ഇന്ത്യക്കും ചൈനക്കും തുര്‍ക്കിക്കും ഈജിപ്തിനും ആത്മാഭിമാനമുണ്ട്; അവരെ ഭീഷണിപ്പെടുത്തി റഷ്യക്കെതിരെ തിരിക്കാനാവില്ല: റഷ്യന്‍ വിദേശകാര്യ മന്ത്രി
World News
ഇന്ത്യക്കും ചൈനക്കും തുര്‍ക്കിക്കും ഈജിപ്തിനും ആത്മാഭിമാനമുണ്ട്; അവരെ ഭീഷണിപ്പെടുത്തി റഷ്യക്കെതിരെ തിരിക്കാനാവില്ല: റഷ്യന്‍ വിദേശകാര്യ മന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 3rd September 2022, 2:05 pm

മോസ്‌കോ: റഷ്യക്കെതിരായി അമേരിക്കയടക്കമുള്ള പാശ്ചാത്യ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധങ്ങളില്‍ ഇന്ത്യ പങ്കുചേരാത്തതിനെ അനുമോദിച്ച് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവ് (Sergey Lavrov).

റഷ്യന്‍ എംബസിയാണ് വെള്ളിയാഴ്ച ലാവ്‌റോവിന്റെ പ്രസ്താവന പുറത്തുവിട്ടത്.

”ഇന്ത്യക്ക് ഈ ഉപരോധങ്ങളില്‍ പങ്കുചേരാന്‍ താല്‍പര്യമില്ല. റഷ്യന്‍ ഇന്ധനങ്ങള്‍ വാങ്ങുന്നതില്‍ ഏതെങ്കിലും തരത്തിലുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതില്‍ ഞങ്ങളെ ഉള്‍പ്പെടുത്തേണ്ടതില്ല എന്ന് ഇന്ത്യയും എന്റെ പ്രിയസഹപ്രവര്‍ത്തകന്‍, ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമടക്കമുള്ള നേതാക്കള്‍ വ്യക്തമാക്കിയിരുന്നു.

സ്വന്തം താല്‍പര്യങ്ങള്‍ പിന്തുടരുമെന്ന് ഈ രാജ്യങ്ങള്‍ വ്യക്തമാക്കി കഴിഞ്ഞു,” ലാവ്‌റോവ് പറഞ്ഞു.

ഇന്ത്യ- റഷ്യ ബന്ധത്തെക്കുറിച്ചും റഷ്യന്‍ വിദേശകാര്യ മന്ത്രി സംസാരിച്ചു. റഷ്യയുടെ പ്രധാന മുന്‍ഗണനകളിലൊന്നാണ് ഇന്ത്യയെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം സൗഹൃദത്തിന്റെ ഉറപ്പില്‍ കൂടിയാണ് നിലനില്‍ക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റഷ്യക്കെതിരായ ഉപരോധത്തിന്റെ ഭാഗമാകാത്ത, റഷ്യയുമായി സഹകരിക്കുന്ന രാജ്യങ്ങളെ പാശ്ചാത്യ രാജ്യങ്ങള്‍ ഭീഷണിപ്പെടുത്തുന്നതിനെതിരെയും ലാവ്‌റോവ് ആഞ്ഞടിച്ചു.

”റഷ്യക്കെതിരെ ഉപരോധമേര്‍പ്പെടുത്തണമെന്ന് പാശ്ചാത്യര്‍ പരസ്യമായി രാജ്യങ്ങളോട് ആവശ്യപ്പെടുകയാണ്, അത് പരസ്യമായി ‘അഭിമാനത്തോടെ’ പ്രഖ്യാപിക്കുകയാണ്.

ഇന്ത്യ, ചൈന, തുര്‍ക്കി, ഈജിപ്ത്, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളുമായി ബന്ധപ്പെട്ട് അവര്‍ക്ക്, പാശ്ചാത്യര്‍ക്ക് എങ്ങനെയാണ് ഇങ്ങനെ ധിക്കാരപരമായ പരസ്യ പ്രസ്താവനകള്‍ നടത്താന്‍ കഴിയുന്നത്? ഈ രാജ്യങ്ങളെ പരസ്യമായി ഭീഷണിപ്പെടുത്തുമ്പോള്‍, അവര്‍ക്ക് ആത്മാഭിമാനമുണ്ടെന്ന് ആരും മനസ്സിലാക്കുന്നില്ലേ,” ലാവ്‌റോവ് പറയുന്നു.

റഷ്യയുടെ വരുമാനം കുറക്കുക എന്ന ലക്ഷ്യത്തോടെ ജി7 രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാര്‍ ഒരു യോഗം ചേരുകയും റഷ്യന്‍ എണ്ണക്ക് മേല്‍ ഒരു പ്രൈസ് ക്യാപ് ഏര്‍പ്പെടുത്താന്‍ തീരുമാനിക്കുകയും ചെയ്തതിന് പിന്നാലെയായിരുന്നു ലാവ്‌റോവിന്റെ പ്രതികരണമെന്നതും ശ്രദ്ധേയമാണ്.

പ്രൈസ് ക്യാപ് ഏര്‍പ്പെടുത്തുന്ന രാജ്യങ്ങള്‍ക്ക് എണ്ണ വില്‍ക്കുന്നത് നിര്‍ത്തലാക്കുമെന്ന് റഷ്യയും ഇതിന് തിരിച്ചടിച്ചിട്ടുണ്ട്.

Content Highlight: Russian FM Sergey Lavrov says civilizations like India, China have self esteem and can’t be threatened to impose sanction on Russia