രണ്ട് മത്സരം, വെറും 22 റണ്‍സ്; ചരിത്രമെഴുതാന്‍ ഹിറ്റ്മാന് വേണ്ടത് ഇത്രമാത്രം; റെക്കോഡുകളുടെ പെരുമഴ പിന്നാലെ
icc world cup
രണ്ട് മത്സരം, വെറും 22 റണ്‍സ്; ചരിത്രമെഴുതാന്‍ ഹിറ്റ്മാന് വേണ്ടത് ഇത്രമാത്രം; റെക്കോഡുകളുടെ പെരുമഴ പിന്നാലെ
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 2nd October 2023, 7:59 am

ലോകകപ്പ് മത്സരങ്ങളുടെ ആവേശത്തിലാണ് ക്രിക്കറ്റ് ലോകം. 2011ന് ശേഷം ലോകകപ്പ് ഇന്ത്യയിലേക്കെത്തുന്നതും ചരിത്രത്തിലാദ്യമായി ഇന്ത്യ ലോകകപ്പിന് ഒറ്റയ്ക്ക് ആതിഥ്യം വഹിക്കുന്നതുമെല്ലാം ആരാധകരെ ആവേശത്തിന്റെ കൊടുമുടി കയറ്റുന്നുണ്ട്.

ഏറെ നാളായി കിരീടവരള്‍ച്ചയില്‍ ഉഴറുന്ന ടീമിനും ലോകകപ്പ് ഹോം കണ്ടീഷനില്‍ ലഭിച്ചത് ഏറെ ആശ്വാസം നല്‍കുന്നുണ്ട്. 2013ലെ ചാമ്പ്യന്‍സ് ട്രോഫി വിജയത്തിന് ശേഷം ഒരു ഐ.സി.സി കിരീടം പോലും നേടാന്‍ സാധിച്ചിട്ടില്ല എന്ന അപമാന ഭാരവും ഇറക്കിവെക്കാനാണ് ഇന്ത്യ ഒരുങ്ങുന്നത്. കഴിഞ്ഞ മൂന്ന് ലോകകപ്പിലും ആതിഥേയത്വം വഹിച്ച ടീമുകള്‍ തന്നെയാണ് കപ്പുയര്‍ത്തിയതെന്ന ലക്ക് ഫാക്ടറിലും ഇന്ത്യന്‍ ആരാധകര്‍ വിശ്വസിക്കുന്നുണ്ട്.

കപിലിനും ധോണിക്കും ശേഷം ഇന്ത്യയെ കിരീടം ചൂടിക്കാന്‍ രോഹിത്തിന് സാധിക്കുമെന്നാണ് ആരാധകരുടെ ഉറച്ച പ്രതീക്ഷ. 12 വര്‍ഷം നീണ്ട കാത്തിരിപ്പിന് രോഹിത്തിലൂടെ വിരാമമാകുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.

 

ഇതിന് പുറമെ ഈ ലോകകപ്പില്‍ രോഹിത് ശര്‍മയെ പല നേട്ടങ്ങളും റെക്കോഡുകളും കാത്തിരിക്കുന്നുണ്ട്. ഏകദിന ലോകകപ്പിലെ മില്ലേനിയം എന്ന നേട്ടമാണ് ഇതില്‍ പ്രധാനം. നിലവില്‍ കളിച്ച 17 മത്സരത്തില്‍ നിന്നും 65.20 എന്ന ശരാശരിയിലും 95.97 എന്ന സ്‌ട്രൈക്ക് റേറ്റിലുമായി 978 റണ്‍സാണ് രോഹിത് നേടിയത്.

ഈ ലോകകപ്പില്‍ 22 റണ്‍സ് തന്റെ പേരില്‍ കൂട്ടിച്ചേര്‍ക്കാന്‍ സാധിച്ചാല്‍ ഏകദിന ലോകകപ്പുകളില്‍ നിന്നായി 1,000 റണ്‍സ് പൂര്‍ത്തിയാക്കുന്ന ഇന്ത്യന്‍ താരം എന്ന റെക്കോഡിലേക്ക് ഇന്ത്യന്‍ നായകന് നടന്നുകയറാം.

സച്ചിനും കോഹ്‌ലിയുമടക്കം മൂന്ന് ഇന്ത്യന്‍ താരങ്ങള്‍ മാത്രമാണ് ഇതുവരെ ലോകകപ്പില്‍ 1,000 റണ്‍സ് പൂര്‍ത്തിയാക്കിയത്.

ഏകദിന ലോകകപ്പുകളില്‍ 1,000 റണ്‍സ് പൂര്‍ത്തിയാക്കിയ ഇന്ത്യന്‍ താരങ്ങള്‍

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – 2,278 റണ്‍സ്

വിരാട് കോഹ്‌ലി – 1,030 റണ്‍സ്

സൗരവ് ഗാംഗുലി – 1,006 റണ്‍സ്

ഇതിനൊപ്പം തന്നെ മറ്റൊരു റെക്കോഡും രോഹത്തിനെ കാത്തിരിപ്പുണ്ട്. ലോകകപ്പില്‍ കളിക്കുന്ന ആദ്യ രണ്ട് മത്സരങ്ങളില്‍ നിന്നും 22 റണ്‍സ് കണ്ടെത്താന്‍ സാധിച്ചാല്‍ വേഗത്തില്‍ ഈ നേട്ടം കൈവരിക്കുന്ന ഇന്ത്യന്‍ താരം എന്ന റെക്കോഡും രോഹിത്തിന് സ്വന്തമാക്കാം.

 

ഇതിന് പുറമെ പല നേട്ടങ്ങളും ഈ ലോകകപ്പില്‍ രോഹിത് ശര്‍മക്ക് സ്വന്തമാക്കാന്‍ സാധിക്കും.

ഏറ്റവുമധികം അന്താരാഷ്ട്ര സിക്‌സറുകള്‍ എന്ന റെക്കോഡാണ് ഇതില്‍ ആദ്യത്തേത്. വെറും മൂന്ന് സിക്‌സറുകള്‍ നേടിയാല്‍ ഒന്നാം സ്ഥാനത്തുള്ള ക്രിസ് ഗെയ്‌ലിനെ മറികടന്ന് രോഹിത്തിന് ഒന്നാം സ്ഥാനത്തെത്താം. 551 ഇന്നിങ്‌സില്‍ നിന്നുമാണ് ഗെയ്ല്‍ 553 സിക്‌സര്‍ നേടിയതെങ്കില്‍ 471 ഇന്നിങ്‌സില്‍ നിന്നുമാണ് ഹിറ്റ്മാന്‍ 551 സിക്‌സറുകള്‍ അടിച്ചുകൂട്ടിയത്.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ 18,000 റണ്‍സ് എന്ന നേട്ടവും രോഹിത്തിന്റെ കണ്‍മുമ്പിലുണ്ട്. 17,642 റണ്‍സാണ് രോഹിത് ഇതുവരെ നേടിയത്. വെറും 352 റണ്‍സ് കൂടി നേടാന്‍ സാധിച്ചാല്‍ ഈ നേട്ടം കൈവരിക്കുന്ന അഞ്ചാമത് ഇന്ത്യന്‍ ബാറ്റര്‍ എന്ന റെക്കോഡാണ് രോഹിത്തിന് നേടാന്‍ സാധിക്കുക.

 

മൂന്ന് അര്‍ധ സെഞ്ച്വറി കൂടി നേടാന്‍ സാധിച്ചാല്‍ മറ്റൊരു ഗംഭീര റെക്കോഡും രോഹിത് തന്റെ പേരില്‍ എഴുതിച്ചേര്‍ക്കും. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഹാഫ് സെഞ്ച്വറിയില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കുന്ന ആറാമത് ഇന്ത്യന്‍ താരം എന്ന റെക്കോഡാണ് രോഹിത്തിന് നേടാന്‍ സാധിക്കുക. ഇതുവരെ 97 അര്‍ധ സെഞ്ച്വറികളാണ് രോഹിത് പൂര്‍ത്തിയാക്കിയത്. (ഏകദിനം – 52, ടെസ്റ്റ് – 16, ടി-20 – 29).

 

Content Highlight: Rohit Sharma to complete 1,000 runs in ODI World Cup