സൗദിയിൽ ആരാധകരോട് അറബിയിൽ സംസാരിച്ച് റൊണാൾഡോ; അൽ നസർ ഇനി 'ആഗോള' ക്ലബ്ബ്
Fooball news
സൗദിയിൽ ആരാധകരോട് അറബിയിൽ സംസാരിച്ച് റൊണാൾഡോ; അൽ നസർ ഇനി 'ആഗോള' ക്ലബ്ബ്
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 5th January 2023, 1:34 pm

ഏറെ നാളത്തെ ആരാധകരുടെ കാത്തിരിപ്പിന് അവസാനം കുറിച്ചു കൊണ്ട് റൊണാൾഡോ തന്റെ പുതിയ ക്ലബ്ബിലേക്ക് എത്തിച്ചേർന്നിരിക്കുകയാണ്.

സൗദി അറേബ്യൻ ക്ലബ്ബായ അൽ നസറിലേക്കാണ് റൊണാൾഡോ ചേക്കേറിയിരിക്കുന്നത്. ഏകദേശം 225മില്യൺ യൂറോ പ്രതിഫലമാണ് പ്രതിവർഷം താരത്തിന് അൽ-നസർ ക്ലബ്ബിൽ നിന്നും ലഭിക്കുന്നത്.

ക്ലബ്ബിൽ പ്ലെയർ എന്ന നിലയിൽ കരിയർ അവസാനിപ്പിച്ച ശേഷം പരിശീലകനായി തുടരാനും റൊണാൾഡോക്ക് അൽ നസർ അവസരമൊരുക്കും.

റൊണാൾഡോയെ ആരാധകർക്ക് മുന്നിൽ അവതരിപ്പിക്കുന്ന ചടങ്ങ് വളരെ വിപുലമായാണ് അൽ നസർ സംഘടിപ്പിച്ചത്. വലിയ ആരാധക കൂട്ടമാണ് റൊണാൾഡോയെ അവതരിപ്പിക്കുന്ന ചടങ്ങ് കാണാൻ അൽ നസറിന്റെ ഹോം ഗ്രൗണ്ടിലേക്ക് എത്തിച്ചേർന്നത്.

എന്നാൽ തന്നെ കാണാൻ എത്തിയ ആരാധകരെ കയ്യിലെടുക്കുന്ന പ്രകടനമായിരുന്നു റൊണാൾഡോ ആരാധകർക്ക് മുന്നിൽ അവതരിപ്പിച്ചത്.
റൊണാൾഡോയുടെ ഗോൾ സെലിബ്രേഷൻ ആയ ‘സുയ്'(suiii) പ്രതീക്ഷിച്ചിരുന്ന ആരാധകർക്ക് നന്ദി പറഞ്ഞുകൊണ്ടായിരുന്നു റൊണാൾഡോ സംസാരിച്ചു തുടങ്ങിയത്.

സൗദിയിൽ തനിക്ക് ലഭിച്ച രാജകീയ വരവേൽപ്പിൽ ആരാധകരോട് നന്ദിയും കടപ്പാടും രേഖപ്പെടുത്തിയ റൊണാൾഡോ അത് താൻ മറക്കില്ലെന്നും ആരാധകരോട് പറഞ്ഞു.

ഇംഗ്ലീഷിലാണ് റൊണാൾഡോ ആരാധകരോട് സംസാരിച്ചതെന്നും സൗദി അറേബ്യൻ പ്രോ ലീഗിന്റെ ക്വാളിറ്റിയെ പറ്റി സംസാരിച്ച അദ്ദേഹം ആളുകളെ സന്തോഷിപ്പിക്കുക എന്നതാണ് ജീവിതത്തിലെ തന്റെ പരമമായ ലക്ഷ്യം എന്ന് ആരാധകരോട് പറഞ്ഞതായും പ്രശസ്ത സ്പാനിഷ് സ്പോർട്സ് മാധ്യമമായ മാർക്ക റിപ്പോർട്ട്‌ ചെയ്തു.

കൂടാതെ ക്ലബ്ബിന്റെ അക്കാദമിയിലൂടെ ഭാവിയിൽ കൂടുതൽ സൂപ്പർ താരങ്ങളെ വളർത്താനും സൗദിയെ ഫുട്ബോളിലെ വൻ ശക്തിയാക്കി മാറ്റാനുള്ള പദ്ധതിയെ പറ്റിയും റൊണാൾഡോ സംസാരിച്ചു.

എന്നാൽ അൽ നസർ ആരാധകരെ ഞെട്ടിച്ച സന്ദർഭമായിരുന്നു അറബിയിലുള്ള താരത്തിന്റെ സംസാരം.’അന അലാമി’ എന്നായിരുന്നു റൊണാൾഡോ ക്ലബ്ബ് ആരാധകരോട് അറബിയിൽ പറഞ്ഞത്. ”ഞാൻ ആഗോള താരമാണ്’ എന്നാണ് വാക്കിന്റെ അർത്ഥം.

കൂടാതെ റൊണാൾഡോ കളിക്കാനെത്തിയതോടെ അൽ നസർ ആഗോള ക്ലബ്ബായെന്നും ഇത് കൊണ്ട് താരം അർത്ഥമാക്കിയെന്ന് ഫുട്ബോൾ വിദഗ്ധർ അഭിപ്രായപ്പെടുന്നു.

അതേസമയം ക്ലബ്ബിൽ എത്തിച്ചേർന്നെങ്കിലും താരത്തിന് ആദ്യ രണ്ട് മത്സരങ്ങൾ കളിക്കാനാവില്ലെന്ന റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്.

പ്രീമിയർ ലീഗിൽ എവർട്ടണ് എതിരായ മത്സരത്തിൽ 14കാരനായ ആരാധകനോട് റോണോ മോശമായി പെരുമാറുകയും ഫോൺ തട്ടി മാറ്റുകയും ചെയ്തിരുന്നു. ഇതിൽ അന്വേഷണം ആരംഭിച്ച ഇംഗ്ലീഷ് ഫുട്ബോൾ അസോസിയേഷൻ റോണോ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും റൊണാൾഡോക്ക് 50000 പൗണ്ട് പിഴയും 2 മത്സരങ്ങളിൽ നിന്ന് വിലക്കും ഏർപ്പെടുത്തിയിരുന്നു.

താരം ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നിന്നും പുറത്ത് വന്നെങ്കിലും ഇനി കളിക്കുന്ന ഏത് ലീഗിലെയും ആദ്യ രണ്ട് മത്സരങ്ങൾക്ക് ഈ വിലക്ക് ബാധകമാകും.

ഇംഗ്ലീഷ് ഫുട്ബോൾ അസോസിയേഷന്റെ റൂൾ മൂന്ന് അനുസരിച്ചാണ് ഈ വിലക്ക് ബാധകമാവുക.

 

Content Highlights: Ronaldo spoke to fans in arabic; he said Al Nasser is now a ‘global’ club