ആര്‍.എസ്.പി. നേതാവ് കെ.പങ്കജാക്ഷന്‍ അന്തരിച്ചു
Kerala
ആര്‍.എസ്.പി. നേതാവ് കെ.പങ്കജാക്ഷന്‍ അന്തരിച്ചു
ന്യൂസ് ഡെസ്‌ക്
Tuesday, 28th August 2012, 10:59 pm

തിരുവനന്തപുരം: മുന്‍മന്ത്രിയും ആര്‍.എസ്.പി. മുന്‍ ദേശീയ ജനറല്‍ സെക്രട്ടറിയുമായ കെ.പങ്കജാക്ഷന്‍ അന്തരിച്ചു. 84 വയസ്സായിരുന്നു. ചൊവ്വാഴ് രാത്രി 8.25ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങള്‍ കാരണം കുറച്ചുനാളായി ചികിത്സയിലായിരുന്നു അദ്ദേഹം.

പേട്ട തോപ്പില്‍ വീട്ടില്‍ സംസ്‌കൃത പണ്ഡിതനായ കേശവന്‍ ശാസ്ത്രിയുടെ മകനായി 1928ല്‍ തിരുവനന്തപുരത്ത് ജനിച്ചു. ട്രാവന്‍കൂര്‍ സ്റ്റുഡന്‍സ് കോണ്‍ഗ്രസിലൂടെ 1945ല്‍ രാഷ്ട്രീയ ജീവിതം ആരംഭിച്ചു.നിരവധി തവണ ജയില്‍വാസവും പോലീസ് മര്‍ദ്ദനവും നേരിട്ട പങ്കജാക്ഷന്‍ പ്രമുഖ ട്രേഡ് യൂണിയന്‍ നേതാവും മികച്ച സംഘാടകനുമായിരുന്നു.

1971 മുതല്‍ 1991 വരെ  അഞ്ച് തവണ എം.എല്‍.എയായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം അച്യുതമേനോന്‍, കെ.കരുണാകരന്‍, പി.കെ വാസുദേവന്‍, ഇ കെ നായനാര്‍, എ.കെ ആന്റണി എന്നിവരുടെ മന്ത്രിസഭകളില്‍ അംഗമായിരുന്നു. വിവിധ മന്ത്രി സഭകളില്‍ പൊതുമരാമത്ത്, തൊഴില്‍, സ്‌പോര്‍ട്‌സ് വകുപ്പുകളുടെ ചുമതല വഹിച്ചിരുന്നു  കെ.പങ്കജാക്ഷന്‍. ഒരു തവണ ചീഫ് വിപ്പായും പ്രവര്‍ത്തിച്ചു.

മൃതദേഹം ആര്‍.എസ്.പി സംസ്ഥാന കമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം വ്യാഴാഴ്ച വൈകീട്ട് തൈക്കാട് ശാന്തി കവാടത്തില്‍ സംസ്‌കാരം നടക്കും.

ബ്യൂറോ ഓഫ് ഇക്കണോമിക്‌സ് ആന്‍ഡ് സ്റ്റാറ്റിറ്റിക്‌സ് ഡെപ്യൂട്ടി ഡറയക്ടറായി റിട്ടയര്‍ ചെയ്ത സി.വൈജയന്തിയാണ് ഭാര്യയും മാതൃഭൂമി ദല്‍ഹി ബ്യൂറോ സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ് ബസന്ത് പങ്കജാക്ഷന്‍, കമ്പ്യൂട്ടര്‍ എന്‍ജിനീയര്‍ ബിനി, തിരുവനന്തപുരം മെഡിക്കല്‍ കോളേജ് അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ഇന്ദു എന്നിവര്‍ മക്കളുമാണ്.