്ടില്‍

തുടക്കത്തില്‍ ശബരിമലയുമായി ബന്ധപ്പെട്ട പ്രക്ഷോഭങ്ങളില്‍ രാഹുല്‍ ഈശ്വറിനൊപ്പം നിന്ന ആദിവാസികള്‍ പിന്നീട് തന്ത്രി കുടുംബത്തില്‍ നിന്നും തങ്ങള്‍ നേരിട്ട അനീതികള്‍ തുറന്നുപറഞ്ഞ് രംഗത്തുവരുന്നതാണ് കണ്ടത്. കാലാകാലങ്ങളായി തങ്ങള്‍ക്കുണ്ടായിരുന്ന അവകാശങ്ങള്‍ അപഹരിച്ചാണ് തന്ത്രികുടുംബവും പന്തളം രാജകുടുംബവും അവിടെ അധികാരം സ്ഥാപിച്ചതെന്നാണ് മലയരയ വിഭാഗം പറയുന്നത്. മലയരനായ അയ്യപ്പന്റെ സമാധിസ്ഥലമാണ് ശബരിമലയെന്നും തങ്ങളില്‍ നിന്നും അത് തട്ടിയെടുക്കപ്പെടുകയായിരുനെന്നും ഇവര്‍ പറയുന്നു.

“ചരിത്രത്തിന്റെ തമസ്‌ക്കരണമാണ് ശബരിമലയില്‍ ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്. ചോഴ സൈനികര്‍ക്കെതിരെ പോരാടിയ വില്ലാളിവീരനായിരുന്നു അയ്യപ്പന്‍. ഏതാണ്ട് ഒരുനൂറ്റാണ്ടോളം കേരളത്തില്‍ നിലനിന്നിരുന്ന ചോഴസാന്നിദ്ധ്യത്തെകുറിച്ച് ചരിത്രത്തില്‍ തെളിവുകളുണ്ട്. പോരാളിയായ അയ്യപ്പന്റെ സമാധിസ്ഥലമാണ് ശബരിമല. എല്ലാ മാസവും മകരസംക്രമനാളില്‍ ആകാശത്തു ജ്യോതിയായി പ്രത്യക്ഷപെടാമെന്നാണ് അയ്യപ്പന്‍ മാതാപിതാക്കള്‍ക്ക് കൊടുത്ത വാക്ക്. അതിന്റെ ഓര്‍മ്മയിലാണ് മലയരയര്‍ ജ്യോതി തെളിയിച്ചിരുന്നത്. അവിടെ നിന്നും ഞങ്ങളെയും അയ്യപ്പന്റെ അച്ചനെയും അമ്മയെയും ആട്ടിയോടിച്ചു. വളര്‍ത്തച്ഛനായ പന്തളം രാജാവിനെക്കുറിച്ച് പറയുമ്പോള്‍ എന്താണ് യഥാര്‍ത്ഥ അച്ഛനമ്മമാരെക്കുറിച്ച് മിണ്ടാത്തത്?” ഐക്യ മലയരയ മഹാസഭ അധ്യക്ഷന്‍ പി.കെ സജീവ് ഉന്നയിക്കുന്ന ഈ ചോദ്യം വലിയൊരു വിഭാഗം ഏറ്റെടുത്തിട്ടുണ്ട്.

യുവതീ പ്രവേശനത്തിനെതിരായ സമരം എന്നതില്‍ നിന്നും മാറി ശബരിമലയിലെ തന്ത്രി കുടുംബം കയ്യടക്കിവെച്ച അധികാരങ്ങള്‍ തങ്ങള്‍ക്കു തിരിച്ചുനല്‍കുന്നയെന്ന ആവശ്യത്തിലേക്ക് ഇവരുടെ സമരം മാറിയിരിക്കുകയാണ്. ഈ ആവശ്യം ഉയര്‍ത്തി സുപ്രീം കോടതി സമീപിക്കുമെന്നാണ് സജീവന്‍ പറയുന്നത്. ആദിവാസികള്‍ക്കുണ്ടായിരുന്ന അവകാശങ്ങള്‍ പുനസ്ഥാപിച്ചു കിട്ടണമെന്നാവശ്യമുയര്‍ത്തി സമരം നടത്താന്‍ ആദിവാസി സംഘടനകള്‍ തീരുമാനിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് തന്ത്രി കുടുംബം നിലപാട് മാറ്റി രംഗത്തുവരുന്നത്.

WATCH THIS VIDEO:

ഹരികൃഷ്ണ ബി
തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്നും ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ, വീഡിയോഗ്രാഫിയില്‍ പരിശീലനം നേടി, ഏഷ്യാനെറ്റ് ന്യൂസില്‍ രണ്ടുവര്‍ഷം ക്യാമറാമാനായി പ്രവര്‍ത്തിച്ചു, നിലവില്‍ ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍