റോണ വില്‍സന്റെ സ്മാര്‍ട് ഫോണ്‍ പെഗാസസ് ഉപയോഗിച്ച് ചോര്‍ത്തിയത് 49 തവണ; സംഭവം അറസ്റ്റിലാവുന്നതിന് ഒരു വര്‍ഷം മുമ്പ്
national news
റോണ വില്‍സന്റെ സ്മാര്‍ട് ഫോണ്‍ പെഗാസസ് ഉപയോഗിച്ച് ചോര്‍ത്തിയത് 49 തവണ; സംഭവം അറസ്റ്റിലാവുന്നതിന് ഒരു വര്‍ഷം മുമ്പ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 18th December 2021, 11:09 am

ന്യൂദല്‍ഹി: എല്‍ഗര്‍ പരിഷത്ത് കേസില്‍ അറസ്റ്റിലാകുന്നതിന് ഒരു വര്‍ഷം മുമ്പ് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ റോണ വില്‍സന്റെ സ്മാര്‍ട് ഫോണ്‍ പെഗാസസ് ചാര സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് ചോര്‍ത്തപ്പെട്ടതായി റിപ്പോര്‍ട്ട്.

2018ല്‍ അദ്ദേഹം അറസ്റ്റിലാകുന്നതിന് മുമ്പ് തന്നെ പെഗാസസ് സ്‌പൈവെയര്‍ വഴി നുഴഞ്ഞുകയറ്റം നടന്നതായാണ് ഫോറന്‍സിക് വിശകലനം സൂചിപ്പിക്കുന്നത്.

യു.എസ് ആസ്ഥാനമായുള്ള ഡാറ്റ ഫോറന്‍സിക് സ്ഥാപനമായ ആഴ്‌സണല്‍ കണ്‍സള്‍ട്ടിങ്ങാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

കേസില്‍ സഹായിക്കുന്ന ബോസ്റ്റണ്‍ ആസ്ഥാനമായുള്ള ഫോറന്‍സിക് ഇന്‍വെസ്റ്റിഗേഷന്‍ സ്ഥാപനമായ ആഴ്‌സണല്‍ കണ്‍സള്‍ട്ടന്‍സിയും ആംനസ്റ്റി ടെക് സെക്യൂരിറ്റി ലാബും വില്‍സന്റെ ഐഫോണ്‍ ഒന്നിലധികം തവണ സ്‌പൈവെയര്‍ ആക്രമിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്.

റോണ വില്‍സന്റെ സെല്‍ഫോണിലേക്ക് 49 തവണയാണ് പെഗാസസ് സ്‌പൈവെയര്‍ നുഴഞ്ഞുകയറിയത്. 2018 ജൂണ്‍ 6 ന് അറസ്റ്റിലാകുന്നതിന് മുമ്പ് തന്നെയാണ് ഇത് നടന്നതെന്നും അമേരിക്കന്‍ ഫോറന്‍സിക് അന്വേഷണ സ്ഥാപനമായ ആഴ്‌സണല്‍ കണ്‍സള്‍ട്ടന്‍സി വെള്ളിയാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

2017 ജൂലൈ 5 നും 2018 ഏപ്രില്‍ 10 നും ഇടയില്‍ വില്‍സന്റെ ഐഫോണില്‍ പെഗാസസ് ആക്രമണത്തിന്റെ 49 വ്യത്യസ്ത സംഭവങ്ങളുണ്ടായിട്ടുണ്ടെന്നും വൈറസ് ഫോണില്‍ കയറിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 2016 ജൂണ്‍ 13 നും 2018 ഏപ്രില്‍ 17നും ഇടയില്‍ വില്‍സന്റെ കമ്പ്യൂട്ടര്‍ നെറ്റ് വയര്‍ റിമോട്ട് ആക്സസ് ട്രോജന്‍ ഹാക്ക് ചെയ്തിരുന്നു.

അതേസമയം, വില്‍സന്റെ ലാപ്ടോപില്‍ കുറ്റം തെളിയിക്കുന്നതിനാവശ്യമായ തെളിവുകള്‍ ഹാക്കറെ ഉപയോഗിച്ച് തിരുകികയറ്റിയതാണെന്ന് മസാച്യുസെറ്റ്സിലെ ഡിജിറ്റല്‍ ഫോറന്‍സിക് ഫേം നേരത്തെ വ്യക്തമാക്കിയിരുന്നു.

റോണ വില്‍സണ്‍ കുറ്റവാളിയാണെന്ന് തെളിയിക്കുന്നതിന് അദ്ദേഹത്തിന്റെ ലാപ്ടോപില്‍ നിന്ന് കണ്ടെത്തിയ പത്തോളം കത്തുകളാണ് ലാപ്ടോപില്‍ അനധികൃതമായി തിരുകി കയറ്റിയതെന്നാണ് അമേരിക്കന്‍ ഫോറന്‍സിക് ഫേം പറഞ്ഞത്.

മാവോയിസ്റ്റ് ബന്ധം ആരോപിച്ചാണ് റോണ വില്‍സണ്‍ ഉള്‍പ്പെടെ നിരവധി സാമൂഹ്യ പ്രവര്‍ത്തകരെ പൂെന പൊലീസ് അറസ്റ്റ് ചെയ്യുന്നത്. മലയാളിയായ റോണ വില്‍സണാണ് ഈ കേസുമായി ബന്ധപ്പെട്ട് ആദ്യമായി അറസ്റ്റിലാകുന്നത്.

റോണയുടെ ലാപ്ടോപില്‍ നിന്ന് നരേന്ദ്രമോദിയെ വധിക്കാനുള്ള ഗൂഢാലോചന സംബന്ധിച്ച കത്തും പിടിച്ചെടുത്തതായി പൊലീസ് പറഞ്ഞിരുന്നു. ‘രാജീവ് ഗാന്ധി വധത്തിനു സമാനമായ ഓപ്പറേഷനിലൂടെ’ മോദിയെ കൊല്ലാന്‍ പദ്ധതിയിട്ടു എന്നാണ് ആരോപണം.

2018ല്‍ ദല്‍ഹിയിലെ മുനീര്‍ക്കയിലെ ഒറ്റമുറി ഫ്ളാറ്റില്‍ നിന്ന് നിന്നും പൂനെ പൊലീസും ദല്‍ഹി പൊലീസും ചേര്‍ന്ന് നടത്തിയ സംയുക്ത ഓപറേഷന്റെ ഭാഗമായാണ് റോണ വില്‍സണെ അറസ്റ്റ് ചെയ്ത് യു.എ.പി.എ നിയമപ്രകാരം തടവിലാക്കുന്നത്.

റോണാ വില്‍സനോടൊപ്പം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മറ്റു നാല് സാമൂഹിക പ്രവര്‍ത്തകരെയും പ്രസ്തുത നിയമത്തിന്റെ അടിസ്ഥാനത്തില്‍ അറസ്റ്റ് ചെയ്യുകയും തടവില്‍ വെയ്ക്കുകയും ചെയ്തിരുന്നു. ദളിത് സാമൂഹിക പ്രവര്‍ത്തകനായ
സുധീര്‍ ധാവ്‌ളെ, അഭിഭാഷകനായ സുരേന്ദ്ര ഗാഡ്‌ലിംഗ്, സാമൂഹിക പ്രവര്‍ത്തകനായ മഹേഷ് റാവുത്, സര്‍വകലാശാല അധ്യാപകനായ ഷോമ സെന്‍ എന്നിവരാണ് അറസ്റ്റ് ചെയ്യപ്പെട്ട മറ്റുള്ളവര്‍.

2018 ജനുവരി ഒന്നിന് മഹാരാഷ്ട്രയിലെ ഭീമ കൊറേഗാവില്‍ നടന്ന സംഘര്‍ഷത്തിന് പിറകില്‍ മാവോയിസ്റ്റ് പാര്‍ട്ടിയുടെ നിര്‍ദേശമനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഈ അഞ്ചു പേരാണ് എന്നാണ് പൊലീസ് ഇവര്‍ക്കെതിരെ ഉന്നയിക്കുന്ന പ്രധാന ആരോപണം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 

Content Highlights: Rona Wilson’s iPhone hacked by Pegasus: forensic report