എഡിറ്റര്‍
എഡിറ്റര്‍
ഈദ് ദിനത്തില്‍ പോത്തിനെ അറുക്കാന്‍ ശ്രമിച്ചെന്ന് ആരോപണം: ദല്‍ഹിയില്‍ റോഹിഗ്യന്‍ മുസ്‌ലീങ്ങളെ തല്ലിച്ചതച്ച് ഗോരക്ഷകര്‍
എഡിറ്റര്‍
Sunday 3rd September 2017 12:43pm

ന്യൂദല്‍ഹി: ഈദ് ദിനത്തില്‍ പോത്തിനെ അറുക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് ദല്‍ഹിയില്‍ റോഹിംഗ്യാ കുടുംബത്തിന് നേരെ ആക്രമണം. ഹരിയാനയിലെ ഫരീദാബാദ് ജില്ലയില്‍ നിന്നെത്തിയ കുടുംബത്തിന് നേരെയാണ് ആക്രമണം. വെള്ളിയാഴ്ചയോടെയാണ് ആക്രമണത്തിന് തുടക്കം.

വീടിന് സമീപത്തുള്ള മരത്തില്‍ പോത്തിനെ കെട്ടിയിട്ടത് ചോദ്യം ചെയ്യാനെത്തിയ ചിലരാണ് ഇവരെ മര്‍ദ്ദിച്ചത്. ”അവര്‍ ആദ്യം പോത്തിനെ അഴിച്ചുകൊണ്ടുപോകാന്‍ ശ്രമിച്ചു. അത് തടഞ്ഞപ്പോള്‍ അതിനെ വില്‍ക്കണമെന്നായി. അതിന് കഴിയില്ലെന്നും ഇല്ലാത്ത പണം മുടക്കിയാണ് ഞങ്ങള്‍ ഇതിനെ വാങ്ങിയതെന്നും ഈദ് ദിനത്തില്‍ ബലിനല്‍കാനായാണ് ഞങ്ങള്‍ ഇതിനെ വാങ്ങിച്ചതെന്നും അവരോട് പറഞ്ഞു.

എന്നാല്‍ പോത്തിനെ കൊല്ലുന്നത് ഒരു തരത്തിലും അനുവദിക്കില്ലെന്നും എന്തുവിലകൊടുത്തും അത് തടയുമെന്നും അവര്‍ പറയുകയായിരുന്നു. ഇത് കേട്ട് ഭയന്ന തങ്ങള്‍ ഇതിന്റെ പേരില്‍ പ്രശ്‌നമൊന്നും ഉണ്ടാക്കേണ്ട് കരുതി അതിനെ ചന്തയില്‍ കൊണ്ടുപോയി വില്‍ക്കാന്‍ തീരുമാനിച്ചു. അതേ ദിവസം വൈകീട്ട് 5 മണിയോടെ ചന്തയിലെത്തിയപ്പോള്‍ പത്ത് പതിനഞ്ചോളം ആളുകള്‍ വടിയും ആയുധങ്ങളുമായി എത്തി ആക്രമിക്കുകയായിരുന്നു.


Dont Miss അബദ്ധത്തില്‍ പശുക്കിടാവിനെ കൊന്ന വൃദ്ധയോട് ഭിക്ഷയാചിക്കാന്‍ ഉത്തരവിട്ട് ജാതി പഞ്ചായത്ത്


പോത്തിനെ ബലമായി പിടിച്ചെടുത്ത ശേഷമായിരുന്നു ഇവര്‍ മര്‍ദ്ദനം തുടങ്ങിയത്. കൂട്ടത്തിലുള്ള പുരുഷന്‍മാരെ രക്ഷിക്കാനായി ശ്രമിച്ചസ്ത്രീകളുടെ വസ്ത്രങ്ങള്‍ പിച്ചിച്ചീന്തുകയും ചെയ്തു. അതിന് ശേഷമായിരുന്നു മര്‍ദ്ദനം. – റോഹിംഗ്യന്‍ ആയ മുഹമ്മദ് ജാമില്‍ പറയുന്നു.

ലാത്തിയും ഇരുമ്പുദണ്ഡും ഉപയോഗിച്ചായിരുന്നു മര്‍ദ്ദനം. നടന്ന സംഭവത്തെ കുറിച്ച് പൊലീസില്‍ പരാതിയോ മറ്റോ നല്‍കിയാല്‍ ആ രാത്രി തന്നെ കൊന്നുകളയുമെന്ന് അവര്‍ ഭീഷണിപ്പെടുത്തുകയും ചെയ്തതായും ഇദ്ദേഹം പറയുന്നു.

ക്രൂരമായി മര്‍ദ്ദനമേറ്റ ഇവരെ സമീപവാസികളും അയല്‍ക്കാരുംചേര്‍ന്ന് ബല്ലാബ്ഗര്‍ സിവില്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. കാലിനും പിറകുവശത്തുമാണ് പലര്‍ക്കും മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെങ്കിലും പ്രതികളെ തിരിച്ചറിയാനായിട്ടില്ലെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം. പ്രതികളെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ലെന്നും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായും പൊലീസ് കമ്മീഷണര്‍ ഹനീഫ് ഖുറേഷി പറഞ്ഞു.

Advertisement