എബി ഷോ; ബാംഗ്ലൂരിന് തകര്‍പ്പന്‍ ജയം
Ipl 2020
എബി ഷോ; ബാംഗ്ലൂരിന് തകര്‍പ്പന്‍ ജയം
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 17th October 2020, 7:18 pm

ദുബായ്: രാജസ്ഥാന്‍ റോയല്‍സിനെതിരെ മറുപടി ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിന് തകര്‍പ്പന്‍ ജയം. 178 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ ബാംഗ്ലൂര്‍ ഏഴ് വിക്കറ്റിനാണ് രാജസ്ഥാനെ പരാജയപ്പെടുത്തിയത്.

ബാംഗ്ലൂരിനായി വെടിക്കെട്ട് പ്രകടനം പുറത്തെടുത്ത എബി ഡിവില്ലിയേഴ്‌സ് ഒരിക്കല്‍ കൂടി കോഹ്‌ലി പടയെ വിജയത്തിലെത്തിച്ചു. 22 പന്തില്‍ ആറ് സിക്‌സും ഒരു ഫോറുമടക്കം 55 റണ്‍സുമായി ഡിവില്ലിയേഴ്സ് പുറത്താകാതെ നിന്നു.

ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി 43 റണ്‍സും ദേവ്ദത്ത് പടിക്കല്‍ 35 റണ്‍സുമെടുത്തു.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ 177 റണ്‍സാണെടുത്തത്. 57 റണ്‍സെടുത്ത ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിന്റെയും 41 റണ്‍സ് നേടിയ റോബിന്‍ ഉത്തപ്പയുടെയും കരുത്തിലാണ് രാജസ്ഥാന്‍ മികച്ച ടോട്ടല്‍ പടുത്തുയര്‍ത്തിയത്.

ഓപ്പണിംഗില്‍ മാറ്റവുമായാണ് രാജസ്ഥാന്‍ ബാറ്റിങ്ങിന് ഇറങ്ങിയത്. ഓപ്പണറായ ജോസ് ബട്ലര്‍ക്ക് പകരം ബെന്‍ സ്റ്റോക്സിനൊപ്പം റോബിന്‍ ഉത്തപ്പയാണ് ക്രീസിലെത്തിയത്.

സ്റ്റോക്സിനെ സാക്ഷിയാക്കി ഉത്തപ്പ സീസണിലാദ്യമായി ഫോമിലേക്കുയര്‍ന്നു. ഇരുവരും അര്‍ധസെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി. എന്നാല്‍ തൊട്ടുപിന്നാലെ സ്റ്റോക്സിനെ പുറത്താക്കി ബാംഗ്ലൂര്‍ മത്സരത്തിലേക്ക് തിരിച്ചുവന്നു. 19 പന്തുകളില്‍ നിന്നും 15 റണ്‍സെടുത്ത സ്റ്റോക്സിനെ ക്രിസ് മോറിസാണ് പുറത്താക്കിയത്.

സഞ്ജുവും ഉത്തപ്പയും പുറത്തായതിന് ശേഷം ക്രീസില്‍ ഒത്തുചേര്‍ന്ന സ്മിത്തും ജോസ് ബട്ലറും ചേര്‍ന്ന് പതിയെ തകര്‍ച്ചയില്‍ നിന്നും ടീമിനെ കരകയറ്റി. ഇരുവരും ചേര്‍ന്ന് സ്‌കോര്‍ബോര്‍ഡ് 100 കടത്തി.

ബട്‌ലര്‍ 25 പന്തില്‍ നിന്നും 24 റണ്‍സെടുത്തു. ബട്ലറും സ്മിത്തും ചേര്‍ന്ന് അഞ്ചാം വിക്കറ്റില്‍ 58 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി.

ബാംഗ്ലൂരിന് വേണ്ടി നാല് വിക്കറ്റുകള്‍ വീഴ്ത്തി ക്രിസ് മോറിസ് മികച്ച പ്രകടനം പുറത്തെടുത്തപ്പോള്‍ ചാഹല്‍ രണ്ട് വിക്കറ്റുകള്‍ നേടി.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Royal Challengers Banglore vs Rajastan Royals IPL 2020