'സുഹൃത്തുക്കളല്ലാത്തവര്‍ക്ക് സ്വാഗതമില്ല'; മാര്‍ക്കറ്റില്‍ നിയന്ത്രണമേര്‍പ്പെടുത്തി പുടിന്‍
World News
'സുഹൃത്തുക്കളല്ലാത്തവര്‍ക്ക് സ്വാഗതമില്ല'; മാര്‍ക്കറ്റില്‍ നിയന്ത്രണമേര്‍പ്പെടുത്തി പുടിന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 15th August 2022, 2:54 pm

മോസ്‌കോ: ഉക്രൈന്‍ അധിനിവേശത്തിന്റെ പേരില്‍ റഷ്യയെ ഗ്ലോബല്‍ ഫിനാന്‍സില്‍ നിന്ന് പുറത്താക്കി ആറ് മാസത്തിനിപ്പുറം സാമ്പത്തിക രംഗത്ത് തങ്ങളുടെ എതിരാളികളുമായി യാതൊരു ബന്ധവും പുലര്‍ത്താതെ സ്വന്തമായ ഒരു ദ്വിതല സംവിധാനവുമായി മുന്നോട്ട് പോകുകയാണ് റഷ്യ.

എന്നാലിപ്പോള്‍ തങ്ങള്‍ക്ക് മേല്‍ ഉപരോധമേര്‍പ്പെടുത്തിയ യു.എസ് പോലുള്ള രാജ്യങ്ങളൊഴികെയുള്ള രാഷ്ട്രങ്ങളെ ട്രേഡിങിന് ക്ഷണിച്ചിരിക്കുകയാണ് റഷ്യ.

തിങ്കളാഴ്ച മുതല്‍, യു.എസും സഖ്യകക്ഷികളും ഏര്‍പ്പെടുത്തിയ ഉപരോധത്തില്‍ പങ്കുചേരാത്ത അന്താരാഷ്ട്ര രാജ്യങ്ങളില്‍ നിന്നുള്ള നിക്ഷേപകര്‍ക്കായി ഡെബ്റ്റ് സെക്യൂരിറ്റികളില്‍ ട്രേഡിങ് നടത്താന്‍ മോസ്‌കോ എക്‌സ്‌ചേഞ്ച് അനുവദിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ഉക്രൈനില്‍ സംഘര്‍ഷം ആരംഭിച്ചതിന് പിന്നാലെ രാജ്യത്ത് നിന്നും പുറത്തേക്കുള്ള പണമൊഴുക്ക് നിയന്ത്രിക്കാന്‍ റഷ്യ അവരുടെ മാര്‍ക്കറ്റുകള്‍ അടച്ചിട്ടിരുന്നു.

എന്നിരുന്നാലും, റഷ്യയുടെ ‘സുഹൃദ് രാജ്യങ്ങള’ല്ലാത്തവര്‍ക്ക് ഇപ്പോഴത്തെ മാര്‍ക്കറ്റ് ഉളവ് ബാധകമായിരിക്കില്ല.

2022 ഫെബ്രുവരി 26നായിരുന്നു റഷ്യ ഉക്രൈനില്‍ ആക്രമണമാരംഭിച്ചത്.

പിന്നാലെ റഷ്യക്ക് മേല്‍ അമേരിക്കയും യൂറോപ്യന്‍ യൂണിയന്‍, നാറ്റോ അംഗരാജ്യങ്ങളും വിവിധ തരത്തിലുള്ള സാമ്പത്തിക- എണ്ണ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.

അമേരിക്കയും നാറ്റോ അംഗരാജ്യങ്ങളില്‍ പലരും യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളും റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി വെട്ടിക്കുറച്ചിരുന്നു.

റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതിയുടെ മൂന്നില്‍ രണ്ട് ഭാഗവും നിരോധിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ തീരുമാനിച്ചിരുന്നു.
90 ശതമാനം റഷ്യന്‍ എണ്ണയുടെയും ഇറക്കുമതി നിര്‍ത്തലാക്കാനായിരുന്നു യൂറോപ്യന്‍ കൗണ്‍സില്‍
തീരുമാനമെടുത്തത്.

യൂറോപ്യന്‍ യൂണിയന്‍ റഷ്യക്ക് മേല്‍ ചുമത്തിയിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിയ ഉപരോധ മാര്‍ഗമായിരുന്നു ഇത്.

യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുക, റഷ്യയുടെ വരുമാന മാര്‍ഗങ്ങള്‍ക്ക് തടയിടുക എന്നിവയാണ് നിരോധനത്തിലൂടെ ലക്ഷ്യമിട്ടത്.

Content Highlight: Russia restricts access to its market, Unfriendly nations are not invited