നിങ്ങള്‍ ഖത്തറിന്റെ ചോറും സ്വര്‍ണവും വാങ്ങി ആന്‍ഡമാനെ പൊതിഞ്ഞോ, ഞാന്‍ മതം മാറില്ല; ഇവിടെ ദേശീയവാദികള്‍ ചത്തുപോയിട്ടില്ല: നുപുര്‍ ശര്‍മക്കെതിരായ നടപടിയില്‍ ടി.ജി. മോഹന്‍ദാസ്
Kerala News
നിങ്ങള്‍ ഖത്തറിന്റെ ചോറും സ്വര്‍ണവും വാങ്ങി ആന്‍ഡമാനെ പൊതിഞ്ഞോ, ഞാന്‍ മതം മാറില്ല; ഇവിടെ ദേശീയവാദികള്‍ ചത്തുപോയിട്ടില്ല: നുപുര്‍ ശര്‍മക്കെതിരായ നടപടിയില്‍ ടി.ജി. മോഹന്‍ദാസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 6th June 2022, 8:53 am

കോഴിക്കോട്: പ്രവാചകന്‍ മുഹമ്മദ് നബിയെ അപകീര്‍ത്തിപ്പെടുത്തുന്ന വിധം ബി.ജെ.പി ദേശീയ വക്താവ് നുപുര്‍ ശര്‍മ പരാമര്‍ശം നടത്തിയതില്‍ ഖത്തര്‍ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങള്‍ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. ബി.ജെ.പി നുപുര്‍ ശര്‍മയെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.

എന്നാല്‍ ഈ നടപടികളെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് ആര്‍.എസ്.എസ് സൈദ്ധാന്തികന്‍ ടി.ജി. മോഹന്‍ദാസ്.

ഖത്തര്‍ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളെ പിണക്കാതിരിക്കാന്‍ ബി.ജെ.പി സര്‍ക്കാര്‍ ഉചിതമായ നടപടിയാണ് സ്വീകരിച്ചതെന്ന വിവിധ സംഘപരിവാര്‍ പ്രൊഫൈലുകളുടെ പ്രതികരണത്തെയാണ് ടി.ജി. മോഹന്‍ദാസ് വിമര്‍ശിച്ചത്.

‘രണ്ട് പുറത്താക്കലുകള്‍’ എന്ന പേരില്‍ വിവിധ സംഘപരിവാര്‍ അനുകൂല പ്രൊഫൈലുകള്‍ ചേര്‍ന്ന് നടത്തിയ ഒരു ക്ലബ് ഹൗസ് ചര്‍ച്ചക്കിടെയായിരുന്നു പ്രതികരണം.

ഖത്തറില്‍ നിന്ന് പണം കൊണ്ടുവന്ന് ഇന്ത്യ മൊത്തം സ്വര്‍ണം പൊതിയാന്‍ പോകുന്നുവെന്ന് പറഞ്ഞാലും താന്‍ ഇസ്‌ലാമായി മാറില്ലെന്നും ടി.ജി. മോഹന്‍ദാസ് ചര്‍ച്ചയില്‍ പറഞ്ഞു.

”ഒരുപാട് കാശ് കിട്ടിയാല്‍ മാത്രമേ നമുക്ക് മുന്നോട്ട് പോവന്‍ പറ്റുകയുളളു. പ്രത്യേകിച്ച് ആന്‍ഡമാന്‍ നിക്കോബര്‍ ദ്വീപിനെയൊക്കെ ദുബായ് പോലെയാക്കാന്‍, ഒരു കാര്‍ഗോ ഷിപ്പ് സിറ്റി ഉണ്ടാക്കാന്‍ ഇഷ്ടം പോലെ കാശ് അതിന് വേണം.

ദുബായ് രക്ഷപ്പെട്ടതിന്റെ ഏറ്റവും വലിയ കാരണം അവിടത്തെ കാര്‍ഗോ ഷിപ്മെന്റ് ആണ്. അതുപോലെ ഒരു പരിപാടി നമ്മള്‍ ചെയ്യുന്നുണ്ട്. അതിനെല്ലാം പണം വേണം. ഇന്ത്യയുടെ നിലനില്‍പ്പിന് അത് ആവശ്യമാണ്.

അതേസമയം നുപുര്‍ ശര്‍മയെ ഇങ്ങനെ പബ്ലിക്കായി വലിച്ചുകീറാന്‍ ഇട്ടു കൊടുത്തത് മോശം തന്നെയാണ്. ബി.ജെ.പിക്ക് എങ്ങനെ അവിടെ പിഴച്ചു എന്നത് ചോദ്യം ചെയ്യപ്പെടേണ്ട കാര്യം തന്നെയാണ്.

പക്ഷെ ഇപ്പോള്‍ ഇത് ചെയ്തേ പറ്റുകയുള്ളൂ. കാരണം അത്രത്തോളം ചവിട്ടാണ് നാല് ഭാഗത്ത് നിന്നും കിട്ടുന്നത്.

നമുക്കിപ്പോള്‍ നമ്മള്‍ ഉണ്ടാക്കിയ സാധനങ്ങളെല്ലാം നമ്മുടെ വീട്ടില്‍ തന്നെ വെച്ചേക്ക് എന്ന് പറയുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിച്ചു കഴിഞ്ഞാല്‍ ഇന്നത്തെ സ്ഥിതിയില്‍ അത് മോശമാണ്,” ക്ലബ് ഹൗസ് ചര്‍ച്ചക്കിടെ അല്‍ കമല്‍ എന്ന അക്കൗണ്ടില്‍ നിന്നും പറഞ്ഞു.

ഇതിന് മറുപടിയായാണ് ടി.ജി. മോഹന്‍ദാസ് പ്രതികരിച്ചത്.

”ഇപ്പോള്‍ സംസാരിച്ചത് ആരാണെന്ന് എനിക്കറിയില്ല. അദ്ദേഹത്തിന്റെ അറിവിലേക്കായി പറയാം.

ഖത്തറില്‍ നിന്ന് കാശ് കൊണ്ടുവന്ന് ഇന്ത്യ മൊത്തം സ്വര്‍ണം പൊതിയാന്‍ പോകുന്നു, ആകെ വേണ്ടത് ടി.ജി. മോഹന്‍ദാസ് ഇസ്‌ലാമായി മാറണം, ഇങ്ങനെയൊരു ആവശ്യം നാളെ വന്നാല്‍ മോഹന്‍ദാസിനെ അതിന് കിട്ടില്ല കേട്ടോ.

നിങ്ങള്‍ ഖത്തറിന്റെ ചോറ് വാങ്ങിച്ച്, അവരുടെ സ്വര്‍ണം വാങ്ങിച്ച് ലക്ഷദ്വീപിനെ കൂടി സ്വര്‍ണം പൊതിഞ്ഞോ. എന്തിനാ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപിനെ മാത്രമാക്കുന്നത്. എന്നെ കിട്ടുകയില്ല അതിന്.

ഞാന്‍ ചത്തു പോകാന്‍ തയ്യാറാണ്. പക്ഷെ ഇത് പോലെ കാശ് കാണിച്ച് പേടിപ്പിച്ച് എന്നെ എന്തെങ്കിലും ചെയ്യാമെന്ന് ആരും വിചാരിക്കരുത്. ദേശീയവാദികള്‍ ഇവിടെ ചത്തുപോയിട്ടൊന്നുമില്ല,” ടി.ജി. മോഹന്‍ദാസ് ചര്‍ച്ചയില്‍ പറഞ്ഞു.

അതേസമയം, പ്രവാചകന്‍ മുഹമ്മദ് നബിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ പരാമര്‍ശം നടത്തിയ ബി.ജെ.പി ദേശീയ വാക്താവ് നുപുര്‍ ശര്‍മയേയും ബി.ജെ.പി ദല്‍ഹി ഘടകം മീഡിയാ വിഭാഗം മേധാവി നവീന്‍ ജിന്‍ഡാലിനെയും പാര്‍ട്ടി പ്രാഥമികാംഗത്വത്തില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.

വിദ്വേഷ പരാമര്‍ശം വിവിധ ഗള്‍ഫ് രാജ്യങ്ങളിലടക്കം അന്താരാഷ്ട്ര തലത്തില്‍ വിവാദമായതോടെയാണ് നടപടി.

സംഭവം വിവാദമായതോടെ നുപുര്‍ ശര്‍മ മാപ്പ് പറഞ്ഞിരുന്നു.

ചാനല്‍ ചര്‍ച്ചകളില്‍ കുറച്ച് ദിവസമായി സ്ഥിരമായി പങ്കെടുക്കാറുണ്ടായിരുന്ന വ്യക്തിയാണ് താനെന്നും ചര്‍ച്ചകളില്‍ ഗ്യാന്‍വാപിയില്‍ നിന്നും കണ്ടെത്തിയ ശിവലിംഗത്തെ പരിഹസിക്കുകയും നിന്ദിക്കുകയും ചെയ്യുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ഇതിന്റെ അമര്‍ഷമാണ് പ്രസ്താവനയില്‍ പ്രകടമായതെന്നും നുപുര്‍ ട്വിറ്ററില്‍ കുറിച്ചു. വാക്കുകള്‍ വേദനിപ്പിച്ചെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്നും നുപുര്‍ ട്വിറ്ററില്‍ പറഞ്ഞു.

ടൈംസ് നൗ ചാനലില്‍ നടന്ന ചര്‍ച്ചയിലായിരുന്നു ബി.ജെ.പി വക്താവ് നുപുര്‍ ശര്‍മയുടെ വിദ്വേഷ പരാമര്‍ശം.

ഇസ്‌ലാം മതഗ്രന്ഥങ്ങളില്‍ ആളുകള്‍ക്ക് കളിയാക്കാന്‍ കഴിയുന്ന ചില കാര്യങ്ങള്‍ ഉണ്ടെന്നായിരുന്നു നുപുര്‍ ശര്‍മ ചര്‍ച്ചയില്‍ ആരോപിച്ചത്. മുസ്‌ലിങ്ങള്‍ ഹിന്ദു വിശ്വാസങ്ങളെ പരിഹസിക്കുന്നുവെന്നും നുപുര്‍ ശര്‍മ ആരോപിച്ചിരുന്നു.

അതേസമയം പ്രവാചകനെതിരായ വിവാദ പരാമര്‍ശം നടത്തിയ സംഭവം അപലപനീയമെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു.

രാജ്യത്തിന്റെ പ്രതിഷേധം അറിയിച്ചു കൊണ്ടുള്ള കത്ത് ഇന്ത്യന്‍ അംബാസഡര്‍ക്ക് കൈമാറിയതായും ഖത്തര്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പ്രവാചകനെതിരായ പരാമര്‍ശത്തില്‍ ഭരണകക്ഷി സ്വീകരിച്ച നടപടി പ്രശംസനീയമാണെന്നും കത്തില്‍ പറയുന്നു. എന്നിരുന്നാലും മുസ്‌ലിങ്ങളെ മുഴുവന്‍ വേദനിപ്പിച്ച പ്രസ്താവന നടത്തിയതിന് പരസ്യമായി പ്രതികള്‍ ക്ഷമാപണം നടത്തുമെന്ന് പ്രതീക്ഷിക്കുന്നതായും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

ഖത്തര്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ നിലപാടിന് പിന്നാലെ കുവൈത്തും ഇറാനും സൗദി അറേബ്യയും സംഭവത്തില്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

Content Highlight: RSS leader TG Mohandas against the GCC countries who stood up against Nupur Sharma on controversial Prophet Muhammed comment