ഞാൻ മലയാളത്തിൽ ഇല്ലെന്ന് കരുതി ഇവിടെ നല്ല പരിപാടികൾക്ക് വിളിക്കാതിരിക്കുമോ എന്ന പേടി ഉണ്ട്: റോഷൻ മാത്യു
Entertainment
ഞാൻ മലയാളത്തിൽ ഇല്ലെന്ന് കരുതി ഇവിടെ നല്ല പരിപാടികൾക്ക് വിളിക്കാതിരിക്കുമോ എന്ന പേടി ഉണ്ട്: റോഷൻ മാത്യു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 27th June 2023, 11:52 pm

മൂന്ന് ഭാഷകളിലും അഭിനയിക്കുന്നതുകൊണ്ട് താൻ സ്ഥലത്തില്ലെന്ന തോന്നലിൽ പ്രോജക്ടുകൾ നഷ്‍ടമാകുമോ എന്ന പേടി ഉണ്ടെന്ന് നടൻ റോഷൻ മാത്യു. ചിലപ്പോൾ താൻ എവിടെയാണുള്ളതെന്ന് ആരും അറിയാതിരിക്കുന്നതാണ് നല്ലതെന്നും തമിഴിൽ ഒരു ചിത്രം മാത്രം ചെയ്തിട്ടുള്ളതുകൊണ്ട് അവിടെ തന്റേതായ സ്പേസ് ഉള്ളതായി തോന്നിയിട്ടില്ലെന്നും റോഷൻ പറഞ്ഞു. രേഖ മേനോന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

‘മൂന്ന് ഭാഷകളിലും വർക്ക് ചെയ്യുന്നതുകൊണ്ട് ഞാൻ എവിടെയാണെന്ന് പെട്ടെന്ന് ആർക്കും അറിയുകയില്ല. ഒരു കണക്കിന് അതാണ്‌ നല്ലത്. കാരണം നമ്മൾ എവിടെയാണ് ഉള്ളതെന്ന് ആരും അറിയാത്തതാണ് കുറച്ചുകൂടി നല്ല ബെറ്റർ.

പക്ഷെ അതേസമയം ഞാൻ ഇവിടെയൊന്നും ഇല്ലെന്ന് കരുതി ഇവിടെ നടക്കുന്ന നല്ല പരിപാടികൾക്കോ, പ്രൊജക്ടുകൾക്കോ എന്നെ വിളിക്കാതിരിക്കുമോ എന്ന പേടി എനിക്കുണ്ട്. അത് പക്ഷെ എനിക്ക് മലയാളത്തെ സംബന്ധിച്ച് മാത്രമാണുള്ളത്. ഹിന്ദിയിലെയും തമിഴിലെയും കാര്യം ഓർത്ത് ആ പേടി ഇല്ല. കാരണം ഞാൻ അവിടെയുള്ള ആളല്ല എന്നുള്ളത് അവർക്കറിയാം. തമിഴിൽ ഞാൻ ആകെ ഒരു സിനിമ മാത്രമാണ് ചെയ്തിട്ടുള്ളത്. പിന്നെ വന്നിട്ടുള്ളതൊന്നും ഞാൻ എടുത്തിട്ടും ഇല്ല, മാത്രമല്ല അവിടെ എനിക്ക് ഒരു സ്പേസ് ഉള്ളതായി തോന്നിയിട്ടില്ല. ഹിന്ദിയിൽ ഞാൻ സൗത്തിൽ നിന്നുമുള്ള നടനാണെന്നുള്ളത് അവർക്കറിയാം.

പിന്നെ അങ്ങോട്ട് പോയി നമുക്ക് ചാൻസ് ചോദിക്കേണ്ട കാര്യം ഇല്ല. നമുക്ക് കഴിവുണ്ടെങ്കിൽ അവർ നമ്മളെ അപ്പ്രോച്ച് ചെയ്യും. എന്റെ എല്ലാ ഫ്രണ്ട്സും അങ്ങനെയാണ്. അവരുടെ കഴിവിനനുസരിച്ച് ചിത്രങ്ങൾ ഇങ്ങോട്ട് വരികയാണുള്ളത്,’ റോഷൻ മാത്യു പറഞ്ഞു.

ഹോംബാലെ ഫിലിംസ് നിര്‍മിക്കുന്ന ആദ്യ മലയാള ചിത്രമായ ധൂമം ആണ് റോഷന്റെ പുതിയ ചിത്രം. ഫഹദ് ഫാസില്‍, അപർണ ബാലമുരളി, അച്യുത് കുമാര്‍, ജോയ് മാത്യു, അനു മോഹന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ചിത്രത്തിന്റെ സംഗീതമൊരുക്കിയിരിക്കുന്നത് കന്നഡയിലെ ഹിറ്റ് മേക്കര്‍ പൂര്‍ണ്ണചന്ദ്ര തേജസ്വിയാണ്. മാസ്റ്റര്‍ ഓഫ് ഇന്‍ഡ്യന്‍ സിനിമാട്ടോഗ്രാഫി ശ്രീ പി.സി ശ്രീരാമിന്റെ അനന്തിരവളും കണ്ണാമൂച്ചി യെന്നാട, അഭിയും നാനും, ആകാശമാന്ത, ഹെയ് സിനാമിക എന്നീ ചിത്രങ്ങളുടെ സിനിമാറ്റോഗ്രാഫര്‍ പ്രീത ജയരാമനാണ് ധൂമത്തിന്റെ ക്യാമറ ചലിപ്പിച്ചിരിക്കുന്നത്.

Content Highlights: Roshan Mathew on movies