ടീമിലെ ആ പ്രധാന മാറ്റത്തിന് കാരണം 2021 ടി-20 ലോകകപ്പിലെ തോല്‍വി, അതിന് ശേഷം തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല: രോഹിത് ശര്‍മ
Sports News
ടീമിലെ ആ പ്രധാന മാറ്റത്തിന് കാരണം 2021 ടി-20 ലോകകപ്പിലെ തോല്‍വി, അതിന് ശേഷം തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല: രോഹിത് ശര്‍മ
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 8th August 2022, 5:04 pm

ഇന്ത്യയുടെ മോഡേണ്‍ ഡേ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനമായിരുന്നു 2021 ടി-20 ലോകകപ്പില്‍ കാഴ്ചവെച്ചത്. ആദ്യ മത്സരത്തില്‍ തന്നെ പാകിസ്ഥാനോട് തോറ്റുതുടങ്ങിയ ഇന്ത്യയ്ക്ക് മികച്ച പ്രകടനങ്ങളൊന്നും തന്നെ ടൂര്‍ണമെന്റില്‍ കാഴ്ചവെക്കാനായില്ല.

ടൂര്‍ണമെന്റില്‍ തോറ്റ് പുറത്തായ ശേഷം ടീമില്‍ വമ്പന്‍ അഴിച്ചുപണികളും ഉണ്ടായിരുന്നു.

അത്രയും നാള്‍ ക്രിക്കറ്റിനോട് വെച്ചുപുലര്‍ത്തിയ സകല മനോഭാവങ്ങളും തച്ചുതകര്‍ത്തായിരുന്നു ഇന്ത്യ പിന്നീടുള്ള മത്സരങ്ങളെ കണ്ടത്. എതിരാളികളെ ആക്രമിച്ച് കീഴ്‌പ്പെടുത്തുന്ന, അവര്‍ക്ക് മേല്‍ അധീശത്വം സ്ഥാപിക്കുന്ന ഒരു അഗ്രസ്സീവ് അപ്രോച്ചായിരുന്നു ഇന്ത്യ കൈക്കൊണ്ടത്.

ഇപ്പോഴിതാ, തങ്ങളുടെ കളിശൈലിയെ തന്നെ മാറ്റി മറിച്ചതിനുള്ള കാരണം വിശദമാക്കുകയാണ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ.

‘ഇന്ത്യയ്ക്ക് മികച്ച പ്രകടനം നടത്താന്‍ സാധിക്കാതിരുന്ന 2021 ദുബായ് ടി-20 ലോകകപ്പിന് ശേഷം ഞങ്ങള്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.

ഞങ്ങളുടെ ഓരോ മത്സരവും എങ്ങനെ കളിക്കുന്നു, കളിയോടുള്ള ഞങ്ങളുടെ അപ്രോച്ച് ഇതിലെല്ലാം ഒരു മാറ്റം ആവശ്യമാണെന്ന് ഞങ്ങള്‍ക്ക് തോന്നിയിരുന്നു,’ രോഹിത് ശര്‍മ പറയുന്നു.

രോഹിത്തിന്റെ വാക്കുകള്‍ അക്ഷരാര്‍ത്ഥത്തില്‍ നടപ്പിലാക്കുന്ന പ്രകടനമായിരുന്നു തുടര്‍ന്നങ്ങോട്ട് ഇന്ത്യ നടത്തിയത്. കളിയിലും കളി രീതിയിലും വന്ന മാറ്റം ഇന്ത്യയെ പോസിറ്റീവായി തന്നെയാണ് ബാധിച്ചിട്ടുള്ളത്.

ടീം സെലക്ഷനിലും ഈ അപ്രോച്ച് പ്രകടമായി തന്നെ കാണാമായിരുന്നു. അറ്റാക്കിങ് ഗെയിമിന്റെ മനോഹാരിതയായിരുന്നു തുടര്‍ന്നുള്ള ഓരോ മത്സരങ്ങളും.

 

വിന്‍ഡീസിനെതിരായ കഴിഞ്ഞ പരമ്പരിയിലും ഇതേ മനോഭാവമായിരുന്നു ഇന്ത്യ പുറത്തെടുത്തത്. എണ്ണം പറഞ്ഞ ഷോട്ടുകളും മൂളിപ്പറക്കുന്ന സീമറുകളും കുത്തിത്തിരിപ്പന്‍ സ്പിന്നറുമായി ഇന്ത്യന്‍ താരങ്ങള്‍ കളം നിറഞ്ഞാടി.

വരാനിരിക്കുന്ന രണ്ട് മേജര്‍ ടൂര്‍ണമെന്റിലും ഇന്ത്യ ഇതേ ആറ്റിറ്റിയൂഡ് തന്നെയാവും പുറത്തെടുക്കുക. ഏഷ്യാ കപ്പിലും ടി-20 ലോകകപ്പിലും ഇന്ത്യ എതിരാളികളെ അറ്റാക്ക് ചെയ്ത് തന്നെയാവും കളിക്കുക എന്ന കാര്യവും ഉറപ്പാണ്.

 

Content Highlight: Rohit Sharma about team India’s attitude after 2021 T20 World Cup