ശബരിമല സ്ത്രീ പ്രവേശനത്തെ അനുകൂലിച്ചു: രാമദാസ് കതിരൂരിന്റെ വീടിനുനേരെ ആര്‍.എസ്.എസ് ആക്രമണം
kERALA NEWS
ശബരിമല സ്ത്രീ പ്രവേശനത്തെ അനുകൂലിച്ചു: രാമദാസ് കതിരൂരിന്റെ വീടിനുനേരെ ആര്‍.എസ്.എസ് ആക്രമണം
ന്യൂസ് ഡെസ്‌ക്
Monday, 24th December 2018, 2:01 pm

തലശേരി: ശബരിമല സ്ത്രീ പ്രവേശനത്തെ അനുകൂലിച്ചു പൊതുമധ്യത്തിലും സോഷ്യല്‍ മീഡിയയിലും നിലപാടെടുത്തതിന്റെ പേരില്‍ തലശ്ശേരി സ്വദേശിയുടെ വീട് ആക്രമിച്ചതായി പരാതി. പൊതുപ്രവര്‍ത്തകനായ രാമദാസ് കതിരൂരിന്റെ തലശ്ശേരി പുന്നോലുള്ള വീടാണ് ആക്രമിക്കപ്പെട്ടത്.

സംഭവത്തിനു പിന്നില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകരാണെന്നാണ് രാംദാസ് ഡൂള്‍ന്യൂസിനോടു പറഞ്ഞത്. ” കാരണം ആര്‍.എസ്.എസിന് ഏറെ സ്വാധീനമുള്ള പ്രദേശമാണിത്. അവിടെ മറ്റൊരാള്‍ക്ക് വന്ന് ആക്രമണം നടത്തിയിട്ട് പോകാന്‍ കഴിയില്ല. മാത്രമല്ല, ആര്‍.എസ്.എസിന് ഏറെ സ്വാധീനമുള്ള പ്രദേശത്തേക്കാണ് ഇവര്‍ നടന്നുപോയത്. രൂപംകൊണ്ട് അക്രമികളെ ഏതാണ്ട് തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാല്‍ മുഖം വ്യക്തമല്ലാത്തതിനാല്‍ പേര് പറയുന്നില്ല.” രാമദാസ് പറഞ്ഞു.

രാവിലെ പത്തുമണിയോടെ മുഖംമൂടി ധരിച്ചെത്തിയ ഏഴംഗ സംഘം വീട് ആക്രമിക്കുകയും വീട്ടിലെ വസ്തുവകകളെല്ലാം നശിപ്പിക്കുകയുമായിരുന്നെന്നാണ് രാമദാസ് പറയുന്നത്.

വീടിന്റെ മുന്‍വശത്തെയും വലതു വശത്തെയും പിറകിലെയും എല്ലാം കൂടി അഞ്ച് ജനലുകളും അതിന്റെ ഗ്ലാസുകളും തകര്‍ത്തിട്ടുണ്ട്. വീടിന്റെ വാതിലുകള്‍, ടി.വി, ഹോം തിയ്യേറ്റര്‍, ഡൈനിങ് ടേബിള്‍, അലമാരകള്‍, സോഫ, കണ്ണാടികള്‍, ഗ്യാസ് അടുപ്പ്, ഷോക്കേസ് തുടങ്ങിയവും തകര്‍ത്തിട്ടുണ്ട്.

ആക്രമണം നടക്കുന്ന സമയത്ത് രാമദാസിന്റെ ഭാര്യ സുനിത വീട്ടിലുണ്ടായിരുന്നു. അക്രമികളെ കണ്ട സുനിത ഒരുമുറിയില്‍ കയറി വാതിലടച്ചതിനാല്‍ ആക്രമണത്തില്‍ സുനിതയ്ക്ക് പരിക്കൊന്നും പറ്റിയിട്ടില്ല. അഞ്ച് ലക്ഷത്തിലേറെ രൂപയുടെ നഷ്ടമുണ്ടെന്നാണ് രാംദാസ് പറയുന്നത്.

“ശബരിമല യുവതീ പ്രവേശനത്തെ അനുകൂലിച്ചയാളാണ് ഞാന്‍ എന്നതാണ് ആക്രമണത്തിന് കാരണം. അതുമായി ബന്ധപ്പെട്ട് ഫേസ്ബുക്ക് പോസ്റ്റുകളൊക്കെ ഇട്ടിട്ടുണ്ടായിരുന്നു. ഇതിന്റെ പേരില്‍ അവര്‍ എപ്പോഴുമെന്ന് ഹരാസ് ചെയ്യാറുണ്ട്. നിരന്തരമായി ഞാന്‍ സംഘപരിവാറിനോട് കലഹിക്കാറുണ്ട്.” രാമദാസ് പറഞ്ഞു.

നേരത്തെയും രാംദാസിന്റെ വീടിനുനേരെ ആക്രമണമുണ്ടായിരുന്നു. അതിന്റെ തുടര്‍ച്ചയായിട്ടാണ് ഇതിനെ കാണുന്നതെന്നും രാംദാസ് പറഞ്ഞു. “എന്റെ വീട്ടില്‍ കഴിഞ്ഞ തിരുവോണ ദിവസം ആര്‍.എസ്.എസുകാര്‍ ആക്രമിച്ചിരുന്നു. അതിന്റെ തുടര്‍ച്ചയായിട്ടാണ് ഇതിനെ കാണുന്നത്. എ.ഐ.എസ്.എഫിന്റെ മണ്ഡലം സെക്രട്ടറിയാണ് എന്റെ മകന്‍. കഴിഞ്ഞ തിരുവോണദിവസം രാവിലെ മകനെ ആക്രമിച്ചു. അത് ഞാന്‍ ചോദ്യം ചെയ്തു. അപ്പോള്‍ രാത്രി വീട്ടില്‍ വന്നു എന്റെ വണ്ടിക്കു കല്ലെറിഞ്ഞു. ” അദ്ദേഹം പറയുന്നു.

സംഭവവുമായി ബന്ധപ്പെട്ട് പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ന്യൂമാഹി എസ്.ഐ പി.കെ സുമേഷും സംഘവും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.

Also read:പൊലീസ് തിരിച്ചുകൊണ്ടുവരുമെന്ന് ഉറപ്പുനല്‍കി: അതുകൊണ്ടാണ് മലയിറങ്ങാന്‍ തയ്യാറായതെന്ന് യുവതി

നേരത്തെ ആക്രമണം നടന്ന സമയത്ത് പൊലീസില്‍ പരാതിപ്പെട്ടപ്പോള്‍ അവര്‍ നടപടിയെടുക്കാന്‍ വലിയ താല്‍പര്യം കാണിച്ചിട്ടില്ലെന്നാണ് രാംദാസ് ആരോപിക്കുന്നത്. മധ്യസ്ഥം പറഞ്ഞ് കേസ് ഒത്തുതീര്‍പ്പാക്കാനുള്ള ശ്രമമാണ് പൊലീസ് നടത്തിയതെന്നും അദ്ദേഹം ആരോപിച്ചു.

നേരത്തെ ശബരിമല യുവതീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി വന്നതിനു പിന്നാലെ ശബരിമല ദര്‍ശനത്തിനു ശ്രമിച്ച യുവതികളുടെ വീടുകള്‍ക്കുനേരെ ആക്രമണം നടന്നിരുന്നു. ശബരിമല ദര്‍ശനത്തിനായെത്തിയ ബിന്ദു തങ്കം കല്ല്യാണി, ദളിത് പ്രവര്‍ത്തക എസ്.പി മഞ്ജു, ശബരിമലയിലേക്ക് പോകാനായി വ്രതമെടുത്ത യുവതികള്‍ക്കൊപ്പം വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത അപര്‍ണ ശിവകാമി തുടങ്ങിയവരുടെ വീടുകള്‍ക്കുനേരെ നേരത്തെ സംഘപരിവാര്‍ അനുകൂലികള്‍ ആക്രമണം നടത്തിയിരുന്നു. എന്നാല്‍ ഇവര്‍ക്കെതിരെയൊരു കാര്യമായ പൊലീസ് നടപടികളുണ്ടായിട്ടില്ലെന്ന ആക്ഷേപമുണ്ട്.

കൂടാതെ അപര്‍ണ ശിവകാമിയുടെ വീട് ആക്രമിച്ചതില്‍ പ്രതിഷേധിച്ച് കോഴിക്കോട്ട് നടന്ന പ്രതിഷേധ കൂട്ടായ്മയില്‍ പങ്കെടുത്തവര്‍ക്കെതിരെ പൊലീസ് കേസെടുക്കുന്നതാണഅ കണ്ടത്. അപര്‍ണയുടെ വീടിനു നേരെ നടന്ന ആക്രമണത്തില്‍ പ്രതിഷേധിച്ച ഒമ്പതുപേരെ പ്രതിയാക്കിക്കൊണ്ടാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ആക്രമണം നേരിട്ട അപര്‍ണയേയും ഈ കേസില്‍ പ്രതിചേര്‍ത്തത് ഏറെ വിമര്‍ശനങ്ങള്‍ക്കു വഴിവെച്ചിരുന്നു.