പുറത്തായത് ആദ്യ ഓവറിലെ അഞ്ചാം പന്തില്‍; എന്നിട്ടും തകര്‍ത്തത് രണ്ട് സൂപ്പര്‍ താരങ്ങളുടെ റെക്കോഡുകള്‍; രോഹിത് ശര്‍മയ്ക്ക് ഇന്നു നേട്ടങ്ങളുടെ ദിനം
Cricket
പുറത്തായത് ആദ്യ ഓവറിലെ അഞ്ചാം പന്തില്‍; എന്നിട്ടും തകര്‍ത്തത് രണ്ട് സൂപ്പര്‍ താരങ്ങളുടെ റെക്കോഡുകള്‍; രോഹിത് ശര്‍മയ്ക്ക് ഇന്നു നേട്ടങ്ങളുടെ ദിനം
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 3rd November 2019, 9:43 pm

ന്യൂദല്‍ഹി: ഒരൊറ്റ മത്സരത്തില്‍ത്തന്നെ രണ്ട് റെക്കോഡുകള്‍ സ്വന്തമാക്കാനായതിന്റെ സന്തോഷത്തിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം രോഹിത് ശര്‍മ. ബംഗ്ലാദേശിനെതിരായ ആദ്യ ട്വന്റി-20 മത്സരത്തില്‍ ക്യാപ്റ്റനായതിനു പിന്നാലെ മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോനിയുടെയും വിശ്രമത്തിലുള്ള ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെയും റെക്കോഡുകളാണ് താരം മറികടന്നത്.

ഇന്ത്യക്കു വേണ്ടി ഏറ്റവുമധികം ട്വന്റി-20 മത്സരങ്ങള്‍ കളിക്കുന്ന താരമെന്ന റെക്കോഡാണു കളിക്കളത്തിലിറങ്ങും മുന്‍പേ രോഹിത് സ്വന്തമാക്കിയത്. 99-ാം ട്വന്റി-20 മത്സരത്തിലാണ് രോഹിത് ഇന്നു കളിച്ചത്. 98 മത്സരങ്ങള്‍ കളിച്ച ധോനിയുടെ റെക്കോഡാണ് മറികടന്നത്.

കളത്തിലിറങ്ങി റണ്‍സെടുക്കാന്‍ തുടങ്ങിയതോടെ കോഹ്‌ലിയുടെയും റെക്കോഡ് രോഹിത് മറികടന്നു. അന്താരാഷ്ട്ര ട്വന്റി-20 മത്സരങ്ങളില്‍ ഏറ്റവുമധികം റണ്‍സെടുത്ത താരമെന്ന റെക്കോഡാണ് എട്ട് റണ്‍സ് കൂടി അക്കൗണ്ടില്‍ കൂട്ടിച്ചേര്‍ത്ത് രോഹിത് സ്വന്തമാക്കിയത്. 2,450 റണ്‍സാണ് രോഹിതിനുള്ളത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

എന്നാല്‍ രണ്ടാം റെക്കോഡ് സ്വന്തമാക്കിയ ശേഷം ഉടന്‍തന്നെ രോഹിത് (9) പുറത്തായി. ഷഫിയുള്‍ ഇസ്‌ലാമിന്റെ പന്തില്‍ ആദ്യ ഓവറിലെ അഞ്ചാം പന്തിലാണ് രോഹിത് പുറത്തായത്.

ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര ട്വന്റി-20 മത്സങ്ങള്‍ കളിച്ച താരങ്ങളുടെ പട്ടികയില്‍ രോഹിത് രണ്ടാം സ്ഥാനത്തെത്തിയിട്ടുമുണ്ട്. പാക്കിസ്ഥാന്‍ മുന്‍ ക്യാപ്റ്റന്‍ ഷാഹിദ് അഫ്രീദിയും രണ്ടാം സ്ഥാനത്തുണ്ട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ മികച്ച ഫോമിലായിരുന്ന താരം, 529 റണ്‍സാണു നേടിയത്. അതില്‍ ആദ്യ ഡബിള്‍ സെഞ്ചുറിയും ഉള്‍പ്പെടും.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി-20 പരമ്പരയില്‍ കോഹ്‌ലിക്കു വിശ്രമം അനുവദിച്ചതോടെയാണ് രോഹിത് ക്യാപ്റ്റന്‍ സ്ഥാനത്തെത്തിയത്.