ബസിന് മുന്നില്‍ സ്‌കൂട്ടര്‍ പെട്ടന്ന് വെട്ടിത്തിരിച്ച സംഭവം; 11,000 രൂപ പിഴയിട്ട് ആര്‍.ടി.ഒ
Kerala News
ബസിന് മുന്നില്‍ സ്‌കൂട്ടര്‍ പെട്ടന്ന് വെട്ടിത്തിരിച്ച സംഭവം; 11,000 രൂപ പിഴയിട്ട് ആര്‍.ടി.ഒ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 30th June 2022, 6:31 pm

പാലക്കാട്: സ്വകാര്യ ബസിന് മുന്നില്‍ വാഹനം പെട്ടെന്നുവെട്ടിത്തിരിച്ച സ്‌കൂട്ടര്‍ യാത്രക്കാരന് 11,000 രൂപ പിഴ. കൊഴിഞ്ഞാമ്പാറയില്‍ സ്വകാര്യ ബസിന് മുന്നിലൂടെ അപകടകരമാം വിധം ഇരുചക്രവാഹനം ഓടിച്ച സംഭവത്തിലാണ് ആര്‍.ടി.ഒ നടപടി. വാളറ സ്വദേശിനിയും ഇരുചക്രവാഹനത്തിന്റെ ഉടമയുമായ അനിത, വാഹനം ഓടിച്ച പിതാവ് ചെന്താമര എന്നിവര്‍ക്കാണ് 11,000 രൂപ പിഴ ചുമത്തിയത്.

ഹെല്‍മെറ്റും ലൈസന്‍സുമില്ലാതെ സ്‌കൂട്ടര്‍ ഓടിച്ചതിനാണ് പൊലീസ് നിയമ നടപടി സ്വീകരിച്ചത്. ലെസന്‍സ് ഇല്ലാത്തയാള്‍ക്ക് വാഹനം കൈമാറിയതിന്
അനിതക്കും, ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിച്ചതിന് ചെന്താമരയ്ക്കും 5000 രൂപാ വീതമാണ് ആര്‍.ടി.ഒ പിഴ ചുമത്തിയത്. വാഹനമോടിക്കുമ്പോള്‍ ചെന്താമരയും പുറകിലിരുന്ന യാത്രികയും ഹെല്‍മറ്റ് ധരിച്ചിരുന്നില്ല. ഇതിന് 500 രൂപ വീതം 1000 രൂപ പിഴയൊടുക്കാനും ആര്‍.ടി.ഒ നിര്‍ദേശിച്ചു.

പെട്ടെന്ന് ബ്രേക്ക് ചവിട്ടിനിര്‍ത്തി സ്‌കൂട്ടര്‍ യാത്രക്കാരെ രക്ഷിച്ച ബസ് ഡ്രൈവറുടെ നടപടി കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ബസിലുണ്ടായിരുന്ന സി.സി.ടി.വിയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ വാര്‍ത്തയായതോടെയാണ് ആര്‍.ടി.ഒ ഉദ്യോഗസ്ഥര്‍ വാഹനം കണ്ടെത്തിയത്.

കഴിഞ്ഞ ഞായറാഴ്ച ഉച്ചയോടെ വാളറയിലായിരുന്നു സംഭവം. തൃശൂരില്‍ നിന്നും കൊഴിഞ്ഞാമ്പാറയിലേക്കുള്ള സ്വകാര്യ ബസിന് മുന്നിലായി പോകുകയായിരുന്ന സ്‌കൂട്ടര്‍ യാതൊരു സിഗ്‌നലും നല്‍കാതെ വെട്ടിത്തിരിയുകയായിരുന്നു. ബസ് ഡ്രൈവര്‍ അക്ഷ്യുടെ സമയോചിത ഇടപെടല്‍ കൊണ്ട് മാത്രമാണ് വന്‍ അപകടം ഒഴിവായത്.

എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ ജയേഷ്‌കുമാറിന്റെ നിര്‍ദേശപ്രകാരം ചിറ്റൂര്‍ മോട്ടര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന്റെ നേതൃത്വത്തിലാണ് വാഹനം കണ്ടെത്തി നടപടിയെടുത്തത്.