ഇന്ത്യ റഷ്യന്‍ എണ്ണ ഇറക്കുമതി ചെയ്യുന്നതിനെതിരായ പാശ്ചാത്യരുടെ വിമര്‍ശനം ഇരട്ടത്താപ്പ്; റഷ്യന്‍ അംബാസിഡര്‍ ഡെനിസ് അലിപൊവ്
World News
ഇന്ത്യ റഷ്യന്‍ എണ്ണ ഇറക്കുമതി ചെയ്യുന്നതിനെതിരായ പാശ്ചാത്യരുടെ വിമര്‍ശനം ഇരട്ടത്താപ്പ്; റഷ്യന്‍ അംബാസിഡര്‍ ഡെനിസ് അലിപൊവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 29th August 2022, 5:04 pm

ന്യൂദല്‍ഹി: റഷ്യയുമായുള്ള സഹകരണത്തിന്റെ പേരില്‍ ഇന്ത്യയെ വിമര്‍ശിക്കുന്ന, അമേരിക്കയടക്കമുള്ള പാശ്ചാത്യ രാജ്യങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യയിലെ റഷ്യന്‍ അംബാസിഡര്‍ ഡെനിസ് അലിപൊവ് (Denis Alipov).

റഷ്യയില്‍ നിന്നും എണ്ണ ഇറക്കുമതി ചെയ്യുന്നതിന് ഇന്ത്യയെ വിമര്‍ശിക്കുന്ന പാശ്ചാത്യ രാജ്യങ്ങള്‍ കാണിക്കുന്നത് ഇരട്ടത്താപ്പാണെന്നാണ് പി.ടി.ഐക്ക് നല്‍കിയ അഭിമുഖത്തില്‍ ഡെനിസ് അലിപൊവ് പറഞ്ഞത്.

റഷ്യയും ഇന്ത്യയും തമ്മിലുള്ള വ്യാപാരം നല്ല നിലയിലാണ് മുന്നോട്ട് പോകുന്നതെന്നും ഇരുരാജ്യങ്ങള്‍ക്കിടയിലും നിരവധി പേയ്‌മെന്റ് സിസ്റ്റങ്ങള്‍ ഉണ്ടെന്നും അലിപൊവ് വ്യക്തമാക്കി.

പാശ്ചാത്യ രാജ്യങ്ങള്‍ റഷ്യക്ക് മേല്‍ നിയമവിരുദ്ധമായി ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും അതില്‍ തന്നെ തങ്ങള്‍ക്ക് വേണ്ട ഇളവുകള്‍ വരുത്തി അവര്‍ റഷ്യന്‍ എണ്ണ വാങ്ങുന്നുണ്ടെന്നും അതേസമയം ഇന്ത്യയെ റഷ്യയില്‍ നിന്നും എണ്ണ ഇറക്കുമതി ചെയ്യുന്നതിന് വിമര്‍ശിക്കുകയാണെന്നുമാണ് റഷ്യന്‍ അംബാസിഡര്‍ പറയുന്നത്. ഇത് പാശ്ചാത്യ രാജ്യങ്ങളുടെ ഇരട്ടത്താപ്പിലേക്കാണ് വിരല്‍ചൂണ്ടുന്നതെന്നും അലിപൊവ് ചൂണ്ടിക്കാണിക്കുന്നു.

”റഷ്യയില്‍ നിന്നും എണ്ണ ഇറക്കുമതി ചെയ്യുന്നതിന് ഇന്ത്യയെ വിമര്‍ശിക്കുന്ന പാശ്ചാത്യ രാജ്യങ്ങള്‍ പക്ഷെ, റഷ്യക്ക് മേല്‍ ഏര്‍പ്പെടുത്തിയിട്ടുള്ള നിയമവിരുദ്ധമായ ഉപരോധങ്ങളില്‍ ഇളവുകള്‍ വരുത്തി തങ്ങള്‍ റഷ്യന്‍ ഊര്‍ജ സ്രോതസ്സുകള്‍ വാങ്ങുന്നു എന്ന വസ്തുതയെക്കുറിച്ച് മിണ്ടാതിരിക്കുകയാണ് ചെയ്യുന്നത്.

അങ്ങനെ ചെയ്യുന്നതിലൂടെ അവരുടെ മൂല്യരഹിതമായ നിലപാടും ഇരട്ടത്താപ്പുമാണ് വ്യക്തമായി പ്രകടിപ്പിക്കുന്നത്,” അഭിമുഖത്തില്‍ അലിപൊവ് പറഞ്ഞു.

അതേസമയം, ചരിത്രപരമായി നോക്കുകയാണെങ്കില്‍ റഷ്യ ഇന്ത്യയുടെ മുന്‍നിര എണ്ണ സ്രോതസുകളിലൊന്നല്ല. എന്നാല്‍ ഉക്രൈന്‍ അധിനിവേശവും അതിന് പിന്നാലെ നാറ്റോ അംഗരാജ്യങ്ങളും മറ്റ് പാശ്ചാത്യ രാജ്യങ്ങളും റഷ്യക്ക് മേല്‍ ഉപരോധമേര്‍പ്പെടുത്തിയിരുന്നു.

അതിന് ശേഷം റഷ്യ ഇന്ത്യക്ക് സബ്‌സിഡിയോടെ ക്രൂഡ് ഓയില്‍ ഓഫര്‍ ചെയ്യുകയും ഇന്ത്യ അത് സ്വീകരിക്കുകയുമായിരുന്നു.

Content Highlight: Russian Ambassador says Western Countries’ criticism of India for importing Russian oil shows their double standards