'ഞാന്‍ ടീമില്‍ ഒരു അപാകതയായിരുന്നു, നീണ്ട 16 വര്‍ഷക്കാലം ഞാന്‍ വംശീയ വിവേചനം നേരിട്ടിരുന്നു'; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി റോസ് ടെയ്‌ലര്‍
Sports News
'ഞാന്‍ ടീമില്‍ ഒരു അപാകതയായിരുന്നു, നീണ്ട 16 വര്‍ഷക്കാലം ഞാന്‍ വംശീയ വിവേചനം നേരിട്ടിരുന്നു'; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി റോസ് ടെയ്‌ലര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 11th August 2022, 10:01 am

ന്യൂസിലാന്‍ഡ് ക്രിക്കറ്റ് കണ്ട എക്കാലത്തേയും മികച്ച താരങ്ങളില്‍ ഒരാളാണ് റോസ് ടെയ്‌ലര്‍. ന്യൂസിലാന്‍ഡ് ക്രിക്കറ്റിന് വേണ്ടി സ്വയം നല്‍കിയ ടെയ്‌ലര്‍ ലോകം കണ്ട പ്രതിഭാശാലിയായ ക്രിക്കറ്റര്‍മാരില്‍ ഒരാളായിരുന്നു.

എന്നാല്‍ താന്‍ ടീമില്‍ ഉണ്ടായിരുന്ന കാലങ്ങളില്‍ വംശീയ വിവേചനം നേരിടേണ്ടി വന്നുവെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് താരം നടത്തിയിരിക്കുന്നത്. അടുത്തിടെ പുറത്തിറങ്ങിയ ‘ബ്ലാക് ആന്‍ഡ് വൈറ്റ്’ എന്ന തന്റെ ആത്മകഥയാലാണ് താരം തനിക്ക് നേരിട്ട വംശീയ വിവേചനത്തെ കുറിച്ച് പറയുന്നത്.

സമോവന്‍ പാരമ്പര്യം പേറുന്ന ടെയ്‌ലര്‍, ന്യൂസിലാന്‍ഡില്‍ ക്രിക്കറ്റ് വെളുത്തവര്‍ക്ക് മാത്രമുള്ള കളിയാണെന്നാണ് പറയുന്നത്.

‘എന്റെ കരിയറിന്റെ ഭൂരിഭാഗവും ഞാന്‍ ടീമിനെ സംബന്ധിച്ച് ഒരു അപാകതായിരുന്നു. ഒരു വാനില ലൈന്‍ അപ്പിലെ തവിട്ടുനിറത്തിലുള്ള മുഖം, അതായിരുന്നു ഞാന്‍. അതിന് അതിന്റേതായ വെല്ലുവിളികളുണ്ട്, അവയില്‍ പലതും നിങ്ങളുടെ ടീമംഗങ്ങള്‍ക്കോ പൊതുജനങ്ങള്‍ക്കോ പെട്ടെന്ന് മനസിലാവണമെന്നില്ല,’ അദ്ദേഹം പറയുന്നു.

ന്യൂസിലാന്‍ഡില്‍ പസഫിക് ദ്വീപുകളില്‍ നിന്നുള്ള ആളുകള്‍ കുറവായതിനാല്‍ താനൊരു മഓരിയോ (Maori) ഇന്ത്യന്‍ വംശജനോ ആമെന്നായിരുന്നു പലരും കരുതിയതെന്നും ടീമിന്റെ ലോക്കര്‍ റൂമിലെ ഇത്തരം പല തമാശകളും തന്നെ വേദനിപ്പിച്ചിരുന്നുവെന്നും അദ്ദേഹം പറയുന്നു.

‘ടീമിലെ ഒരാള്‍ ‘നീയൊരു ഹാഫ് ഗുഡ് ഗായ് ആണ് റോസ്, എന്നാല്‍ ഏത് ഹാഫാണ് നല്ലത്? ഞാന്‍ എന്താണ് പറയുന്നത് എന്ന് നിനക്ക് മനസിലാവില്ല’ എന്ന് എപ്പോഴും പറയാറുണ്ടായിരുന്നു. എന്നാല്‍ അവന്‍ എന്താണ് ഉദ്ദേശിക്കുന്നതെന്ന് എനിക്കെപ്പോഴും വ്യക്തമായിരുന്നു,’ ടെയ്‌ലര്‍ പറയുന്നു.

ഇത്തരത്തിലുള്ള പരിഹാസങ്ങള്‍ കേള്‍ക്കുന്ന അവര്‍ (വെളുത്ത ന്യൂസിലാന്‍ഡ് താരങ്ങള്‍) അതിനെ ഒരു തമാശയായി മാത്രം ചിരിച്ചു തള്ളുകയാണ് പതിവെന്നും ടെയ്‌ലര്‍ പറയുന്നു.

‘അവര്‍ക്കത് തമാശയാണ്. കാരണം ഒരു വെളുത്ത വര്‍ഗക്കാരന്‍ എന്ന നിലയിലാണ് ആ തമാശയെ കേള്‍ക്കുന്നത്. അത് അവനെ കുറിച്ചോ അവനുമായി നേരിട്ട് ബന്ധമുള്ളവരെയോ കുറിച്ചല്ല. അതുകൊണ്ട് ആരും ആ തമാശയെ തിരുത്താനോ തടയാനോ ശ്രമിച്ചിരുന്നില്ല.

ഇതിനെ തടയാന്‍ ശ്രമിക്കുമ്പോഴെല്ലാം എന്റെ ഉത്തരവാദിത്തത്തെ കുറിച്ചോര്‍ക്കും. ഇതിനെ എതിര്‍ത്ത് സംസാരിച്ചാല്‍ വലിയ പ്രശ്‌നങ്ങളിലേക്ക് വഴിമാറുമോ? ചെറിയ ഡ്രസ്സിങ് റൂം തമാശയെ ഊതിപ്പെരുപ്പിക്കാന്‍ നോക്കുകകയാണെന്ന് ആരോപിക്കപ്പെടുമോ? എന്നെല്ലാമായിരുന്നു എന്റെ ചിന്ത,’ അദ്ദേഹം പറയുന്നു.

ടീം മാനേജര്‍ തന്റെ ഭാര്യ വിക്ടോറിയയോട് മഓരികള്‍ക്കും പസഫിക് ദ്വീപുകളില്‍ നിന്നുള്ളവര്‍ക്കും പണം കൈകാര്യം ചെയ്യാന്‍ അറിയില്ല എന്നും താന്‍ വേണമെങ്കില്‍ സഹായിക്കാം എന്നും പറഞ്ഞിരുന്നതായും ടെയ്‌ലര്‍ വെളിപ്പെടുത്തുന്നു.

2012 മുതല്‍ ആറ് വര്‍ഷം ന്യൂസിലാന്‍ഡിന്റെ പരിശീലകനായ മൈക്ക് ഹെസണും തന്നോട് വംശീയപരമായ പരാമര്‍ശം നടത്തിയെന്നും ടെയ്‌ലര്‍ പറയുന്നു.

‘ഞാന്‍ ഒരു കാര്യം വ്യക്തമാക്കട്ടെ, അവര്‍ വംശീയപരമായാണ് ഇക്കാര്യം പറഞ്ഞതെന്ന് ഒരു നിമിഷം പോലും ഞാന്‍ കരുതുന്നില്ല. അവര്‍ക്ക് വിവേകമില്ലായിരുന്നു. മറ്റൊരാളെ അത് എങ്ങനെ ബാധിക്കുമെന്ന് ചിന്തിക്കാനുള്ള സഹാനുഭൂതിയോ ഭാവനയോ അവര്‍ക്കില്ലായിരുന്നു എന്നാണ് ഞാന്‍ കരുതുന്നത്,’ ടെയ്‌ലര്‍ പറയുന്നു.

ടെയ്‌ലറിന്റെ ആത്മകഥയ്ക്ക് പിന്നാലെ ന്യൂസിലാന്‍ഡ് ക്രിക്കറ്റ് ബോഡി എന്നും വംശീയതയ്ക്ക് എതിരായാണ് നിലകൊണ്ടതെന്ന് ബോര്‍ഡിന്റെ വക്താവ് ന്യൂസിലാന്‍ഡ് ഹെറാള്‍ഡിനോട് പറഞ്ഞു. ടെയ്‌ലറിന് നേരിട്ട വിവേചനത്തില്‍ അപലപിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Content Highlight:  Ross Taylor reveals he faced racism in New Zealand team for 16 years