തോല്‍വികളില്‍ ബാംഗ്ലൂരിന് റെക്കോര്‍ഡ്; തോറ്റവരില്‍ മുന്നില്‍ കോഹ്‌ലി
Cricket
തോല്‍വികളില്‍ ബാംഗ്ലൂരിന് റെക്കോര്‍ഡ്; തോറ്റവരില്‍ മുന്നില്‍ കോഹ്‌ലി
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 30th April 2019, 8:36 am

 

ബെംഗളൂരു: 2019 ഐ.പി.എല്ലില്‍ നിന്ന് ആദ്യ ടീം പുറത്തായി. കരുത്തരുടെ നീണ്ട നിരയുമായെത്തിയ ബാഗ്ലൂരാണ് ഇത്തവണ ഐ.പി.എല്ലില്‍ നിന്ന് ആദ്യം പുറത്തു പോകുന്ന ടീം. ദല്‍ഹി ക്യാപിറ്റല്‍സിനെതിരായ തോല്‍വിയോടെയാണ് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിന്റെ പ്ലേഓഫ് സാധ്യതകള്‍ അവസാനിച്ചത്.

നിരന്തര തോല്‍വിയിലൂടെ ബാംഗ്ലൂരിന് കൈവന്നത് മറ്റൊരു റെക്കോര്‍ഡ്. ഇതോടെ 100 ട്വന്റി20 മത്സരങ്ങള്‍ തോല്‍ക്കുന്ന ടീമായി ബാംഗ്ലൂര്‍. അതില്‍ 90 തോല്‍വികളിലും കോഹ്‌ലി ടീമിന്റെ ഭാഗമായിരുന്നപ്പോള്‍ തന്നെ. ഐ.പി.എല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തോല്‍വികള്‍ ഏറ്റുവാങ്ങിയ താരമാണ് കോഹ്‌ലി.

100 ട്വന്റി20 മത്സരങ്ങള്‍ തോല്‍ക്കുന്ന മൂന്നാമത്തെ ടീമാണ് ബാംഗ്ലൂര്‍. 112 തോല്‍വികളോടെ ഇംഗ്ലണ്ടിലെ മിഡില്‍  സെക്സും, 101 തോല്‍വിയോടെ ഡെര്‍ബിഷെയറുമാണ് തോല്‍വിയുടെ കാര്യത്തില്‍ ബാംഗ്ലൂരിന് മുന്നിലുള്ളത്.

ആദ്യ ആറ് മത്സരങ്ങള്‍ തുടരെ പരാജയപ്പെട്ടെങ്കിലും പിന്നീടുള്ള അഞ്ച് മത്സരങ്ങളില്‍ നിന്ന് നാല് വിജയം നേടിയതോടെ റോയല്‍ ചലഞ്ചേഴ്‌സ് ആരാധകരുടെ മനസ്സില്‍ പ്രതീക്ഷ നല്‍കി. അവസാന സ്ഥാനത്തുള്ള റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് പ്ലേ ഓഫ് സ്റ്റേജിലെത്തണമെങ്കില്‍ ജയം അനിവാര്യമായിരുന്നു. നിര്‍ണ്ണായക മത്സരത്തില്‍ ഡെല്‍ഹി ക്യാപ്പിറ്റല്‍സിനോട് 16 റണ്‍സിന് പരാജയപ്പെട്ടതോടെ റോയല്‍ ചാലഞ്ചേഴ്‌സിന്റെ ഐ.പി.എല്ലിലെ സാധ്യതകള്‍ അസ്തമിച്ചത്.

ടോസ് നേടി ബാറ്റിങ്ങ് തെരഞ്ഞെടുത്ത ദല്‍ഹി നിശ്ചിത ഓവറില്‍ 5 വിക്കറ്റിന് 187 റണ്‍സെടുത്തു. 37 പന്തില്‍ 50 റണ്‍സ് നേടി ധവാനും ദല്‍ഹി ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ 37 പന്തില്‍ 57 റണ്‍സെടുത്ത് ടീമിനെ ഭേദപ്പെട്ട സ്‌കോറിലേക്കുയര്‍ത്തി.

റോയല്‍ ചാലഞ്ചേഴ്‌സിന് മികച്ച തുടക്കം ലഭിച്ചെങ്കിലും പാര്‍ത്ഥിവിന്റെ വിക്കറ്റ് നഷ്ടമായതോടെ ദല്‍ഹി കളിയിലേക്ക് തിരിച്ചു വന്നു. ക്യാപ്റ്റന്‍ കൊഹ്‌ലിയും ഡിവില്ലേഴ്‌സും ദല്‍ഹിക്ക് മുന്നില്‍ പരാജയപ്പെട്ടു. പിന്നീട് ബാറ്റിങ്ങിന് ഇറങ്ങിയവര്‍ക്കൊന്നും ചെയ്യാന്‍ സാധിച്ചില്ല. ദല്‍ഹിക്ക് വേണ്ടി റബാഡയും മിശ്രയും 2 വിക്കറ്റ് വീതം വീഴ്ത്തി.