'ഇത്തവണ ശബരിമല അയ്യപ്പന്‍ ഇടതുപക്ഷത്തിനൊപ്പമാണ്'; ഇ.പി ജയരാജനു പിറകെ കാനം രാജേന്ദ്രനും
KERALA BYPOLL
'ഇത്തവണ ശബരിമല അയ്യപ്പന്‍ ഇടതുപക്ഷത്തിനൊപ്പമാണ്'; ഇ.പി ജയരാജനു പിറകെ കാനം രാജേന്ദ്രനും
ന്യൂസ് ഡെസ്‌ക്
Friday, 11th October 2019, 5:38 pm

കോന്നി: മന്ത്രി ഇ.പി ജയരാജനു പിറകെ അയ്യപ്പന്‍ ഇടതുപക്ഷത്തിനൊപ്പമാണെന്ന പ്രസ്താവനയുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും. കോന്നിയില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു കാനത്തിന്റെ പ്രസ്താവന.

‘ഇത്തവണ ശബരിമല അയ്യപ്പന്‍ ഇടതുപക്ഷത്തിനൊപ്പമാണ്. അത്രയേറെ സഹായം ദേവസ്വം ബോര്‍ഡിനും ശബരിമലയ്ക്കും ഇടതുപക്ഷ സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. മറ്റൊരു സര്‍ക്കാരും ശബരിമല വികസനത്തിനായി ഇത്രയേറെ തുക ചെലവിട്ടിട്ടില്ല.

ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനെ ഭഗവാന്‍ ശ്രീ അയ്യപ്പന്‍ സഹായിക്കുമെന്നായിരുന്നു മന്ത്രി ഇ.പി ജയരാജന്‍ കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവന. ശബരിമല വിഷയം തങ്ങള്‍ക്കു സഹായകരമാകുമെന്നും അദ്ദേഹം പറഞ്ഞു.

‘ശബരിമല വിഷയത്തില്‍ ജനങ്ങള്‍ ഞങ്ങളുടെ നിലപാട് അംഗീകരിച്ചു. ഇടതുപക്ഷം ശരിയായ നിലപാട് അന്നും ഇന്നും എടുത്തുകൊണ്ടിരിക്കുകയാണ്. നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ഭഗവാന്‍ ശ്രീ അയ്യപ്പന്‍ ഞങ്ങളെ സഹായിക്കും.’- അദ്ദേഹം പറഞ്ഞു.

നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ആര്‍ക്കെങ്കിലും അനുകൂലമായി വോട്ട് ചെയ്യാന്‍ എന്‍.എസ്.എസ് നിര്‍ദ്ദേശിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എല്ലാ തെരഞ്ഞെടുപ്പിലും അവര്‍ക്ക് അവരുടേതായ നിലപാടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ അവഗണനയ്ക്കും വിവേചനത്തിനും എതിരെയാണ് പ്രതികരിക്കേണ്ടതെന്നായിരുന്നു വിജയദശമി ദിനത്തില്‍ എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ പറഞ്ഞത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘സമദൂരമാണെങ്കിലും ശരിദൂരം എന്തെന്നു നായരെ പഠിപ്പിക്കേണ്ട കാര്യമില്ല. ശബരിമല വിഷയത്തില്‍ വിശ്വാസം സംരക്ഷിക്കാന്‍ ആത്മാര്‍ഥമായ ഒന്നും കേന്ദ്രം ചെയ്തിട്ടില്ല.’- അദ്ദേഹം പറഞ്ഞു.

പ്രസ്താവനയ്ക്കു പിന്നാലെ എന്‍.എസ്.എസ് ശരിദൂരം പുനഃപരിശോധിക്കണമെന്ന ആവശ്യവുമായി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്തെത്തിയിരുന്നു.