രോഹിത് ശര്‍മയും ക്രിസ് ഗെയ്‌ലും തമ്മിലെന്ത്? ഉത്തരം നല്‍കി രോഹിതിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്
Cricket
രോഹിത് ശര്‍മയും ക്രിസ് ഗെയ്‌ലും തമ്മിലെന്ത്? ഉത്തരം നല്‍കി രോഹിതിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 8th August 2019, 9:49 am

ഗയാന: രണ്ട് ടീമുകളുടെ ഓപ്പണിങ് ബാറ്റ്‌സ്മാന്മാര്‍ എന്നതിനപ്പുറത്തേക്ക് രോഹിത് ശര്‍മയും ക്രിസ് ഗെയ്‌ലും തമ്മിലെന്താണ് ബന്ധം? അതിനുള്ള ഉത്തരമുള്ളത് രോഹിത് ശര്‍മയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ്.

ഇന്നലെ ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മയിട്ട ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ അദ്ദേഹവും വിന്‍ഡീസ് ഓപ്പണര്‍ ഗെയ്‌ലും തിരിഞ്ഞുനില്‍ക്കുന്ന ചിത്രം കാണാം. വെസ്റ്റ് ഇന്‍ഡീസില്‍ പര്യടനം നടത്തവെ എടുത്ത ചിത്രമാണിത്.

ഇതിലെന്താണു പ്രത്യേകതയെന്നല്ലേ. ഇരുവരുടെയും ജേഴ്‌സി നമ്പര്‍ ഒന്നാണ്, 45 ! പക്ഷേ ഇവിടം കൊണ്ട് തീരുന്നില്ല ഇരുവരും തമ്മിലുള്ള ബന്ധം.

അടുത്തിടെയാണ് ട്വന്റി20 ക്രിക്കറ്റില്‍ ഏറ്റവുമധികം സിക്‌സറുകള്‍ നേടിയ താരമെന്ന റെക്കോഡ് ഗെയ്‌ലില്‍ നിന്നും രോഹിത് പിടിച്ചെടുത്തത്. 106-ാമത്തെ സിക്‌സര്‍ ഗാലറിയിലെത്തിച്ചാണ് രോഹിത് ഈ നേട്ടം സ്വന്തമാക്കിയത്. അതും വിന്‍ഡീസിനെതിരായ മത്സരത്തിനിടെ.

അതേസമയം മറുവശത്ത് ഗെയ്ല്‍ മറ്റൊരു റെക്കോഡിന് കോപ്പുകൂട്ടുകയാണ്.

ഏകദിനത്തില്‍ ഏറ്റവുമധികം റണ്‍സ് നേടിയ വിന്‍ഡീസ് ബാറ്റ്‌സ്മാന്‍ എന്ന റെക്കോഡിലേക്കെത്താന്‍ ഗെയ്‌ലിനിനി 12 റണ്‍സ് മാത്രം മതി. മറികടക്കാന്‍ പോകുന്നത് സാക്ഷാല്‍ ബ്രയാന്‍ ലാറയുടെ റെക്കോഡും. 10,405 റണ്‍സാണ് ലാറ ഏകദിന കരിയറില്‍ നേടിയിട്ടുള്ളത്.

ഏകദിനത്തില്‍ നിന്നും വിരമിക്കാനുള്ള തന്റെ തീരുമാനം പിന്‍വലിച്ച് കളിക്കളത്തില്‍ തിരിച്ചെത്തിയ ഗെയ്‌ലിന്റെ ആദ്യ ഏകദിന പരമ്പര ഇന്ത്യക്കെതിരെയാണ്. ആദ്യ മത്സരം ഇന്നു വൈകിട്ടാണ്.

ലോകകപ്പില്‍ എട്ട് ഇന്നിങ്‌സുകളില്‍ നിന്നായി രണ്ട് അര്‍ധസെഞ്ചുറികള്‍ മാത്രമാണ് ഗെയ്ല്‍ നേടിയത്. അതേസമയം ടൂര്‍ണമെന്റില്‍ ടോപ്‌സ്‌കോറര്‍ രോഹിതായിരുന്നു.