എഡിറ്റര്‍
എഡിറ്റര്‍
റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ നാടുകടത്തും: കേന്ദ്രം
എഡിറ്റര്‍
Tuesday 5th September 2017 7:09pm

 


ന്യൂദല്‍ഹി: റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ ഇന്ത്യയില്‍ നിന്നും പോകണമെന്ന് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്രമന്ത്രിമാരായ ജിതേന്ദ്ര സിങും കിരണ്‍ റിജിജുവുമാണ് ഇക്കാര്യത്തില്‍ പ്രതികരണമിറക്കിയത്.

റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ യു.എന്‍ മനുഷ്യാവകാശകമ്മീഷന് കീഴില്‍ രജിസ്റ്റര്‍ ചെയ്തവരാണെങ്കിലും അല്ലെങ്കിലും ശരി. ഇന്ത്യയെ സംബന്ധിച്ചെടുത്തോളം നിയമവിരുദ്ധ കുടിയേറ്റക്കാരാണവര്‍. ലോകത്ത് ഏറ്റവും കൂടുതല്‍ അഭയാര്‍ത്ഥികളെ സ്വീകരിച്ച രാജ്യമാണ് ഇന്ത്യ. അത് കൊണ്ട് അഭയാര്‍ത്ഥികളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഇന്ത്യയെ പഠിപ്പിക്കേണ്ട. റിജിജു പറഞ്ഞു.

അഭയാര്‍ത്ഥികളെ നാടുകടത്താനുള്ള നടപടികള്‍ ആരംഭിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കിയുട്ടുണ്ടെന്നും റിജിജു പറഞ്ഞു.

 

റോഹിങ്ക്യകള്‍ പോകണമെന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിനും ഉറച്ച നിലപാടാണെന്ന് ജിതേന്ദ്ര സിങ് പറഞ്ഞു. കശ്മീരിലേതടക്കമുള്ള റോഹിങ്ക്യന്‍ അഭയാര്‍ത്ഥി ക്യാമ്പുകള്‍ നിയമവിരുദ്ധമാണെന്നും ഇവരെല്ലാം സ്വന്തം നാട്ടിലേക്ക് തിരിച്ചു പോകണമെന്നും ജിതേന്ദ്ര സിങ് പറഞ്ഞു.

വിദേശ പര്യടനത്തിന്റെ ഭാഗമായി മ്യാന്‍മാറിലുള്ള പ്രധാനമന്ത്രി മോദി നാളെ ഓങ് സാങ് സൂകിയുമായി ചര്‍ച്ച നടത്തുന്നതിന് മുന്നേയാണ് കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നുള്ള നടപടി.

അതേ സമയം നാടുകടത്തലിനെതിരെ റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ നല്‍കിയ പരാതി സുപ്രീംകോടതി പരിഗണനയിലാണ്.

Advertisement