'ഓരോരുത്തരുടേയും പേരുകള്‍ പുറത്തുവിടും'; മീ ടൂ ക്യാമ്പയിനെ പരിഹസിച്ച് നടി റോസിന്‍ ജോളി
kERALA NEWS
'ഓരോരുത്തരുടേയും പേരുകള്‍ പുറത്തുവിടും'; മീ ടൂ ക്യാമ്പയിനെ പരിഹസിച്ച് നടി റോസിന്‍ ജോളി
ന്യൂസ് ഡെസ്‌ക്
Friday, 12th October 2018, 10:37 am

തിരുവനന്തപുരം: തൊഴിലിടങ്ങളിലും മറ്റും അനുഭവിച്ച ലൈംഗികാതിക്രമം തുറന്നു പറയുന്ന മീ ടൂ ക്യാമ്പയിനെ പരിഹസിച്ച് നടിയും മോഡലുമായ റോസിന്‍ ജോളി.

മീ ടൂ ഹാഷ് ടാഗില്‍ തന്റെ തുറന്നുപറച്ചില്‍ എന്ന രീതിയിലാണ് റോസിന്‍ ജോളിയുടെ പോസ്റ്റ്. എന്നാല്‍ താന്‍ നേരിട്ട ലൈംഗികാതിക്രമത്തെ കുറിച്ചല്ല ഇത്. മറിച്ച് പണം കടംവാങ്ങിയിട്ട് തിരിച്ചുതരാത്തവരെ കുറിച്ചാണ് റോസിന്‍ പറയുന്നത്.

തിരിച്ചു തരാം എന്ന് ഉറപ്പ് പറഞ്ഞു നമ്മളില്‍ നിന്നും പണം കടം വാങ്ങി എല്ലാം ശരിയായതിന് ശേഷവും ആ വാക്ക് പാലിക്കാന്‍ പറ്റാത്തവര്‍ക്ക് എതിരേ ഒരു മീ ടൂ മൂവ്മെന്റ് തുടങ്ങിയാലെന്താണെന്ന് ആലോചിക്കുകയാണെന്നാണ് റോസിന്‍ പറയുന്നത്.


“പണം കൊടുത്തവരെല്ലാം സെറ്റില്‍ഡ് ആയി കഴിഞ്ഞു. ഞാന്‍ സമയം തരാം, അതിനുള്ളില്‍ തിരികെ തരാനുള്ളവര്‍ക്ക് പണം എന്റെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുകയോ കൂടുതല്‍ വിവരങ്ങള്‍ക്ക് എന്നെ ഫോണില്‍ ബന്ധപ്പെടുകയോ ആകാം. അല്ലെങ്കില്‍ ഇനിയുള്ള ദിവസങ്ങളില്‍ ഓരോരുത്തരുടെയും പേര് പുറത്ത് വിടും…” റോസിന്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇതിനൊപ്പം ഒരു സ്‌മൈലി ഇമോജിയും ഇട്ടാണ് താരത്തിന്റെ ട്വിറ്റര്‍ പോസ്റ്റ്.

എന്നാല്‍ ഗൗരവമായ ഒരു വിഷയത്തെ നിസ്സാരവത്ക്കരിക്കുന്ന രീയിലാണ് റോസിന്‍ ജോളിയുടെ പോസ്‌റ്റെന്ന വിമര്‍ശനം ഇതിനകം ഉയര്‍ന്നുകഴിഞ്ഞു.

കഴിഞ്ഞദിവസങ്ങളില്‍ രാഷ്ട്രീയ, മാധ്യമ, സാംസ്‌കാരികമേഖലയിലെ പ്രമുഖര്‍ക്കെതിരെ തുറന്നുപറച്ചിലുകളുമായി നിരവധി സ്ത്രീകള്‍ മുന്നോട്ടുവന്നിരുന്നു. അന്താരാഷ്ട്ര തലത്തില്‍ ഉയര്‍ന്നുവന്ന മീ ടൂ കാമ്പെയ്നിനെ ഇന്ത്യയിലെ കലാ സാംസ്‌കാരിക സാമൂഹിക രംഗത്തുള്ള സ്ത്രീകളും ഏറ്റുപിടിച്ചിരുന്നു. മലയാളത്തില്‍ നടനും എം.എല്‍.എയുമായ മുകേഷിനെതിരെയും വെളിപ്പെടുത്തല്‍ ഉണ്ടായിരുന്നു.