നദീസംയോജനം: സുപ്രീംകോടതി വിധി കേരളത്തിന് ബാധകമാകില്ലെന്ന് ഉമ്മന്‍ചാണ്ടി
Kerala
നദീസംയോജനം: സുപ്രീംകോടതി വിധി കേരളത്തിന് ബാധകമാകില്ലെന്ന് ഉമ്മന്‍ചാണ്ടി
ന്യൂസ് ഡെസ്‌ക്
Wednesday, 29th February 2012, 1:52 pm

തിരുവനന്തപുരം: നദീ സംയോജനത്തിന് അനുമതി നല്‍കിയ സുപ്രീം കോടതി വിധി കേരളത്തിന് ബാധകമാകില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പദ്ധതിയോട് കേരളം ഒരിക്കലും യോജിക്കില്ലെന്നും മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിക്കവേ മുഖ്യമന്ത്രി അറിയിച്ചു.

തുടക്കംമുതല്‍ തന്നെ കേരളം പദ്ധതിയെ എതിര്‍ക്കുന്നതാണെന്നും അതുകൊണ്ടു തന്നെ സുപ്രീംകോടതി വിധി കേരളത്തിന് ബാധകമാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പദ്ധതിക്ക് അനുമതി നല്‍കിയ സംസ്ഥാനങ്ങള്‍ക്ക് മാത്രമെ സുപ്രീംകോടതി ഉത്തരവ് ബാധകമാകൂവെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

സംസ്ഥാനത്തെ ഗ്രാമ പഞ്ചായത്തുകളിലും വികസന ബ്ലോക്ക് പഞ്ചായത്തുകളിലുമായി 268 അസി. എഞ്ചിനീയര്‍മാരെ നിയമിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. പഞ്ചായത്തുകളില്‍ 203 അസി. എഞ്ചിനീയര്‍മാരെയും ബ്ലോക്കുകളില്‍ 65 അസി.എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍മാരെയുമാണ് നിയമിക്കുന്നത്.

ഓരോ പഞ്ചായത്തിനും ബ്ലോക്കിനും ഓരോ അസി.എഞ്ചിനീയര്‍മാര്‍ എന്ന നിലയിലാണ് നിയമനം.ചെറിയ പഞ്ചായത്തുകളില്‍ രണ്ട് പഞ്ചായത്തിന് ഒന്ന് എന്ന നിലയിലും നിയമനം നടത്തുക. എഞ്ചിനീയര്‍മാരുടെ അഭാവത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ മുടങ്ങുന്നുവെന്ന ആക്ഷേപത്തെ തുടര്‍ന്നാണ് ഈ തീരുമാനം.

പട്ടികവര്‍ഗ പെണ്‍കുട്ടികളുടെ വിവാഹത്തിനുള്ള സഹായധനം 10,000 രൂപയില്‍ നിന്ന് 50,000 രൂപയാക്കി ഉയര്‍ത്തി. പദ്ധതിയില്‍ ഉള്‍പ്പെടുന്നതിനുള്ള വരുമാന പരിധി 40,000 രൂപയാക്കി ഉയര്‍ത്തിയിട്ടുണ്ട്. കോഴിക്കോട് ജെന്റര്‍ പാര്‍ക്ക് സ്ഥാപിക്കുന്നതിന് 2.5 കോടി രൂപ അനുവദിക്കാനും തീരുമാനമായെന്ന് മുഖ്യമന്ത്രി അറിയിച്ചു.

ഇറ്റാലിയന്‍ കപ്പലില്‍ നിന്നും ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ വെടിയേറ്റുമരിച്ച സംഭവത്തില്‍ കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പിലെത്താനുള്ള സാഹചര്യമില്ലെന്നും പ്രതികള്‍ക്കെതിരെ സമര്‍പ്പിച്ചിരിക്കുന്ന എഫ്.ഐ.ആര്‍ ദുര്‍ബലമാണെന്ന വാദം അടിസ്ഥാനരഹിതമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും സുതാര്യമായാണ് മുന്നോട്ടുപോകുന്നത്. ഇക്കാര്യത്തില്‍ കേരളത്തിന് ഒന്നും മറച്ചുവെയ്ക്കാനില്ല. അതുകൊണ്ടാണ് ആയുധപരിശോധനയില്‍ ഇറ്റാലിയന്‍ അധികൃതരുടെ സാന്നിധ്യം വേണമെന്ന ആവശ്യത്തെ കോടതിയില്‍ എതിര്‍ക്കാതിരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്തും കോഴിക്കോട്ടും മോണോ റെയില്‍ പദ്ധതി നടപ്പാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Malayalam News

Kerala News In English