നിങ്ങളാണല്ലേ മമ്മൂട്ടിയെ വൈറ്റ് റൂമിലിട്ട് ടോര്‍ച്ചര്‍ ചെയ്തത്? റോഷാക്കിന്റെ പുതിയ ഫോട്ടോക്ക് പിന്നാലെ ആരാധകര്‍
Entertainment
നിങ്ങളാണല്ലേ മമ്മൂട്ടിയെ വൈറ്റ് റൂമിലിട്ട് ടോര്‍ച്ചര്‍ ചെയ്തത്? റോഷാക്കിന്റെ പുതിയ ഫോട്ടോക്ക് പിന്നാലെ ആരാധകര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 10th October 2022, 11:49 pm

റോഷാക്കിന്റെ റിലീസിന് പിന്നാലെ ഏറ്റവും കൂടുതല്‍ പേര്‍ ചോദിച്ചത് രണ്ട് കാര്യങ്ങളായിരുന്നു. ഒന്ന് ട്രെയ്‌ലര്‍ വന്നതിന് പിന്നാലെ വ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ട വൈറ്റ് റൂം ടോര്‍ച്ചറായിരുന്നു. രണ്ടാമത്തേത് റോഷാക്കിന്റെ അണിയറ പ്രവര്‍ത്തകരെ കുറിച്ചായിരുന്നു.

രണ്ടിനുമുള്ള ഉത്തരത്തിന്റെ ചെറിയൊരു തുടക്കമിട്ടിരിക്കുകയാണ് മമ്മൂട്ടി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പുതിയ ചിത്രം.

വൈറ്റ് റൂം ടോര്‍ച്ചര്‍ എന്ന നിലയില്‍ ഏറെ ചര്‍ച്ചയായ ആ വെള്ള പൂശിയ റൂമില്‍ നിന്നുള്ള ചിത്രമാണ് മമ്മൂട്ടി പങ്കുവെച്ചിരിക്കുന്നത്. സംവിധായകന്‍ നിസാം ബഷീര്‍, ഛായാഗ്രാഹകന്‍ നിമിഷ് രവി, നിര്‍മാതാവ് എസ്. ജോര്‍ജ് തുടങ്ങി അണിയറ പ്രവര്‍ത്തകര്‍ക്കൊപ്പമിരിക്കുന്ന ഫോട്ടോയാണിത്.ശ്രീനാഥ് ഉണ്ണികൃഷ്ണനാണ്  ഫോട്ടോ എടുത്തിരിക്കുന്നത്.

വൈറ്റ് റൂം ടോര്‍ച്ചര്‍ സിനിമയില്‍ കുറച്ച് കൂടി വ്യക്തമായി കാണിക്കാമായിരുന്നെന്നും സിനിമയിലേത് വൈറ്റ് റൂം ടോര്‍ച്ചര്‍ തന്നെയാണോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്നും കമന്റുകളില്‍ പറയുന്നുണ്ട്.

പാന്റിട്ട ചെറുപ്പക്കാര്‍ക്കിടയില്‍ മുണ്ടുടുത്ത മമ്മൂക്ക എന്ന് കണ്ടെത്തിയവരും ഉണ്ട്. മമ്മൂട്ടി പുതിയ കാലത്തിനും ചിന്തകള്‍ക്കുമൊപ്പം നീങ്ങുന്നത് എങ്ങനെയാണെന്ന് ഈ ചിത്രം കാണിച്ചുതരുന്നുണ്ടെന്നും ചിലര്‍ പറയുന്നു.

നിങ്ങളാണല്ലേ മമ്മൂട്ടിയെ വൈറ്റ് റൂമിലിട്ട് ടോര്‍ച്ചര്‍ ചെയ്ത് ലൂക്ക് ആന്റണിയാക്കിയതല്ലേ എന്ന തമാശ കമന്റുകളും വരുന്നുണ്ട്.

അതേസമയം ഒക്ടോബര്‍ ഏഴിന് റിലീസ് ചെയ്ത റോഷാക്ക് മികച്ച കളക്ഷന്‍ നേടിക്കൊണ്ടാണ് മുന്നേറുന്നത്. കെട്ട്യോളാണെന്റെ മാലാഖക്ക് ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് സമീര്‍ അബ്ദുള്‍ ആണ്.

ചിത്രത്തില്‍ മമ്മൂട്ടിയോടൊപ്പം ബിന്ദു പണിക്കര്‍, ഗ്രേസ് ആന്റണി, കോട്ടയം നസീര്‍, ഷറഫുദ്ദീന്‍, സഞ്ജു ശിവരാമന്‍, ജഗദീഷ് എന്നിവരുടെ പെര്‍ഫോമന്‍സുകളും ഏറെ ശ്രദ്ധ നേടുന്നുണ്ട്.

ചിത്രത്തിന്റെ റിലീസിന് പിന്നാലെ മമ്മൂട്ടിയെ ചുറ്റിപ്പറ്റി തന്നെയാണ് സിനിമാഗ്രൂപ്പുകളില്‍ സജീവമായ ചര്‍ച്ച നടക്കുന്നത്. റോഷാക്കിന്റെ റിലീസിന് പിന്നാലെ മമ്മൂട്ടിയുടെ കഥാപാത്ര തെരഞ്ഞെടുപ്പും നിര്‍മിക്കാന്‍ തീരുമാനിക്കുന്ന സിനിമകളുടെ പ്രമേയവുമെല്ലാം വലിയ ചര്‍ച്ചയാകുന്നുണ്ട്. മമ്മൂട്ടി തന്റെ കരിയറിലെ ഏറ്റവും മികച്ച സമയത്തിലൂടെയാണ് കടന്നുപോകുന്നതെന്നാണ് പലരും ചൂണ്ടിക്കാണിക്കുന്നത്.

എന്നാല്‍ പരീക്ഷണവും വ്യത്യസ്തതയും മാത്രമല്ല, മമ്മൂട്ടി ഒരു കംപ്ലീറ്റ് പാക്കേജ് തന്നെയാണ് അന്നും ഇന്നും എന്നുമെന്ന് തെളിയിക്കുകയാണ് ചില സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍. 2022ല്‍ പുറത്തിറങ്ങിയ നാല് ചിത്രങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഇവര്‍ തങ്ങളുടെ വാദം ഉന്നയിക്കുന്നത്.

ഭീഷ്മ പര്‍വ്വത്തിലൂടെ ആരാധകര്‍ക്ക് ആഘോഷിക്കാനുള്ള വക നല്‍കിയ മമ്മൂട്ടി പുഴുവിലൂടെ അഭിനയ പ്രാധാന്യമുള്ള വേഷം ചെയ്തു. അതേസമയം തന്നെ 30 വര്‍ഷം മുന്‍പ് ചെയ്ത ഐക്കോണിക് കഥാപാത്രമായ സേതുരാമയ്യര്‍ സി.ബി.ഐയെ ദി ബ്രെയ്നിലൂടെ റിക്രിയേറ്റ് ചെയ്തു.

ഇതെല്ലാം അഭിനയത്തിനും താരപ്പകിട്ടിനുമായിരുന്നു പ്രാധാന്യം നല്‍കിയിരുന്നതെങ്കില്‍ നിര്‍മാതാവ് എന്ന നിലയിലുള്ള മമ്മൂട്ടിയെയാണ് പിന്നീട് ഇവര്‍ പുകഴ്ത്തുന്നത്. സ്വന്തം നിര്‍മാണ കമ്പനിക്ക് കീഴില്‍ പരീക്ഷണ ചിത്രങ്ങളും ചെയ്യുമെന്ന് റോഷാക്കിലൂടെ മമ്മൂട്ടി തെളിയിച്ചെന്നും സോഷ്യല്‍ മീഡിയയില്‍ പറയുന്നു.

Content Highlight: Rorschach new location photo from the white room shared by Mammootty