ഹിറ്റ്മാന്‍ മാത്രമല്ല, ഇന്ത്യയുടെ ക്യാപ്റ്റന്‍ കൂടിയാണ്; അംപയറുടെ തെറ്റായ തീരുമാനം തിരുത്തിച്ചത് 3 തവണ
Sports News
ഹിറ്റ്മാന്‍ മാത്രമല്ല, ഇന്ത്യയുടെ ക്യാപ്റ്റന്‍ കൂടിയാണ്; അംപയറുടെ തെറ്റായ തീരുമാനം തിരുത്തിച്ചത് 3 തവണ
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 6th February 2022, 9:26 pm

ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ അനായാസമായിരുന്നു ഇന്ത്യ വിജയത്തിലേക്ക് നടന്നു കയറിയത്. വിന്‍ഡീസ് ഉയര്‍ത്തിയ 177 റണ്‍സ് വിജയലക്ഷ്യം 6 വിക്കറ്റും 22 ഓവറും ബാക്കി നില്‍ക്കെ ഇന്ത്യ മറികടക്കുകയായിരുന്നു. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ 1-0ന് മുന്നിലെത്താനും ഇന്ത്യയ്ക്ക് കഴിഞ്ഞു.

എന്നാല്‍ ഇന്ത്യയുടെ വിജയത്തേക്കാളും ആരാധകര്‍ ആഘോഷമാക്കുന്നത് രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിയെ തന്നെയാണ്. അംപയറുടെ തെറ്റായ തീരുമാനത്തെ ചോദ്യം ചെയ്ത് ഇന്ത്യയ്ക്ക് അനുകൂലമായ ഫലം നേടിയെടുത്താണ് രോഹിത് താന്‍ ക്യാപ്റ്റനാവാന്‍ യോഗ്യനാണെന്ന വസ്തുത അടിവരയിട്ടുറപ്പിച്ചത്.

ഒന്നല്ല, രണ്ടല്ല മൂന്ന് തവണയാണ് രോഹിത് അംപയറുടെ തെറ്റായ തീരുമാനത്തിനെതിരെ റിവ്യൂ ചെയ്തത്. മൂന്ന് തവണയും ഔട്ട് വാങ്ങിയെടുക്കാനും താരത്തിനായി. മുന്‍ നായകന്‍ വിരാട് കോഹ്‌ലിയുടെ ഉറച്ച പിന്തുണയും താരത്തിന് ഉണ്ടായിരുന്നു.

ബ്രാവോയ്‌ക്കെതിരെയാണ് ആദ്യ ഡി.ആര്‍.എസ് ചലഞ്ച് രോഹിത്ത് വിളിച്ചത്. വാഷിംഗ്ടണ്‍ സുന്ദറിന്റെ പന്ത് ബ്രാവോയുടെ കാലില്‍ തട്ടിയെങ്കിലും അംപയര്‍ എല്‍.ബി.ഡബ്ല്യൂ നല്‍കിയില്ല. ഇതോടെ രോഹിത് അംപയറിന്റെ തീരുമാനം പുനഃപരിശോധനയ്ക്ക് വിടുകയായിരുന്നു. രോഹിത്തിന്റെ തീരുമാനം ശരിയാണെന്ന് വ്യക്തമാക്കുന്നതായിരുന്നു റിസള്‍ട്ട്. ഇതോടെ 18 റണ്‍സെടുത്ത ബ്രാവോ പുറത്താവുകയായിരുന്നു.


India vs West Indies: Rohit Sharma breaches 150 for 8th time in ODIs,  extends unparalleled record | Cricket - Hindustan Times

നിക്കോളാസ് പൂരാനായിരുന്നു രോഹിത്തിന്റെ നിശ്ചയദാര്‍ഢ്യത്തിന്റെ അടുത്ത ഇര. യുസ്വേന്ദ്ര ചഹലിന്റെ പന്തില്‍ പൂരാനെതിരെ എല്‍.ബി.ഡബ്ല്യൂവിന് അപ്പീല്‍ ചെയ്തിട്ടും അംപയര്‍ ഔട്ട് നല്‍കിയില്ല. രണ്ടാമതൊന്നാലോചിക്കാതെ രോഹിത് ഡി.ആര്‍.എസ് എടുക്കുകയായിരുന്നു. ഫലമോ, വിന്‍ഡീസിന്റെ റണ്‍മെഷീന്‍ പവലിയനിലേക്ക്.

മൂന്നാമത്തെ വിക്കറ്റ് നേട്ടത്തില്‍ കോഹ്‌ലിയാണ് യഥാര്‍ത്ഥ താരം. വിന്‍ഡീസ് താരം ബ്രോക്സിനെതിരെയായിരുന്നു അടുത്ത ഡി.ആര്‍.എസ് ചലഞ്ച്. ഇത്തവണ ചഹലിന്റെ പന്ത് ബ്രോക്സിന്റെ ബാറ്റില്‍ തട്ടി വിക്കറ്റ് കീപ്പര്‍ റിഷഭ് ക്യാച്ചെടുക്കുകയായിരുന്നു. ടീം ഒന്നടങ്കം അപ്പീല്‍ ചെയ്തിട്ടും അംപയര്‍ ഔട്ട് നല്‍കിയില്ല.

എന്ത് ചെയ്യണമെന്ന ടീമിന്റെ ചര്‍ച്ചയില്‍ ബോള്‍ ബാറ്റില്‍ കൊണ്ടിരുന്നോ എന്ന് വ്യക്തമായി അറിയില്ല എന്നായിരുന്നു  പന്ത് പറഞ്ഞത്. എന്നാല്‍ കോഹ്‌ലി രോഹിത്തിനോട് റിവ്യൂ നല്‍കാന്‍ പറയുകയായിരുന്നു.

ഇതോടെ രോഹിത് റിവ്യൂ നല്‍കുകയും അള്‍ട്രാ എഡ്ജില്‍ പന്ത് ബാറ്റില്‍ കൊണ്ടതായി വ്യക്തമാവുകയും വിക്കറ്റ് നേടിയെടുക്കുകയുമായിരുന്നു.

ക്യാപ്റ്റന്‍സിയില്‍ മാത്രമല്ല, ബാറ്റിംഗിലും രോഹിത് മികച്ചു നിന്നു. അര്‍ധസെഞ്ച്വറി നേടിയാണ് താന്‍ ക്യാപ്റ്റന്‍ മാത്രമല്ല, ഹിറ്റ്മാന്‍ കൂടെ ആണെന്ന് ഒരിക്കല്‍ക്കൂടി തെളിയിച്ചത്.

ഫെബ്രുവരി 9ന് അഹമ്മദാബാദ് വെച്ചാണ് പരമ്പരയിലെ രണ്ടാമത് മത്സരം.

India vs West Indies, 2nd ODI: Rohit Sharma lights up Vizag, records tumble  as Hitman scores 159 - myKhel

Content highlight: Rohit Sharma  uses DRS successfully3 times against West Indies