ലീഗ് നേതാക്കളെ കണ്ടത് യാദൃശ്ചികമായല്ല; രഹസ്യ ചര്‍ച്ച സ്ഥിരീകരിച്ച് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ്
kERALA NEWS
ലീഗ് നേതാക്കളെ കണ്ടത് യാദൃശ്ചികമായല്ല; രഹസ്യ ചര്‍ച്ച സ്ഥിരീകരിച്ച് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ്
ന്യൂസ് ഡെസ്‌ക്
Thursday, 14th March 2019, 11:28 pm

മലപ്പുറം: എസ്.ഡി.പി.ഐ, പോപുലര്‍ ഫ്രണ്ട് നേതാക്കളെ കണ്ടുമുട്ടിയത് യാദൃശ്ചികമായെന്ന ലീഗിന്റെ വാദം തള്ളി എസി.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് മജീദ് ഫൈസി. ലീഗ് നേതാക്കളെ കണ്ടത് യാദൃശ്ചികമായല്ലെന്നും, ചര്‍ച്ചയുടെ വിശദാംശങ്ങള്‍ പുറത്തു പറയാന്‍ കഴിയില്ലെന്നും മജീദ് ഫൈസി പറഞ്ഞതായി മീഡിയ വണ്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.

ലീഗ് നേതാക്കളും മലപ്പുറം-പൊന്നാനി മണ്ഡലങ്ങളിലെ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളുമായ പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീര്‍ എന്നിവരായിരുന്നു ഇന്ന് കൊണ്ടോട്ടിയിലെ കെ.ടി.ഡി.സി ഹോട്ടലില്‍ വെച്ച് പോപ്പുലര്‍ ഫ്രണ്ട്, എസ്.ഡി.പി.ഐ നേതാക്കളുമായി ചര്‍ച്ച നടത്തിയത്.

പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന അധ്യക്ഷന്‍ നസറൂദ്ദീന്‍ എളമരം, എസ്.ഡി.പി.ഐ സംസ്ഥാന അധ്യക്ഷന്‍ അബ്ദുള്‍ മജീദ് ഫൈസി എന്നിവരുമായിട്ടായിരുന്നു ചര്‍ച്ച. ചര്‍ച്ച നടന്നിട്ടുണ്ടെന്ന് പോപുലര്‍ ഫ്രണ്ടും സ്ഥിരീകരിച്ചിട്ടുണ്ട്.

രാഷ്ട്രീയ ചര്‍ച്ച നടത്തിയെന്ന വാര്‍ത്ത ലീഗ് നേതാവും പൊന്നാനിയിലെ സ്ഥാനാര്‍ത്ഥിയുമായ ഇ.ടി മുഹമ്മദ് ബഷീര്‍ നേരത്തെ നിഷേധിച്ചിരുന്നു. ഞങ്ങള്‍ അവിടെയുണ്ടായിരുന്നപ്പോള്‍ അപ്രതീക്ഷിതമായി എസ്.ഡി.പി.ഐ നേതാക്കള്‍ അവിടെയെത്തിയതാണെന്നും പോപ്പുലര്‍ ഫ്രണ്ട് പ്രസിഡന്റിന്റെ വീട് എന്റെ വീടിന്റെ തൊട്ടടുത്താണെന്നും ചര്‍ച്ച നടത്താന്‍ അങ്ങോട്ട് പോണോ എന്നും ഇ.ടി ചോദിച്ചു.രാഷ്ട്രീയമായി ഒന്നും തന്നെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ലെന്നും ഇ.ടി പറഞ്ഞിരുന്നു.

അവരെ ഒന്നു കണ്ടു, പക്ഷെ ചര്‍ച്ച നടത്തിയിട്ടില്ല. അവരുമായി ഒരു രാഷ്ട്രീയ ചര്‍ച്ച നടത്താന്‍ ഞങ്ങള്‍ ഉദ്ദേശിക്കുന്നില്ലെന്നുമായിരുന്നു ഇ.ടി ഏഷ്യാനെറ്റ് ന്യൂസില്‍ പറഞ്ഞത്.

ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഏറെ വിവാദമുണ്ടാക്കുന്നതാണ് ഈ കൂടിക്കാഴ്ച്ച. പൊന്നാനി ലോക്സഭാ മണ്ഡലവുമായി ബന്ധപ്പെട്ട വിഷയമാണ് പ്രധാനമായും ചര്‍ച്ചയായതെന്നാണ് സൂചന.