ലാപ്‌ടോപില്‍ തനിക്കെതിരായ തെളിവുകള്‍ തിരുകി കയറ്റിയെന്ന കണ്ടെത്തല്‍; കോടതിയെ സമീപിച്ച് റോണ വില്‍സണ്‍
national news
ലാപ്‌ടോപില്‍ തനിക്കെതിരായ തെളിവുകള്‍ തിരുകി കയറ്റിയെന്ന കണ്ടെത്തല്‍; കോടതിയെ സമീപിച്ച് റോണ വില്‍സണ്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 10th February 2021, 9:16 pm

മുംബൈ: ഭീമ കൊറേഗാവ് കേസില്‍ അമേരിക്കന്‍ ഫോറന്‍സിക് ലാബായ ആഴ്‌സണലിന്റെ കണ്ടെത്തലിന്റെ പിന്നാലെ കോടതിയെ സമീപിച്ച് അറസ്റ്റിലായ ആക്ടിവിസ്റ്റ് റോണ വില്‍സണ്‍. ഗവേഷകനും മലയാളിയുമായ റോണ വില്‍സണ്‍ ബോംബെ ഹൈക്കോടതിയെ ആണ് സമീപിച്ചിരിക്കുന്നത്.

തന്റെ ലാപ്‌ടോപില്‍ കെട്ടിച്ചമച്ച തെളിവുകള്‍ ഒരു ഹാക്കര്‍ മുഖാന്തരം തിരുകി കയറ്റിയെന്ന അമേരിക്കന്‍ ഫോറന്‍സിക് ലാബിന്റെ കണ്ടെത്തലില്‍ വിശദമായ അന്വേഷണം തേടിയാണ് റോണ കോടതിയെ സമീപിച്ചിരിക്കുന്നത്. സംഭവം അന്വേഷിക്കുന്നതിനായി ഒരു പ്രത്യേക അന്വേഷണ ടീമിനെ നിയോഗിക്കാനും റോണ ആവശ്യപ്പെട്ടതായി ലൈവ് ലോ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഭീമ കൊറേഗാവ് കേസില്‍ ആദ്യം അറസ്റ്റ് ചെയ്യപ്പെടുന്ന വ്യക്തിയാണ് റോണ വില്‍സണ്‍. വില്‍സണ് പുറമെ 15 മനുഷ്യാവകാശ പ്രവര്‍ത്തകരെയാണ് ഇതുവരെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തിരിക്കുന്നത്.

റോണ വില്‍സണ്‍ കുറ്റവാളിയാണെന്ന് തെളിയിക്കുന്നതിന് അദ്ദേഹത്തിന്റെ ലാപ്ടോപില്‍ നിന്ന് കണ്ടെത്തിയ പത്തോളം കത്തുകള്‍ അനധികൃതമായി തിരുകി കയറ്റിയതെന്നാണ് അമേരിക്കന്‍ ഫോറന്‍സിക് ഫേം പറയുന്നത്. വാഷിംഗ്ടണ്‍ പോസ്റ്റ് ആണ് ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്തത്.

റോണ വില്‍സണ്‍ അറസ്റ്റ് ചെയ്യപ്പെടുന്നതിന് മുമ്പ് ഒരു ഹാക്കര്‍ പത്തോളം കത്തുകള്‍ അദ്ദേഹത്തിന്റെ ലാപ്ടോപില്‍ നിക്ഷേപിക്കുകയായിരുന്നു എന്നാണ് ആഴ്സണല്‍ കണ്‍സള്‍ട്ടിംഗ് പറയുന്നത്.

അതേസമയം ഹാക്കറുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ആഴ്സണലിന് ഇതുവരെ കണ്ടുപിടിക്കാനായിട്ടില്ല. തെളിവ് തട്ടിയെടുക്കുന്നതുമായി ബന്ധപ്പട്ട് നടന്നിട്ടുള്ള ഏറ്റവും ഗുരുതരമായ കേസുകളില്‍ ഒന്നാണ് ഇതെന്നാണ് ഫോറന്‍സിക് ഏജന്‍സി പറയുന്നത്.

ഈ കത്തുകളാണ് റോണ വില്‍സണെതിരായ പ്രാഥമിക തെളിവുകളായി പൂണെ പൊലീസ് കണക്കാക്കിയിരുന്നത്. മാവോയിസ്റ്റ് ബന്ധം ആരോപിച്ചാണ് റോണ വില്‍സണ്‍ ഉള്‍പ്പെടെ നിരവധി സാമൂഹ്യ പ്രവര്‍ത്തകരെ പൂണെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്.

റോണയുടെ ലാപ്ടോപില്‍ നിന്ന് നരേന്ദ്രമോദിയെ വധിക്കാനുള്ള ഗൂഢാലോചന സംബന്ധിച്ച കത്തും പിടിച്ചെടുത്തതായി പൊലീസ് പറഞ്ഞിരുന്നു. ‘രാജീവ് ഗാന്ധി വധത്തിനു സമാനമായ ഓപ്പറേഷനിലൂടെ’ മോദിയെ കൊല്ലാന്‍ പദ്ധതിയിട്ടു എന്നാണ് ആരോപണം.

2018ല്‍ ദല്‍ഹിയിലെ മുനീര്‍ക്കയിലെ ഒറ്റമുറി ഫ്ളാറ്റില്‍ നിന്ന് നിന്നും പൂനെ പൊലീസും ദല്‍ഹി പൊലീസും ചേര്‍ന്ന് നടത്തിയ സംയുക്ത ഓപറേഷന്റെ ഭാഗമായാണ് റോണ വില്‍സണെ അറസ്റ്റ് ചെയ്ത് യു.എ.പി.എ നിയമപ്രകാരം തടവിലാക്കുന്നത്.

റോണാ വിത്സനോടൊപ്പം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മറ്റു നാല് സാമൂഹിക പ്രവര്‍ത്തകരെയും പ്രസ്തുത നിയമത്തിന്റെ അടിസ്ഥാനത്തില്‍ അറസ്റ്റ് ചെയ്യുകയും തടവില്‍ വയ്ക്കുകയും ചെയ്തിരുന്നു. ദളിത് സാമൂഹിക പ്രവര്‍ത്തകനായ
സുധീര്‍ ധാവ്‌ളെ, അഭിഭാഷകനായ സുരേന്ദ്ര ഗാഡ്‌ലിംഗ്, സാമൂഹിക പ്രവര്‍ത്തകനായ മഹേഷ് റാവുത്, സര്‍വകലാശാല അധ്യാപകനായ ഷോമ സെന്‍ എന്നിവരാണ് അറസ്റ്റ് ചെയ്യപ്പെട്ട മറ്റുള്ളവര്‍.

2018 ജനുവരി ഒന്നിന് മഹാരാഷ്ട്രയിലെ ഭീമ കൊറേഗാവില്‍ നടന്ന സംഘര്‍ഷത്തിന് പിറകില്‍ മാവോയിസ്റ്റ് പാര്‍ട്ടിയുടെ നിര്‍ദേശമനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഈ അഞ്ചു പേരാണ് എന്നാണ് പൊലീസ് ഇവര്‍ക്കെതിരെ ഉന്നയിക്കുന്ന പ്രധാന ആരോപണം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

 

Content Highlight: Rona Wilson approached Bombay High court on Forensic lab’s finding on fabricated documents in his computer