റൊണാൾഡോ വിരമിക്കും വരെ അൽ നസറിൽ കളിക്കും? താരത്തെ വിട്ടുനൽകാൻ ക്ലബ്ബിന് താൽപര്യമില്ല; റിപ്പോർട്ട്
football news
റൊണാൾഡോ വിരമിക്കും വരെ അൽ നസറിൽ കളിക്കും? താരത്തെ വിട്ടുനൽകാൻ ക്ലബ്ബിന് താൽപര്യമില്ല; റിപ്പോർട്ട്
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 24th January 2023, 5:04 pm

സൗദി പ്രോ ലീഗിനെ ലോക ശ്രദ്ധയിലേക്ക് ആകർഷിച്ച താരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. 225 മില്യൺ യൂറോ നൽകി താരത്തെ അൽ നസർ ക്ലബ്ബിലെത്തിച്ചതോടെ ആഗോളതലത്തിൽ പ്രശസ്തിയാർജിച്ചിരിക്കുകയാണ് അറേബ്യൻ ക്ലബ്ബ്.

കൂടാതെ റൊണാൾഡോ ടീമിലെത്തിയതോടെ ക്ലബ്ബിന്റെ ബ്രാൻഡ് മൂല്യവും ഓഹരി മൂല്യവും വർധിച്ചു എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

റൊണാൾഡോ അൽ നസർ ക്യാമ്പിലെത്തിയതോടെ റൊണാൾഡോയുടെ പേരുള്ള ഏഴാം നമ്പർ ജേഴ്സിയുടെ വിൽപനയിലൂടെയും വലിയ തുക ക്ലബ്ബിലേക്കെത്തിക്കാൻ അൽ നസറിന് സാധിച്ചിട്ടുണ്ട്.

എന്നാൽ അൽ നസറിന് റൊണാൾഡോയെ ഇനി മറ്റൊരു ക്ലബ്ബിനും വിട്ട് നൽകാൻ താൽപര്യമില്ലെന്നും, താരം അൽ നസറിനായി വിരമിക്കണമെന്നതാണ് ക്ലബ്ബിന്റെ താൽപര്യമെന്നും വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് ഇ.എസ്.പി.എൻ മാധ്യമ പ്രവർത്തകനായ റോബ് ഡോവ്സൻ.

അഞ്ച് തവണ ബാലൻ ഡി ഓർ നേടിയ താരത്തെ ടീമിൽ സ്ഥിരമായി നിലനിർത്തുന്നതോടെ  ഇതിനോടകം ലഭിച്ച ആഗോള പ്രീതിയും മാധ്യമ ശ്രദ്ധയും നിലനിർത്തുക എന്ന ലക്ഷ്യമാണ് ക്ലബ്ബിനുള്ളത്. ഇത്തിഹാഖിനെതിരെ നടന്ന മത്സരത്തിൽ വരവേൽപ്പായിരുന്നു താരത്തിന് ആരാധകർ നൽകിയത്.

മത്സരത്തിൽ ഗോളുകളോന്നും നേടാൻ കഴിഞ്ഞില്ലെങ്കിലും തന്റെ പ്രതാപകാലത്തെ ഓർമിപ്പിക്കുന്ന വിധത്തിൽ സ്‌കില്ലുകളും ഡ്രിബ്ലിങ്ങുകളും ബൈസിക്കിൾ കിക്കടക്കമുള്ള ഷോട്ടുകളും പുറത്തെടുക്കാൻ റൊണാൾഡോക്ക് സാധിച്ചിരുന്നു.

എന്നാൽ  നേരത്തെ പി.എസ്.ജിക്കെതിരായ റിയാദ് ഇലവന് വേണ്ടി ബൂട്ട് കെട്ടിയ മത്സരത്തിൽ മികച്ച പ്രകടനമാണ് റോണോ പുറത്തെടുത്തത്. റിയാദ് ഇലവൻ മത്സരത്തിൽ നേടിയ നാലിൽ രണ്ട് ഗോളുകളും സ്വന്തമാക്കിയ റൊണാൾഡോ, മത്സരത്തിലെ മികച്ച താരത്തിനുള്ള മാൻ ഓഫ് ദി മാച്ച് പുരസ്കാരവും ഏറ്റു വാങ്ങി.

റോണോക്ക് പ്ലെയർ എന്ന നിലയിൽ ക്ലബ്ബിൽ നിന്ന് വിരമിച്ചാലും പരിശീലകനായി ക്ലബ്ബിൽ തുടരാം എന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.
അതേസമയം സൗദി സൂപ്പർ കപ്പിൽ അൽ ഇത്തിഹാദിനെതിരെയാണ് അൽ നസറിന്റെ അടുത്ത മത്സരം.

 

Content Highlights:Ronaldo will play at Al Nassr until he retires? The club is not interested in let the player go; Report