Administrator
Administrator
ഉത്തരം കിട്ടാതെ അമിത് ജെത്‌വ മടങ്ങി
Administrator
Friday 23rd July 2010 9:27am

സരിത കെ വേണു

തീര്‍ത്തും സങ്കടകരമായ അന്ത്യമാണ് പരിസ്ഥിതി പ്രവര്‍ത്തകനായ അമിത് ജെത്‌വയുടേത്. പരിസ്ഥിതിയെ സംരക്ഷിക്കലായിരുന്നു അമിതിന്റെ ജീവിതം. ഗുജറാത്ത് ഹൈക്കോടതിയുടെ സമീപം തന്റെ അഭിഭാഷകന്റെ ഓഫിസില്‍ നിന്ന് ഇറങ്ങുകയായിരുന്ന അമിതിനെ അജ്ഞാതരായ രണ്ടുപേര്‍ വെടിവച്ചുകൊല്ലുകയായിരുന്നു.

ഗിര്‍വനങ്ങളിലെ സിംഹങ്ങളെ അനധികൃത ഖനന മാഫിയയില്‍ നിന്നും രക്ഷിക്കുന്നതിന് അമിത് നടത്തിയ പ്രയത്‌നങ്ങള്‍ക്ക് ജനങ്ങളുടെ പിന്തുണ ലഭിക്കുന്നില്ലെന്ന് അമിത് ജൂലൈ 12ന് ഒരു വെബ് സൈറ്റിനും നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. ജനങ്ങളുടെ നിര്‍വികാരത പരിസ്ഥിതി പ്രവര്‍ത്തകരുടെ വീര്യം കെടുത്തുന്നതാണെന്നും മറ്റ് ഏതെങ്കിലും വഴിയിലൂടെ ജനങ്ങളെയും ഈ ഉദ്യമത്തില്‍ പങ്കാളികളാക്കാന്‍ നോക്കുകയാണെന്നും അമിത് പറഞ്ഞിരുന്നു. അതിനായി രണ്ടുമാസം വിട്ടുനിന്ന് ജനങ്ങളെ പങ്കെടുപ്പിക്കാന്‍ പറ്റുന്ന എതെങ്കിലും പരിപാടികള്‍ ആലോചിക്കാന്‍ തയ്യാറെടുക്കുകയായിരുന്നു അമിത്. അതിനിടയിലാണ് അമിത് കൊല്ലപ്പെട്ടത്.

താന്‍ കളിക്കുന്നത് തീകൊണ്ടാണെന്ന് അമിതിന് അറിയാമായിരുന്നു. അതുകൊണ്ടുതന്നെ ജീവന് ഭീഷണിയുണ്ടെന്ന് ഇവര്‍ കോടതിയില്‍ സത്യവാങ് മൂലം സമര്‍പ്പിച്ചിരുന്നു. ഖനനമാഫിയയുമായി യുദ്ധം പ്രഖ്യാപിക്കുക എന്നത് എത്രമാത്രം അപകടംപിടിച്ചതാണെന്ന് തനിക്കും കുടുംബത്തിനും അറിയാമെന്നും അമിത് പറഞ്ഞിരുന്നു. ഞങ്ങളുടെ പ്രയത്‌നങ്ങളെ ജനങ്ങള്‍ കണ്ടില്ലെന്നും നടിക്കുന്നതും അമിതിനെ വേദനിപ്പിച്ചിരുന്നു. നാട്ടുകാരുടെ സഹായമില്ലാതെ ഒന്നും സാധിക്കില്ല. കാരണം ഈ യുദ്ധം എല്ലാവരുടേതുമാണെന്നാണ് അമിതിനു പറയാനുള്ളത്.

അമിതിന് കൂട്ടുകാരേക്കാള്‍ കൂടുതല്‍ ശത്രുക്കളായിരുന്നു. ഒരിക്കല്‍ തന്റെ സ്വദേശമായ ഖംബയില്‍ പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്ന അമിതിനെ ചിലര്‍ പരസ്യമായി ഭീഷണിപ്പെടുത്തിയിരുന്നു. അങ്ങിനെയാണ് ഖംബ വിട്ട് അഹ്മദാബാദിലേക്ക് താമസം മാറ്റാന്‍ അമിത് നിര്‍ബന്ധിതനായത്.

എല്ലാം തുറന്നു പറയുന്ന സ്വഭാവക്കാരനായ അമിതിന് 2002ല്‍ സംസ്ഥാന വന്യജീവി വകുപ്പിന്റെ ഉപദേശക സമിതിയില്‍ നിന്നുള്ള അംഗത്വവും നഷ്ടപ്പെട്ടു.മുഖ്യമന്ത്രിയാണ് വന്യജീവി ഉപദേശക സമിതിയെ നയിക്കുന്നത്. മുഖ്യമന്ത്രിയെ പോലും ചോദ്യം ചെയ്‌തേക്കാം എന്ന ഭയത്തിലാണ് അമിതിനെ വീണ്ടും സമിതിയില്‍ എടുക്കതിരുന്നത്.

യോഗ്യതയില്ലാത്ത ജെ കെ വ്യാസിനെ പരിസ്ഥിതി ഡയറക്ടരായി നിയമിച്ചതിനെതിരേയും അമിത് പൊതുതാല്‍പ്പര്യ ഹരജി ഫയല്‍ ചെയ്തിരുന്നു. ആ കേസില്‍ അമിതിനായിരുന്നു ജയം.ഗുജറാത്ത് എന്‍വയോണ്‍മെന്റ് എജുക്കേഷന്‍ ആന്റ് റിസര്‍ച്ച് ഫൗണ്ടേഷന്റെ സ്ഥിരം മീറ്റിങ്ങുകള്‍ നടക്കുന്നില്ലെന്നും അമിത് പരാതിപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായി ജൂലൈ 30 ന് ഗീര്‍ അധികൃതരോട് ഹജരാവാന്‍ ചാരിറ്റി കമ്മീഷണര്‍ ആവശ്യപ്പെട്ടിരിക്കുകയായിരുന്നു.

അമിതനെ കൊലപ്പെടുത്തിയത് ജുനഗഢ് ബി ജെ പി എം പി ദിനു സോളങ്കിയാണെന്ന് പിതാവ് ഭിക്കാഭായി ജെത്‌വ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. അമിതിനെ പലതവണ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നതായും ഭിക്കാഭായി പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തില്‍ അഹ്മദാബാദ് പോലിസ് ജുനഗഢിലെത്തി അന്വേഷണം തുടങ്ങി. അക്രമികള്‍ ഉപേക്ഷിച്ചു പോയ തൊണ്ടികള്‍ ജുനഗഢില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് പോലിസ് ജുനഗഡിലെത്തിയത്. സൗരാഷ്ട്രയിലെ ക്രിമിനല്‍ സംഘത്തിനെ ചുറ്റിപ്പറ്റിയും അന്വേഷണം നടത്തുമെന്നും പോലിസ് പറഞ്ഞു. ദിനുഭായി സോളങ്കിക്കെതിരേയും അന്വേഷണം നടത്തും.

അ­ഴിമ­തി പു­റ­ത്തു­കൊ­ണ്ടു­വ­രു­ന്നവ­രെ കൊല്ലു­ന്നു: അ­രു­ണാ റോയി

Advertisement