| Saturday, 25th May 2013, 12:28 pm

റബ്‌കോ: നിക്ഷേപസമാഹരണം നടത്താനുള്ള സി.പി.ഐ.എം നിര്‍ദ്ദേശം ജില്ലാകമ്മിറ്റികള്‍ തള്ളി

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ട റബ്‌കോയെ സഹായിക്കാന്‍ നിക്ഷേപ സമാഹരണം നടത്താനുളള സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി തീരുമാനം ഭൂരിപക്ഷം ജില്ലാകമ്മിറ്റികളും തള്ളി.

പാര്‍ട്ടി നിയന്ത്രണത്തിലുളള സഹകരണ ബാങ്കുകളില്‍ നിന്ന്് റബ്‌കോയ്ക്ക് വായ്പ നല്‍കി പണം സമാഹരിക്കാനുളള തീരുമാനമാണ് ജില്ലാ കമ്മിറ്റികള്‍ എതിര്‍ത്തത്. []

കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനും സംസ്ഥാന സമിതിയില്‍ നിര്‍ദേശത്തെ എതിര്‍ത്തു. ഏപ്രില്‍ 28 നാണ് സംസ്ഥാന കമ്മിറ്റി നിക്ഷേപ സമാഹരണം നടത്താനുളള നിര്‍ദേശം പുറപ്പെടുവിച്ചത്.

മിക്ക കമ്മിറ്റികളുടെയും എതിര്‍പ്പ് അവഗണിച്ചായിരുന്നു സംസ്ഥാന കമ്മിറ്റി നേരത്തെ തീരുമാനമെടുത്തത്.

ഏപ്രില്‍ 28ന് നടന്ന സംസ്ഥാന കമ്മിറ്റിയില്‍ സംസ്ഥാന സെക്രട്ടറി പിണറായി വിജയനാണ് റബ്‌കോയ്ക്ക് പാര്‍ട്ടി നിയന്ത്രണത്തിലുളള സഹകരണ സംഘങ്ങള്‍ വായ്പ നല്‍കണമെന്ന നിര്‍ദ്ദേശം വെച്ചത്.

കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനും ആലപ്പുഴ ജില്ലാ സെക്രട്ടറി സി.ബി.ചന്ദ്രബാബുവും ഉള്‍പ്പെടെയുള്ളവര്‍ തീരുമാനത്തിലെ അപ്രായോഗിത ചോദ്യം ചെയ്ത് രംഗത്തെത്തിയെങ്കിലും തീരുമാനത്തില്‍ മാറ്റമുണ്ടായില്ല.

കമ്മിറ്റി കഴിഞ്ഞ് ഒരാഴ്ച്ചയ്ക്കകം തന്നെ ഓരോ ജില്ലയിലും പാര്‍ട്ടിക്ക് കീഴിലുളള സഹകരണസംഘങ്ങളുടെ വിവരവും അവയില്‍ നിന്ന് നിക്ഷേപമായി  സമാഹരിക്കേണ്ട തുകയുടെ പട്ടികയും റബ്‌കേയില്‍ നിന്ന് ജില്ലാ സെക്രട്ടറിമാര്‍ക്ക് എത്തിച്ചുകൊടുത്തു.

പണപ്പിരിവിന്റെ കാര്യം ചര്‍ച്ചയ്ക്ക് വന്നപ്പോള്‍ ഭൂരിപക്ഷം ജില്ലാകമ്മിറ്റികളിലും എതിര്‍പ്പുയര്‍ന്നു. അതുകൊണ്ടുതന്നെ മിക്ക ജില്ലകളിലും പണപ്പിരിവ് നടന്നിട്ടില്ല.

പിണറായിയുടെയും ഇ.പി.ജയരാജന്റെയും നേതൃത്വത്തില്‍ യോഗം നടന്ന കണ്ണൂരില്‍ മാത്രമാണ് പിരിവ് കാര്യമായി നടക്കുന്നത്.

പിണറായി വിജയന്‍ സഹകരണ മന്ത്രിയായിരിക്കെ രൂപംകൊണ്ട സഹകരണ സ്ഥാപനമാണ് റബ്‌കോ.

പൂര്‍ണമായും സി.പി.ഐ.എം നിയന്ത്രണത്തിലുളള റബ്‌കോ കെട്ടിട നിര്‍മ്മാണത്തിലടക്കം ധൂര്‍ത്തും കെടുകാര്യസ്ഥതയും മൂലം സ്ഥാപനം ഇന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. റബ്‌കോയ്ക്ക് വായ്പ നല്‍കി കടക്കെണിയിലായ കോട്ടയം,പാലക്കാട് ജില്ലാ സഹകരണ ബാങ്കുകളും പ്രതിസന്ധിയിലാണ്.

അതേസമയം വായ്പയെടുത്ത പണം തിരിച്ചടക്കാത്തതിന്റെ പേരില്‍ സംസ്ഥാന സഹകരണ ബാങ്കില്‍ നിന്ന് ജപ്തി ഭീഷണി നേരിടുന്ന റബ്‌കോയ്ക്ക് വേണ്ടി വീണ്ടും പണപ്പിരിവ് നടത്താനാണ് സി.പി.ഐ.എം തീരുമാനം.

2009ല്‍ വായ്പയെടുത്ത 25 കോടി രൂപയാണു കുടിശികയായത്. റബ്‌കോയുടെ പ്രധാന ഓഫീസ് കെട്ടിടവും 67.5 സെന്റ് സ്ഥലവും കോട്ടയം പാമ്പാടിയിലെ 10.68 ഏക്കര്‍ സ്ഥലവും പണയപ്പെടുത്തിയാണു വായ്പയെടുത്തത്. 2012 ഡിസംബര്‍ വരെയുള്ള കുടിശികയാണ് സംസ്ഥാന സഹകരണബാങ്ക് കണക്കാക്കിയിരിക്കുന്നത്.

സാമ്പത്തികപ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ റബ്‌കോയുടെ തലശേരി, വലിയവെളിച്ചം, ശ്രീകണ്ഠാപുരം ശാഖകളിലെ 700 തൊഴിലാളികളെ പിരിച്ചുവിടാനായിരുന്നു മാനേജ്‌മെന്റ് തീരുമാനം.

We use cookies to give you the best possible experience. Learn more